ICC World Cup 2019: ഓവല്‍: ഇംഗ്ലണ്ട് ഉയര്‍ത്തിയ റണ്‍മല താണ്ടാനാവാതെ ദക്ഷിണാഫ്രിക്ക. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിന് 104 റണ്‍സിന്റെ വിജയം. 312 എന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ദക്ഷിണാഫ്രിക്ക 207 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ജോഫ്ര ആര്‍ച്ചറുടെ ബോളിങ് പ്രകടനമാണ് ഇംഗ്ലണ്ടിന് വന്‍ വിജയമൊരുക്കിയത്.
ഓപ്പണ്‍ ക്വിന്റണ്‍ ഡികോക്കാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ആറ് ഫോറും രണ്ട് സിക്‌സുമടക്കം 68 റണ്‍സാണ് ഡികോക്ക് നേടിയത്. തുടക്കത്തില്‍ പരുക്കേറ്റ് അംല മടങ്ങിയതും പോര്‍ട്ടിയാസിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി നല്‍കി. നായകന്‍ ഡുപ്ലെസിസ് അഞ്ച് റണ്‍സ് മാത്രമാണെടുത്തത്. അംല മടങ്ങിയപ്പോള്‍ വന്ന മാര്‍ക്ക്രം 11 റണ്‍സാണെടുത്തത്.
Read More: ആര്‍ച്ചറുടെ ബൗണ്‍സര്‍ തലയ്ക്ക് കൊണ്ടു; ഹാഷിം അംല ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി
കളി കൈവിട്ടെന്ന് കരുതിയപ്പോള്‍ മധ്യനിരയില്‍ വാന്‍ ഡെര്‍ ഡസന്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഊര്‍ജം പകര്‍ന്നു. ഒരു സിക്‌സ്, നാല് ഫോര്‍ എന്നിങ്ങനെ അടിച്ച ഡസന്‍ അര്‍ധ സെഞ്ചുറി നേടിയതിന് പിന്നാലെ പുറത്തായി. വാലറ്റത്ത് ഫെഹ്‌ലുക്വായോ 24 റണ്‍സുമായി ഡെസന് പിന്തുണ നല്‍കി. ഒടുവില്‍ അംല തിരികെ വന്നെങ്കിലും ജയം അസാധ്യമായിരുന്നു.
മൂന്ന് വിക്കറ്റുകളാണ് ആര്‍ച്ചര്‍ വീഴ്ത്തിയത്. ബാറ്റിങ്ങില്‍ തിളങ്ങിയ സ്‌റ്റോക്‌സ് പന്തുകൊണ്ടും താരമായി. രണ്ട് പേരെയാണ് സ്റ്റോക്‌സ് പുറത്താക്കിയത്. മാസ്മരികമായൊരു ക്യാച്ചും സ്റ്റോക്‌സ് എടുത്തിരുന്നു. ലിയാം പ്ലങ്കറ്റും രണ്ട് വിക്കറ്റ് വീഴ്ത്തി. ആദില്‍ റാഷിദും മോയിന്‍ അലിയും ഓരോ വിക്കറ്റ് വീഴ്ത്തി.
എട്ട് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലെസിസ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ഡുപ്ലെസിസ് ആദ്യ ഓവര്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിറിന് നല്‍കി. ക്യാപ്റ്റന്റെ തീരുമാനം തെറ്റായില്ലെന്ന് രണ്ടാം പന്തില്‍ തന്ന താഹിര്‍ കാണിച്ചു കൊടുത്തു. ബെയര്‍സ്റ്റോ ഗോള്‍ഡന്‍ ഡക്ക്. ഇതോടെ ദക്ഷിണാഫ്രിക്ക കളിയുടെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് തോന്നിപ്പിച്ചു. പക്ഷെ വിക്കറ്റുകള്‍ വീഴുന്നത് ശ്രദ്ധിക്കാതെ കളിക്കുന്ന ശൈലി ഇംഗ്ലണ്ട് ആവര്‍ത്തിച്ചു.
അടുത്തത്തടുത്ത പന്തുകളില്‍ അര്‍ധ സെഞ്ചുറികള്‍ നേടിയ റോയിയും ജോ റൂട്ടും ഇംഗ്ലണ്ടിനെ അനായാസം കളിയിലേക്ക് തിരികെ കൊണ്ടു വന്നു. ലോകകപ്പിലെ ആദ്യ അര്‍ധ സെഞ്ചുറി നേടിയ റോയി 53 പന്തില്‍ 54 റണ്‍സ് നേടി. എട്ട് ഫോറടങ്ങുന്നതായിരുന്നു റോയിയുടെ ഇന്നിങ്‌സ്. റൂട്ട് 59 പന്തുകളില്‍ നിന്നും അഞ്ച് ഫോറടക്കം 51 റണ്‍സ് നേടി. ഇരുവരും പുറത്തായതോടെ ആ റോളിലേക്ക് നായകന്‍ ഇയാന്‍ മോര്‍ഗനും ബെന്‍ സ്‌റ്റോക്ക്‌സുമെത്തി.
Also Read: ‘ത്രിമൂര്‍ത്തികള്‍ ഒത്തുചേര്‍ന്നു, ഇത്തവണ കമന്ററി ബോക്‌സില്‍’; ഹൃദയം തൊട്ട് സെവാഗിന്റെ ട്വീറ്റ്
മുന്നില്‍ നിന്ന് നയിച്ച നായകന്‍ മൂന്ന് സിക്‌സും നാല് ഫോറും അടക്കം 57 റണ്‍സാണ് നേടിയത്. മറുവശത്തുണ്ടായിരുന്ന ബെന്‍ സ്‌റ്റോക്കസും ദക്ഷിണാഫ്രക്കന്‍ ബോളര്‍മാരെ വെളളം കുടിപ്പിച്ചു. അര്‍ധ സെഞ്ചുറിക്ക് പിന്നാലെ മോര്‍ഗന്‍ പുറത്തായെങ്കിലും സ്റ്റോക്ക്‌സ് കുലുങ്ങിയില്ല. ഒമ്പത് ഫോറുകള്‍ അടിച്ച സ്‌റ്റോക്ക്‌സ് 89 റണ്‍സാണ് നേടിയത്.
വെടിക്കെട്ട് താരം ജോസ് ബട്ട്‌ലറിന് ഇന്ന് തിളങ്ങാനായില്ല. താരം 18 റണ്‍സ് മാത്രമാണ് നേടിയത്. മോയിന്‍ അലിക്ക് രണ്ടക്കം കടക്കാനായില്ല. ക്രിസ് വോക്‌സ് 13 റണ്‍സുമെടുത്ത് പുറത്തായി. വിക്കറ്റുകള്‍ വീഴുന്നത് ഗൗനിക്കാതെ ബാറ്റ് വീശിയ സ്റ്റോക്ക്‌സ് ഇംഗ്ലണ്ടിനെ 300 കടത്തി. ഇതിനിടെ പരുക്ക് വില്ലനായെത്തിയെങ്കിലും താരം ആക്രമണം തുടര്‍ന്നു. ഒടുവില്‍ സെഞ്ചുറിക്ക് 11 റണ്‍സകലെ സ്‌റ്റോക്ക്‌സിനെ എന്‍ഗിഡി പുറത്താക്കുകയായിരുന്നു.