ഓവല്‍: ലോകകപ്പിന് മുമ്പ് നടന്ന മത്സരങ്ങളിലെ ശൈലി ലോകകപ്പിലും ആവര്‍ത്തിച്ച് ഇംഗ്ലണ്ട്. ആദ്യ ഓവറില്‍ ജോണി ബെയര്‍സ്‌റ്റോയെ നഷ്ടമായിട്ടും യാതൊരു കുലുക്കവുമില്ലാതെ ബാറ്റ് ചെയ്ത ജെയ്‌സന്‍ റോയിയും ജോ റൂട്ടും പാകിയ ഉറച്ച അടിത്തറയില്‍ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തുകയായിരുന്നു. 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്.

ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലെസിസ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ഡുപ്ലെസിസ് ആദ്യ ഓവര്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിറിന് നല്‍കി. ക്യാപ്റ്റന്റെ തീരുമാനം തെറ്റായില്ലെന്ന് രണ്ടാം പന്തില്‍ തന്ന താഹിര്‍ കാണിച്ചു കൊടുത്തു. ബെയര്‍‌സ്റ്റോ ഗോള്‍ഡന്‍ ഡക്ക്. ഇതോടെ ദക്ഷിണാഫ്രിക്ക കളിയുടെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് തോന്നിപ്പിച്ചു. പക്ഷെ വിക്കറ്റുകള്‍ വീഴുന്നത് ശ്രദ്ധിക്കാതെ കളിക്കുന്ന ശൈലി ഇംഗ്ലണ്ട് ആവര്‍ത്തിച്ചു.

Read More: ICC World Cup 2019: ആദ്യ ഓവറില്‍ ഞെട്ടിച്ചും ചരിത്രം കുറിച്ചും ഇമ്രാന്‍ താഹിര്‍

അടുത്തത്തടുത്ത പന്തുകളില്‍ അര്‍ധ സെഞ്ചുറികള്‍ നേടിയ റോയിയും ജോ റൂട്ടും ഇംഗ്ലണ്ടിനെ അനായാസം കളിയിലേക്ക് തിരികെ കൊണ്ടു വന്നു. ലോകകപ്പിലെ ആദ്യ അര്‍ധ സെഞ്ചുറി നേടിയ റോയി 53 പന്തില്‍ 54 റണ്‍സ് നേടി. എട്ട് ഫോറടങ്ങുന്നതായിരുന്നു റോയിയുടെ ഇന്നിങ്‌സ്. റൂട്ട് 59 പന്തുകളില്‍ നിന്നും അഞ്ച് ഫോറടക്കം 51 റണ്‍സ് നേടി. ഇരുവരും പുറത്തായതോടെ ആ റോളിലേക്ക് നായകന്‍ ഇയാന്‍ മോര്‍ഗനും ബെന്‍ സ്‌റ്റോക്ക്‌സുമെത്തി.

മുന്നില്‍ നിന്ന് നയിച്ച നായകന്‍ മൂന്ന് സിക്‌സും നാല് ഫോറും അടക്കം 57 റണ്‍സാണ് നേടിയത്. മറുവശത്തുണ്ടായിരുന്ന ബെന്‍ സ്‌റ്റോക്കസും ദക്ഷിണാഫ്രക്കന്‍ ബോളര്‍മാരെ വെളളം കുടിപ്പിച്ചു. അര്‍ധ സെഞ്ചുറിക്ക് പിന്നാലെ മോര്‍ഗന്‍ പുറത്തായെങ്കിലും സ്റ്റോക്ക്‌സ് കുലുങ്ങിയില്ല. ഒമ്പത് ഫോറുകള്‍ അടിച്ച സ്‌റ്റോക്ക്‌സ് 89 റണ്‍സാണ് നേടിയത്.

വെടിക്കെട്ട് താരം ജോസ് ബട്ട്‌ലറിന് ഇന്ന് തിളങ്ങാനായില്ല. താരം 18 റണ്‍സ് മാത്രമാണ് നേടിയത്. മോയിന്‍ അലിക്ക് രണ്ടക്കം കടക്കാനായില്ല. ക്രിസ് വോക്‌സ് 13 റണ്‍സുമെടുത്ത് പുറത്തായി. വിക്കറ്റുകള്‍ വീഴുന്നത് ഗൗനിക്കാതെ ബാറ്റ് വീശിയ സ്റ്റോക്ക്‌സ് ഇംഗ്ലണ്ടിനെ 300 കടത്തി. ഇതിനിടെ പരുക്ക് വില്ലനായെത്തിയെങ്കിലും താരം ആക്രമണം തുടര്‍ന്നു. ഒടുവില്‍ സെഞ്ചുറിക്ക് 11 റണ്‍സകലെ സ്‌റ്റോക്ക്‌സിനെ എന്‍ഗിഡി പുറത്താക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കായി ലുങ്കി എന്‍ഗിഡി മൂന്ന് വിക്കറ്റും മുന്‍ നിര ബോളര്‍മാരയ കഗിസോ റബാഡ, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അതേസമയം റണ്‍ ഒഴുക്ക് തടയാന്‍ ആര്‍ക്കും സാധിച്ചില്ല. താഹിര്‍ 61 റണ്‍സും എന്‍ഗിഡി 66 റണ്‍സുമാണ് വഴങ്ങിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook