സതാംപ്ടണ്‍: ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യ ലോകകപ്പിനിറങ്ങിയിരിക്കുകയാണ്. വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യ ലോകകപ്പ് ഉയര്‍ത്താന്‍ സാധ്യതയുള്ള ടീമുകളിലൊന്നാണ്. നായകനെന്ന നിലയില്‍ വിരാട് കോഹ്ലിയ്ക്ക് ഏറെ നിര്‍ണായകമാണ് ലോകകപ്പ്. അതേസമയം, ഓപ്പണര്‍ രോഹിത് ശര്‍മ്മയ്ക്കും ഇന്നത്തെ മത്സരം പ്രധാനപ്പെട്ടതാണ്.

ചരിത്രം കുറിക്കാനുള്ള അവസരമാണ് രോഹിത് ശര്‍മ്മയ്ക്ക് മുന്നിലുള്ളത്. നിലവില്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ 11926 റണ്‍സാണ് രോഹിത്തിന് സ്വന്തമായിട്ടുള്ളത്. 74 റണ്‍സ് കൂടി എടുക്കാനായാല്‍ രോഹിത്തിന് 12000 അന്താരാഷ്ട്ര റണ്‍സുകളെന്ന നാഴികക്കല്ല് പിന്നിടാനാകും. നിലവില്‍ സച്ചിന്‍, രാഹുല്‍ ദ്രാവിഡ്, വിരാട് കോഹ്‌ലി, സൗരവ്വ് ഗാംഗുലി, എംഎസ് ധോണി, വിരേന്ദര്‍ സെവാഗ്, മുഹമ്മദ് അസ്ഹറുദ്ദീന്‍, സുനില്‍ ഗവാസ്‌കര്‍ എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള ഇന്ത്യന്‍ താരങ്ങള്‍.

Read More: India vs South Africa World Cup 2019: ദക്ഷിണാഫ്രിക്കയ്ക്ക് ഓപ്പണർമാരെ നഷ്ടമായി; രണ്ട് വിക്കറ്റുകളും ബുംറയ്ക്ക്

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി നയിക്കുന്ന ഏകദിന ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ രണ്ടാമതാണ് രോഹിത്തിന്റെ സ്ഥാനം. നിലവില്‍ മൂന്ന് എകദിന ഡബിള്‍ സെഞ്ചുറികളുള്ള ലോകത്തിലെ എക താരമാണ് രോഹിത് ശര്‍മ്മ. ഹിറ്റ്മാനില്‍ നിന്നും റണ്‍മഴ തന്നെയാണ് ആരാധകര്‍ ലോകകപ്പില്‍ പ്രതീക്ഷിക്കുന്നത്.

ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോഹ്ലിയ്ക്ക ഏറെ നിര്‍ണായകമാണ് ലോകകപ്പ്. ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാനായ വിരാടിന് നായകനെന്ന നിലയില്‍ തന്നെ അടയാളപ്പെടുത്താനുള്ള അവസരം കൂടിയാണിത്. മറുവശത്തുള്ള ദക്ഷിണാഫ്രിക്കയാകട്ടെ പരുക്കും താരങ്ങളുടെ ഫോമല്ലായ്മയും അടക്കം മോശം സമയത്തിലൂടെയാണ് കടന്നു പോകുന്നത്. പക്ഷെ കഴിഞ്ഞ രണ്ട് കളികളിലും പരാജയപ്പെട്ടെന്ന് കരുതി ദക്ഷിണാഫ്രിക്കയെ ഒരിക്കലും എഴുതിത്തള്ളാനാകില്ല.

ഇന്ത്യയെ സംബന്ധിച്ച് നായകന്‍ വിരാട് കോഹ്‌ലി തന്നെയാണ് ബാറ്റിങ്ങിലെ കരുത്ത്. അതേസമയം, ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും നല്‍കുന്ന തുടക്കം അനുസരിച്ചിരിക്കും ഇന്ത്യയുടെ മുന്നോട്ട് പോക്ക്. ഇന്ത്യ ഏറ്റവും കൂടുതല്‍ ആശങ്കപ്പെട്ടത് നാലാം നമ്പറില്‍ ആരിറങ്ങും എന്നതിനെ ചൊല്ലിയായിരുന്നു. പക്ഷെ സന്നാഹ മത്സരത്തിലെ പ്രകടനത്തിലൂടെ കെഎല്‍ രാഹുല്‍ ആ സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്.

ജസ്പ്രീത് ബുംറ നയിക്കുന്ന പേസ് നിരയാണ് ഇന്ത്യയുടെ കരുത്ത്. ബുംറ ഈ ലോകകപ്പില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടാന്‍ പോകുന്ന താരമായാണ് വിലയിരുത്തപ്പെടുന്നത്. ബുംറയുടെ ഡെത്ത് ഓവറുകളിലെ പ്രകടനം ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായിരിക്കും. അതേസമയം, ഹാര്‍ദ്ദിക് പാണ്ഡ്യയുടേയും പ്രകടനത്തേയും പ്രതീക്ഷയോടെയാണ് ഇന്ത്യ നോക്കി കാണുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook