ഐസിസി ലോകകപ്പ് 2019 ന്റെ ഉദ്ഘാടന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ടോസ്. ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലെസിസ് ബോളിങ് തിരഞ്ഞെടുത്തു. കരുത്തുറ്റ ബാറ്റിങ് നിരയുള്ള ഇംഗ്ലണ്ടിനെ വരുതിയിലാക്കാനുള്ള ബോളിങ് ശക്തിയുണ്ടെന്നാണ് ദക്ഷിണാഫ്രിക്കന്‍ നായകന്റെ വിശ്വാസം

രാജ്യന്തര ക്രിക്കറ്റിലെ വമ്പന്മാരാണെങ്കിലും കിരീടം സ്വന്തമാക്കാന്‍ ഇതുവരെ സാധിക്കാത്ത രണ്ട് ടീമുകളാണ് ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും. ഇത്തവണ ആ ചീത്തപേര് മാറ്റുക എന്ന ലക്ഷ്യത്തോടെ ഇറങ്ങുന്ന ഇരു രാജ്യങ്ങളും ജയത്തോടെ തുടങ്ങാനുള്ള ശ്രമത്തിലാകുമെന്ന് ഉറപ്പ്. ലണ്ടനിലെ ഓവലില്‍ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് മത്സരം ആരംഭിക്കുന്നത്.

Alos Read: ICC Cricket World Cup 2019: ഇനി ലോകകപ്പ് കാലം

ലോകകപ്പ് മുന്നോടിയായി നടന്ന പരമ്പരയില്‍ വന്‍ ജയം സ്വന്തമാക്കിയാണ് ഇരു ടീമുകളും എത്തുന്നത്. ശ്രീലങ്കയ്‌ക്കെതിരെ അഞ്ച് മത്സരങ്ങളും ജയിച്ചാണ് ദക്ഷിണാഫ്രിക്ക എത്തുന്നതെങ്കില്‍ പാക്കിസ്ഥാനെതിരെ നാല് മത്സരങ്ങളും തൂത്തുവാരിയാണ് ഇംഗ്ലണ്ടിന്റെ വരവ്. ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരാണ് ഇംഗ്ലണ്ട്. ദക്ഷിണാഫ്രിക്കയാകട്ടെ മൂന്നാം സ്ഥാനക്കാരും.

Alos Read: ICC World Cup Time Table 2019: ഓരോ ടീമും നേര്‍ക്കുനേര്‍; ലോകകപ്പ് മത്സരക്രമം

ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിരയും ദക്ഷിണാഫ്രിക്കയുടെ ബോളിങ് നിരയും തമ്മിലുള്ള പോരാട്ടമാകും ഇന്നത്തേത്. റണ്ണൊഴുകുന്ന ഇംഗ്ലണ്ടിന്റെ പിച്ചുകളില്‍ ആര്‍ക്ക് തിളങ്ങാനാകുമെന്ന് കാത്തിരുന്ന് കാണണം. കഗിസോ റബാഡ എന്ന കംപ്ലീറ്റ് പേസര്‍ ദക്ഷിണാഫ്രിക്കന്‍ നിരയിലുള്ളത് ടീമിന് കരുത്തേകുമ്പോള്‍ ബാറ്റിങ്ങില്‍ കളി നിയന്ത്രിക്കാനാകും ഇംഗ്ലണ്ടിന്റെ നീക്കം.

ഈ വര്‍ഷം കളിച്ച 14 ഏകദിന മത്സരങ്ങളില്‍ അഞ്ചിലും 350ന് മുകളില്‍ ടീം സ്‌കോര്‍ ഉയര്‍ത്താന്‍ ഇംഗ്ലണ്ടിന് സാധിച്ചിരുന്നു. ഒരു തവണ സ്‌കോര്‍ 400ഉം കടന്നു.

Alos Read: ICC World Cup 2019: ‘ഇക്കുറിയില്ലെങ്കില്‍ പിന്നൊരിക്കലുമില്ല’; കന്നി കീരിടം തേടി ക്രിക്കറ്റിന്റെ ഗോഡ് ഫാദേഴ്‌സ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത ജോണി ബെയര്‍‌സ്റ്റോയും ജോസ് ബട്ലറും തന്നെയാണ് ടീമിന്റെ പ്രധാന കരുത്ത്. ഒപ്പം നായകന്‍ ഇയാന്‍ മോര്‍ഗണും ഓള്‍റൗണ്ടര്‍മാരായ മൊയിന്‍ അലിയും ബെന്‍ സ്റ്റോക്‌സും എല്ലാം ചേരുന്നതോടെ ഇംഗ്ലണ്ടിനെ പിടിച്ചുകൊട്ടുക പ്രൊട്ടീയാസുകള്‍ക്ക് അത്ര എളുപ്പമാകില്ല. ബാറ്റിങ്ങിലെ പോലെ ആരേയും പേടിപ്പിക്കുന്ന താരനിര ഇല്ലെന്നതാണ് ഇംഗ്ലണ്ടിന്റെ ബോളിങ് നിരയെ ദുര്‍ബലപ്പെടുത്തുന്നത്. ബെന്‍ സ്റ്റോക്ക്സും ലിയാന്‍ പ്ലങ്കറ്റും മാര്‍ക്ക് വുഡും ഡേവിഡ് വില്ലിയുമാണ് പേസ് നിരയിലുള്ളത്.

ബോളിങ്ങില്‍ കരുത്ത് കാട്ടാനിറങ്ങുന്ന ദക്ഷിണാഫ്രിക്കക്ക് പേസര്‍ ഡെയ്ല്‍ സ്റ്റെയിനിന്റെ പരുക്ക് വെല്ലുവിളിയാണ്. എന്നാല്‍ റബാഡയിലൂടെ തന്നെ ആ വിടവ് നികത്താനാകുമെന്ന് ദക്ഷിണാഫ്രിക്ക പ്രതീക്ഷിക്കുന്നു. കൂട്ടിന് ക്രിസ് മോറിസും എത്തുന്നതോടെ പേസ് നിര ശക്തമാകും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത സഖ്യം ലോകകപ്പിലും അത് ആവര്‍ത്തിക്കുമെന്നും കരുതുന്നു. സ്പിന്നില്‍ ഇമ്രാന്‍ താഹിറിലാണ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ.

ബാറ്റിങ്ങില്‍ നായകന്‍ ഫാഫ് ഡുപ്ലെസിസും ക്വിന്റണ ഡീ കോക്കുമെല്ലാം പ്രതീക്ഷകള്‍ സജീവമാക്കുന്നുണ്ട്. ഹഷിം അംല, ജെ പി ഡുമിനി എന്നിവരുടെ അവസാന ലോകകപ്പാണിത്, അതറിഞ്ഞ് താരങ്ങളും താളം കണ്ടെത്തിയാല്‍ ഏത് വലിയ വിജയലക്ഷ്യവും എത്തിപിടിക്കാന്‍ കെല്‍പ്പുള്ള ബാറ്റിങ് നിരയാണ് ദക്ഷിണാഫ്രിക്കയുടേതും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook