ബ്രിസ്‌റ്റോള്‍: അഫ്ഗാനിസ്ഥാന്റെ ചെറുത്തു നില്‍പ്പ് മറി കടന്ന് ഓസ്‌ട്രേലിയന്‍ വിജയം. അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 208 എന്ന വിജയ ലക്ഷ്യം ഓസ്‌ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ സ്വന്തമാക്കുകയായിരുന്നു. ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ മികവിലാണ് ഓസീസ് അനായാസം വിജയ ലക്ഷ്യം കടന്നത്. അര്‍ധ സെഞ്ചുറിയുമായി വാര്‍ണര്‍ പുറത്താകാതെ നിന്നു.
മികച്ച തുടക്കമാണ് ആരോണ്‍ ഫിഞ്ചും വാര്‍ണറും ഓസീസിന് നല്‍കിയത്. സ്‌കോര്‍ 96 ലെത്തി നില്‍ക്കെയാണ് ഓസ്‌ട്രേലിയയ്ക്ക് ഫിഞ്ചിനെ നഷ്ടമാകുന്നത്. 49 പന്തുകള്‍ നേരിട്ട ഫിഞ്ച് ആറ് ഫോറും നാല് സിക്‌സുമടക്കം 66 റണ#്‌സ് നേടി. നയിബാണ് ഫിഞ്ചിനെ പുറത്താക്കിയത്. പിന്നാലെ വന്ന ഉസ്മാന്‍ ഖ്വാജ 15 റണ്‍സുമായി പുറത്തായി. പക്ഷെ പുറത്താകാതെ നിന്ന വാര്‍ണര്‍ വിജയം ഉറപ്പു വരുത്തുകയായിരുന്നു.
Read More: ഒരിഞ്ച് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിരുന്നേല്‍! ഷെഹ്‌സാദിനെ ഭാഗ്യവും കാത്തില്ല, റീപ്ലേയില്‍ കണ്ടത്
പതിവു പോലെയുള്ള ആഞ്ഞടികളില്ലാതെയായിരുന്നു വാര്‍ണറുടെ ഇന്നിങ്‌സ്. ഇതോടെ വിവാദങ്ങളില്‍ നിന്നുമുള്ള തിരിച്ചു വരവ് വാര്‍ണര്‍ ആഘോഷമാക്കിയിരിക്കുകയാണ്. 114 പന്തുകളില്‍ നിന്നും 89 റണ്‍സാണ് വാര്‍ണര്‍ നേടിയത്. ഇതില്‍ എട്ട് ഫോറും ഉള്‍പ്പെടും. ലോകകപ്പ് സന്നാഹ മത്സരത്തില്‍ തന്നെ കൂവി വിളിച്ചവര്‍ക്കുള്ള മറുപടിയുമായി വാര്‍ണറുടെ ഇന്നിങ്‌സ്. വാര്‍ണര്‍ക്കൊപ്പം വിലക്കില്‍ നിന്നും മടങ്ങിയെത്തിയ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് 18 റണ്‍സ് നേടി. ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് വിജയ റണ്‍ നേടിയത്.
ഓപ്പണര്‍മാര്‍ രണ്ടു പേരും പൂജ്യത്തിന് മടങ്ങിയതോടെ അഫ്ഗാനിസ്ഥാനെ തകര്‍ത്തെറിയാമെന്നായിരുന്നു ഓസീസുകാര്‍ കരുതിയത്. എന്നാല്‍ പൊരുതാനുറച്ച മധ്യനിരയും വാലറ്റവും ചേര്‍ന്ന് നടത്തിയത് സമാതകളില്ലാത്ത തിരിച്ചു വരവാണ്.38.2 ഓവറില്‍ പുറത്താകുമ്പോള്‍ അഫ്ഗാന്‍ 207 റണ്‍സ് എന്ന ഭേദപ്പെട്ട നിലയില്‍ എത്തിയിരുന്നു.
പ്രതീക്ഷയോടെ ഇറങ്ങിയ മുഹമ്മദ് ഷെഹ്‌സാദിനെ മൂന്നാം പന്തില്‍ തന്നെ സ്റ്റാര്‍ക്ക് പുറത്താക്കി. പിന്നാലെ ഹസ്‌റത് സസലിനെ പാറ്റ് കമ്മിന്‍സും പുറത്താക്കി. എന്നാല്‍ റഹ്മത്ത് ഷായും ഹഷ്മത്തുള്ള ഷഹീദിയും ചേര്‍ന്ന് ചെറുത്തു നിന്നു. റഹ്മത്ത് 60 പന്തില്‍ 43 റണ്‍സ് നേടി. ആറ് ഫോറും റഹ്മത്ത് അടിച്ചു. ഷഹീദി 34 പന്തില്‍ 18 റണ്‍സ് നേടി. മൂന്ന് ഫോറും ഇതിലുള്‍പ്പെടും. രണ്ടുപേരേയും പുറത്താക്കി ആഡം സാമ്പ ഓസ്‌ട്രേലിയയെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു.
Also Read: പത്ത് വിക്കറ്റ് വിജയം പതിവാക്കി കിവികള്‍; ലോകകപ്പ് ചരിത്രത്തില്‍ പുതിയൊരു റെക്കോര്‍ഡ്
മുഹമ്മദ് നബി 22 പന്തുകള്‍ നേരിട്ട് ഏഴ് റണ്‍സ് മാത്രം എടുത്ത് പുറത്തായതോടെ കളി ഓസ്‌ട്രേലിയയുടെ നിയന്ത്രണത്തിലായി. എന്നാല്‍ ഗുല്‍ബാദിന്‍ നൈബും നജിബുള്ള സാദ്രാനും ചേര്‍ന്ന് വീണ്ടും അഫ്ഗാനായി ചെറുത്തു നിന്നു. സാദ്രാന്‍ അര്‍ധ സെഞ്ചുറി നേടി. 49 പന്തുകളില്‍ നിന്നും 51 റണ്‍സുമായാണ് സാദ്രാന്‍ മടങ്ങിയത്. നൈബ് 31 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. രണ്ട് സിക്‌സും ഏഴ് ഫോറുമടങ്ങുന്നതായിരുന്നു സാദ്രാന്റെ ഇന്നിങ്‌സ്.
പിന്നീട് വന്ന റാഷിദ് ഖാന്‍ അധിക നേരം ക്രീസില്‍ നിന്നില്ലെങ്കിലും വെടിക്കെട്ട് പ്രകടനമാണ് കാഴ്ചവ്വച്ചത്.12 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സുമടക്കം 27 റണ്‍സാണ് റാഷിദ് ഖാന്‍ നേടിയത്. മുജീബ് ഉര്‍ റഹ്മാന്‍ 13 റണ്‍സും കൂട്ടിച്ചേര്‍ത്തു.
കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി അഫ്ഗാനെ ഭേദപ്പെട്ട സ്‌കോറില്‍ ഒതുക്കിയെന്നതാണ് ഓസീസ് ബോളര്‍മാരുടെ മികവ്. 40 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത പാറ്റ് കമ്മിന്‍സാണ് ബോളര്‍മാരില്‍ മുമ്പില്‍. സാമ്പ 60 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. മാര്‍ക്കസ് സ്റ്റോയ്‌നിസ് രണ്ടും സ്റ്റാര്‍ക്ക് ഒരു വിക്കറ്റും നേടി.