ഓവല്‍: തങ്ങളുടെ റെക്കോര്‍ഡ് ടോട്ടല്‍ നേടി ദക്ഷിണാഫ്രിക്കയെ വെല്ലുവിളിക്കുമ്പോഴും ബംഗ്ലാദേശ് കളി ജയിക്കുമെന്ന് ഉറച്ചു വിശ്വസിച്ചവര്‍ കുറവായിരിക്കും. കാരണം എതിരാളികള്‍ ചില്ലറക്കാരല്ലെന്നതു തന്നെ. റെക്കോര്‍ഡ് ടോട്ടലുകള്‍ പിന്തുടര്‍ന്ന് ജയിക്കുന്നത് പതിവാക്കിയവരായിരുന്നു ദക്ഷിണാഫ്രിക്ക. പക്ഷെ ഇന്ന് ബംഗ്ലാദേശിന്റെ പോരാട്ട വീര്യത്തിന് മറുപടി പറയാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചില്ല. ബംഗ്ലാദേശ് ഉയര്‍ത്തിയ 331 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്‌സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 309 റണ്‍സുമായി അവസാനിച്ചു. ബംഗ്ലാദേശിന് 21 റണ്‍സിന്റെ വിജയം.

തുടര്‍ച്ചയായ രണ്ടാം മത്സരവും പരാജയപ്പെട്ടതോടെ ദക്ഷിണാഫ്രിക്കയ്ക്ക് അടുത്ത മത്സരം ഏറെ നിര്‍ണായകമായിരിക്കുകയാണ്. കരുത്തരായ ഇന്ത്യയാണ് ദക്ഷിണാഫ്രിക്കയുടെ അടുത്ത എതിരാളികള്‍. കരുത്തരെ മലര്‍ത്തിയടിച്ചതോടെ ബംഗ്ലാദേശ് ലോകകപ്പിന് സ്വപ്‌നതുല്യമായ തുടക്കമാണ് കുറിച്ചിരിക്കുന്നത്. ഓള്‍ റൗണ്ട് പ്രകടനം പുറത്തെടുത്ത ഷാക്കിബാണ് കളിയിലെ താരം.

കരുത്തരായ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ലോകകപ്പിന് തുടക്കം കുറിച്ചിരിക്കുകയാണ് ബംഗ്ലാദേശ്. തങ്ങളെ കൊച്ചാക്കി കാണരുതെന്ന സന്ദേശം ഒരിക്കല്‍ കൂടി മൊര്‍ത്താസയും സംഘവും ലോകത്തിന് മുന്നില്‍ വിളിച്ചു പറഞ്ഞിരിക്കുന്നു. ലോകകപ്പ് നേടിയില്ലെങ്കിലും പലരുടേയും അന്നം മുടക്കാന്‍ സാധിക്കുന്നവരാണ് ബംഗ്ലാദേശ്, അവരെ ഭയക്കണം. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഇന്ത്യ കഴിഞ്ഞാല്‍ ഏറ്റവും അപകടകാരികള്‍ തങ്ങളാണെന്ന് ബംഗ്ലാദേശ് ഇന്നത്തെ പ്രകടനത്തിലൂടെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു.

Read More: പുതുചരിത്രം കുറിച്ച് ബംഗ്ലാദേശ്; ഓവലില്‍ ഓര്‍മ്മയായത് ഒരുപിടി റെക്കോര്‍ഡുകള്‍

കൂറ്റന്‍ സ്‌കോറായിരുന്നുവെങ്കിലും ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് അപ്രാപ്യമായിരുന്നില്ല 331 റണ്‍സ്. മികച്ചൊരു തുടക്കമാണ് ക്വിന്റണ്‍ ഡികോക്കും എയ്ഡന്‍ മാക്രമും ചേര്‍ന്ന് നല്‍കിയത്. എന്നാല്‍ ഫോമിലുള്ള ഡികോക്ക് 23 റണ്‍സില്‍ പുറത്തായി. പിന്നാലെ നായകന്‍ ഫാഫ് ഡുപ്ലെസിസ് തന്റെ റോള്‍ ഏറ്റെടുത്ത് ദക്ഷിണാഫ്രിക്കയ്ക്കയെ മുന്നോട്ട് നയിച്ചു. അര്‍ധ സെഞ്ചുറി നേടിയ ഡുപ്ലെസിസ് 53 പന്തില്‍ 62 റണ്‍സാണ് നേടിയത്. അഞ്ച് ഫോറും ഒരു സിക്‌സും ചേര്‍ന്നതായിരുന്നു ഡുപ്ലെസിസിന്റെ ഇന്നിങ്‌സ്. മാര്‍ക്രം 45 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

മധ്യനിര നന്നായി പൊരുതിയിട്ടും വിജയത്തിലെത്താന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചില്ല. വെടിക്കെട്ട് താരം ഡേവിഡ് മില്ലറിന് ഇന്ന് അത്ഭുതങ്ങളൊന്നും സാധിക്കാനായില്ല. 43 പന്തില്‍ 38 റണ്‍സാണ് മില്ലര്‍ നേടിയത്. പ്രതീക്ഷ പകര്‍ന്ന വാന്‍ ഡര്‍ ഡസെന്‍-ജെപി ഡുമിനി കൂട്ടുകെട്ടിന് അധിക നേരം പിടിച്ചു നില്‍ക്കാനായില്ല. വാന്‍ ഡര്‍ ഡസെന്‍ 41 റണ്‍സും ഡുമിനി 45 റണ്‍സുമാണ് കൂട്ടിച്ചേര്‍ത്ത്. ഇരുവരും പുറത്തായതോടെ പിന്നെ എല്ലാം ചടങ്ങു തീര്‍ക്കല്‍ മാത്രമായി മാറി.

കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകളെടുക്കാന്‍ ബംഗ്ലാദേശ് ബോളിങ് നിരയ്ക്കായി. മൂന്ന് വിക്കറ്റെടുത്ത മുസ്തഫിസൂര്‍ റഹ്മാനാണ് മുന്നില്‍. സെയ്ഫുദ്ദീന്‍ രണ്ട് വിക്കറ്റും ഷാക്കിബ് അല്‍ ഹസനും മെഹ്ദി ഹസനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

തമീം ഇക്ബാലും സൗമ്യ സര്‍ക്കാരും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമായിരുന്നു ബംഗ്ലാദേശിന് നല്‍കിയത്. എന്നാല്‍ 16 റണ്‍സുമായി തമീം പുറത്തായി. പിന്നീട് സൗമ്യയും ഷാക്കിബും ചേര്‍ന്ന് ബംഗ്ലാദേശിനെ മുന്നോട്ട് കൊണ്ടു പോയി. വിക്കറ്റ് കണ്ടെത്താനാകാതെ ദക്ഷിണാഫ്രിക്കന്‍ ബോളര്‍ പാടുപെട്ടു. അര്‍ധ സെഞ്ചുറിക്ക് എട്ട് റണ്‍സ് പിന്നില്‍ സൗമ്യ സര്‍ക്കാര്‍ വീണു. ഒമ്പത് ഫോറും സൗമ്യ അടിച്ചിരുന്നു.

പിന്നീടാണ് നിര്‍ണായകമായ കൂട്ടുകെട്ട് പിറന്നത്. ഷാക്കിബും റഹീമും. ഇരുവരും അര്‍ധ സെഞ്ചുറി നേടി. ഷാക്കിബ് 84 പന്തുകളില്‍ നിന്നും എട്ട് ഫോറും ഒരു സിക്‌സുമടക്കം 75 റണ്‍സാണ് നേടിയത്. റഹീം 80 പന്തില്‍ എട്ട് ഫോറുകളോടെ 78 റണ്‍സ് നേടി. ഷാക്കിബിനെ പുറത്താക്കി ഇമ്രാന്‍ താഹിറാണ് ദക്ഷിണാഫ്രിക്കയ്ക്ക് ജീവവായു നല്‍കിയത്. എന്നാല്‍ അപ്പോഴേക്കും ബംഗ്ലാദേശ് മികച്ചൊരു ടോട്ടല്‍ ഉറപ്പിച്ചു കഴിഞ്ഞിരുന്നു.

അടുത്ത ഊഴം മിഥുനും മഹമ്മദുള്ളയ്ക്കും ഹൊസൈനുമായിരുന്നു. മഹമ്മദുള്ള തകര്‍ത്തടിച്ചു. ഒരു സിക്‌സും മൂന്ന് ഫോറുമടക്കം 33 പന്തില്‍ 46 റണ്‍സുമായി മഹമ്മദുള്ള പുറത്താകാതെ നിന്നു. മിഥുന്‍ 21 റണ്‍സും ഹൊസൈന്‍ 26 റണ്‍സും നേടി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook