നോട്ടിങ്ഹാം: കഴിഞ്ഞ കളിയിലെ വന്‍ പരാജയത്തോടെ എഴുതിത്തള്ളിയവര്‍ക്ക് മറുപടിയുമായി പാക്കിസ്ഥാന്‍. ഇംഗ്ലണ്ടിനെതിരെ കൂറ്റ്ന്‍ സ്‌കോറുമായാണ് പാക്കിസ്ഥാന്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. 50 ഓവറില്‍ പാക്കിസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 348 റണ്‍സാണ് എടുത്തത്. മധ്യനിരയില്‍ മൂന്ന് താരങ്ങളാണ് പാക്കിസ്ഥാനായി അര്‍ധ സെഞ്ചുറി നേടിയത്. ഈ കൂട്ടായമയുടെ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരെ മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

ടോസ് നേടിയ ഇംഗ്ലണ്ട് പാക്കിസ്ഥാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. എന്നാല്‍ ഇമാം ഉള്‍ ഹഖും ഫഖര്‍ സമാനും ചേര്‍ന്ന് മികച്ച തുടക്കം സമ്മാനിച്ചു. കൂട്ടുകെട്ട് പൊളിക്കാനുള്ള ഇംഗ്ലണ്ട് ബോളര്‍മാരുടെ ശ്രമങ്ങളെല്ലാം തുടക്കത്തില്‍ തന്നെ പാളി. ഇമാം 58 പന്തില്‍ 44 റണ്‍സെടുത്ത് പുറത്തായി. ഫഖര്‍ 40 പന്തില്‍ 36 റണ്‍സെടുത്താണ് പുറത്തായത്. രണ്ടു പേരേയും പുറത്താക്കിയത് മോയിന്‍ അലിയായിരുന്നു. പിന്നാലെ വന്ന ബാബര്‍ അസമും മുഹമ്മദ് ഹാഫിസും ഒത്തുചേര്‍ന്നതോടെ പാക്കിസ്ഥാന്‍ സ്‌കോര്‍ കുതിച്ചു.

അര്‍ധസെഞ്ചുറി നേടിയ ബാബര്‍ 66 പന്തില്‍ 63 റണ്‍സാണ് നേടിയത്. ഒരു സിക്‌സും നാല് ഫോറും ബാബര്‍ അടിച്ചു. ബാബറിനെ മോയിന്‍ അലി പുറത്താക്കിയെങ്കിലും മറുവശത്ത് ഹഫീസ് നിലയുറപ്പിച്ചിരുന്നു. നായകന്‍ സര്‍ഫ്രാസ് ഖാനുമൊത്ത് ഹഫീസ് വീണ്ടും മികച്ചൊരു കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 62 പന്തില്‍ എട്ട് ഫോറും റണ്ട് സിക്‌സുമടക്കം 84 റണ്‍സെടുത്താണ് ഹഫീസ് പുറത്താകുന്നത്. മാര്‍ക്ക് വുഡാണ് ഹഫീസിനെ മടക്കിയയച്ചത്.

ഹഫീസ് പുറത്തായതോടെ ആ ദൗത്യം സര്‍ഫ്രാസ് ഏറ്റെടുത്തു. നായകനും അര്‍ധ സെഞ്ചുറി കടന്നു. 44 പന്തില്‍ 55 റണ്‍സെടുത്ത സര്‍ഫ്രാസിനെ ക്രിസ് വോക്‌സാണ് പുറത്താക്കുന്നത്. ആസിഫ് അലി 14 റണ്‍സുമെടുത്ത് മടങ്ങി.

ഇംഗ്ലീഷ് ബോളര്‍മാരില്‍ തിളങ്ങിയത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ മോയിന്‍ അലിയാണ്. കഴിഞ്ഞ മത്സരത്തിലെ താരമായിരുന്ന ആര്‍ച്ചര്‍ ഇന്ന് പരാജയപ്പെട്ടപ്പോള്‍ അലി അവസരത്തിനൊത്ത് ഉയരുകയായിരുന്നു. ക്രിസ് വോക്‌സും മൂന്ന് വിക്കറ്റ് നേടി. മാര്‍ക്ക് വുഡും രണ്ട് വിക്കറ്റുമായി തിളങ്ങി. എന്നാല്‍ പതിവില്‍ കൂടുതല്‍ റണ്‍ വഴങ്ങിയത് ഇംഗ്ലണ്ടിന് തിരിച്ചടിയാവുകയായിരുന്നു.

കൂറ്റന്‍ അടികള്‍ക്ക് പേരുകേട്ട ഇംഗ്ലണ്ടിന് പാക്കിസ്ഥാന്‍ ഉയര്‍ത്തിയ വമ്പന്‍ ലക്ഷ്യം പിന്തുടരാന്‍ സാധിക്കുമോ എന്നാണ് കണ്ടറിയേണ്ടത്. അതേസമയം ഈ ലോകകപ്പിലെ ഏറ്റവും കരുത്തുറ്റ ബാറ്റിങ് നിരയായാണ് ഇംഗ്ലണ്ടിനെ വിലയിരുത്തുന്നത്. അതിനാല്‍ ഈ സ്‌കോര്‍ അവര്‍ക്ക് എത്തിപ്പിടിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook