ഓവല്‍: ബെന്‍ സ്റ്റോക്സിന്റെ ഓള് റൗണ്ട് പ്രകടനത്തിന്റെ കരുത്തിലാണ് ഇംഗ്ലണ്ട് ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കിയത്. ബാറ്റു കൊണ്ടും പന്തും കൊണ്ടും തിളങ്ങിയ സ്റ്റോക്സ് ഫീല്‍ഡിലും നിറഞ്ഞു നിന്നതോടെ ഇംഗ്ലണ്ടിന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ 104 റണ്‍സിന്റെ വിജയം. ഓള് റൗണ്ട് പ്രകടനത്തിന് സ്റ്റോക്സ് കളിയിലെ താരവുമായി മാറി.
നാല് അര്‍ധ സെഞ്ചുറികളും രണ്ട് സെഞ്ചുറി കൂട്ടുകെട്ടും പിറന്ന ഇംഗ്ലണ്ട് ഇന്നിങ്സില്‍ ടോപ്പ് സ്കോറര്‍ സ്റ്റോക്സാണ്. 89 റണ്‍സാണ് താരം നേടിയത്. രണ്ട് വിക്കറ്റുകളും നേടി. കൂടാതെ രണ്ട് തകര്‍പ്പന്‍ ക്യാച്ചുകളും സ്റ്റോക്സ് എടുത്തു. 61 പന്തുകള്‍ ബാക്കി നില്‍ക്കെയായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. ഈ പ്രകടനം സ്റ്റോക്സിന് പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് മാത്രമല്ല ഒരു റെക്കോര്‍ഡും സ്വന്തമായി.
Read More: ‘നിങ്ങള്‍ക്കിത് വിശ്വസിക്കാമോ…!’; എക്കാലത്തേയും മികച്ച ക്യാച്ചുമായി സ്റ്റോക്സ്
23 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡിനൊപ്പമാണ് സ്റ്റോക്സ് ഇന്നലെ എത്തിയത്. 80 ല്‍ കൂടുതല്‍ റണ്‍സും രണ്ട് വിക്കറ്റും നേടുകയും രണ്ട് ക്യാച്ച് എടുക്കുകയും ചെയ്താണ് സ്റ്റോക്സ് ഈ റെക്കോര്‍ഡ് നേടിയത്. നേരത്തെ ഈ നേട്ടം കരസ്ഥമാക്കിയത് ശ്രീലങ്കയുടെ അരവിന്ദ ഡിസില്‍വയായിരുന്നു. 1996 ലെ ലോകകപ്പിന്റെ ഫൈനലില്‍ ഓസ്ട്രേലിയയ്ക്കെതിരെയായിരുന്നു ലങ്കന്‍ ഇതിഹാസ താരത്തിന്റെ ഓള് റൗണ്ട് പ്രകടനം.
ഡിസില്‍വ 107 റണ്‍സും രണ്ട് ക്യാച്ചും മൂന്ന് വിക്കറ്റുമായിരുന്നു അന്ന് നേടിയത്. ഈ പട്ടികയില്‍ ഒന്നാമതുള്ളത് ഇന്ത്യയുടെ ഇതിഹാസ താരം കപില്‍ ദേവാണ്. കപില്‍ 1983 ല്‍ സിംബാവെയ്ക്കെതിരെ 175 റണ്‍സും രണ്ട് ക്യാച്ചും ഒരു വിക്കറ്റുമാണ് നേടിയത്.
Ben Stokes with the bat, Ben Stokes with the ball, Ben Stokes on the field!
No question about who's the Player of the Match in the #CWC19 opener #ENGvSA #WeAreEngland pic.twitter.com/2pZwa10xEt
— Cricket World Cup (@cricketworldcup) May 30, 2019
ഇംഗ്ലണ്ടിനെതിരെ 312 എന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ദക്ഷിണാഫ്രിക്ക 207 റണ്‍സിന് ഓള് ഔട്ടാവുകയായിരുന്നു. ജോഫ്ര ആര്‍ച്ചറുടെ ബോളിങ് പ്രകടനമാണ് ഇംഗ്ലണ്ടിന് വന്‍ വിജയമൊരുക്കിയത്.
ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്കാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. ആറ് ഫോറും രണ്ട് സിക്സുമടക്കം 68 റണ്‍സാണ് ഡികോക്ക് നേടിയത്. തുടക്കത്തില്‍ പരുക്കേറ്റ് അംല മടങ്ങിയതും പോര്‍ട്ടിയാസിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി നല്കി. നായകന് ഡുപ്ലെസിസ് അഞ്ച് റണ്‍സ് മാത്രമാണെടുത്തത്. അംല മടങ്ങിയപ്പോള്‍ വന്ന മാര്ക്ക്രം 11 റണ്‍സാണെടുത്തത്.
Also Read: ICC World Cup 2019: സ്റ്റോക്സ് തകർത്തടിച്ചു, ആർച്ചർ തീപന്തമായി; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇംഗ്ലണ്ട്
കളി കൈവിട്ടെന്ന് കരുതിയപ്പോള്‍ മധ്യനിരയില്‍ വാന്‍ ഡെര്‍ ഡസന്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഊര്‍ജം പകര്‍ന്നു. ഒരു സിക്സ്, നാല് ഫോര്‍ എന്നിങ്ങനെ അടിച്ച ഡസന്‍ അര്‍ധ സെഞ്ചുറി നേടിയതിന് പിന്നാലെ പുറത്തായി. വാലറ്റത്ത് ഫെഹ്ലുക്വായോ 24 റണ്‍സുമായി ഡെസന് പിന്തുണ നല്കി.
മൂന്ന് വിക്കറ്റുകളാണ് ആര്‍ച്ചര്‍ വീഴ്ത്തിയത്. ബാറ്റിങ്ങില്‍ തിളങ്ങിയ സ്റ്റോക്സ് പന്തുകൊണ്ടും താരമായി. രണ്ട് പേരെയാണ് സ്റ്റോക്സ് പുറത്താക്കിയത്. മാസ്മരികമായൊരു ക്യാച്ചും സ്റ്റോക്സ് എടുത്തിരുന്നു. ലിയാം പ്ലങ്കറ്റും രണ്ട് വിക്കറ്റ് വീഴ്ത്തി. ആദില്‍ റാഷിദും മോയിന്‍ അലിയും ഓരോ വിക്കറ്റ് വീഴ്ത്തി.