ലോകകപ്പ് മത്സരങ്ങൾക്ക് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് നാണംകെട്ട തോൽവി. ആറ് വിക്കറ്റിനാണ് കിവികൾ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 180 റൺസ് ന്യൂസിലൻഡ് 37.1 ഒവറിൽ മറികടക്കുകയായിരുന്നു. ഇന്ത്യൻ നിരയിൽ രവീന്ദ്ര ജഡേജക്ക് മാത്രമാണ് തിളങ്ങാനായത്.

ടോസ് നേടിയ ഇന്ത്യ മത്സരത്തിൽ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും രണ്ട് റണ്‍സ് മാത്രമെടുത്ത് പുറത്തായി. പിന്നാലെ വന്നവരും ചെറുത്തു നില്‍ക്കാതെ കൂടാരം കയറുകയായിരുന്നു. നായകന്‍ വിരാട് കോഹ്ലി 18 റണ്‍സുമായി പുറത്തായി. കെഎല്‍ രാഹുല്‍ ആറ് റണ്‍സ് മാത്രമെടുത്തു. പിന്നീട് ധോണിയും ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്നുള്ള കൂട്ടുകെട്ട് ഇന്ത്യയെ തിരികെ കൊണ്ടു വരുമെന്ന് തോന്നിച്ചെങ്കിലും അതുണ്ടായില്ല. ധോണി 42 പന്തുകള്‍ നേരിട്ട് 17 റണ്‍സാണെടുത്തത്. ഹാര്‍ദ്ദിക് പാണ്ഡ്യ അഞ്ചാമനായി എത്തി 37 പന്തില്‍ 30 റണ്‍സ് നേടി. ദിനേശ് കാര്‍ത്തിക്കും രണ്ടക്കം കടന്നില്ല.

ഇതോടെ ഇന്ത്യ വന്‍ ദുരന്തം മുന്നില്‍ കണ്ടു. എന്നാല്‍ അവസാന ഓവറുകളില്‍ രവീന്ദ്ര ജഡേജ മികച്ച ചെറുത്തു നില്‍പ്പ് നടത്തുകയായിരുന്നു. 50 പന്തുകളില്‍ 54 റണ്‍സാണ് ജഡേജ നേടിയത്. കുല്‍ദീപ് യാദവ് 36 പന്തില്‍ 19 റണ്‍സുമായി ജഡേജയ്ക്ക് പിന്തുണ നല്‍കി.

നാല് വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബോള്‍ട്ടാണ് ഇന്ത്യയുടെ നട്ടെല്ലൊടിച്ചത്. 6.2 ഓവര്‍ എറിഞ്ഞ ബോള്‍ട്ട് 33 റണ്‍സ് വിട്ടു കൊടുത്താണ് നാല് വിക്കറ്റെടുത്തത്. രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍,കെഎല്‍ രാഹുല്‍, കുല്‍ദീപ് യാദവ് എന്നിവരുടെ വിക്കറ്റുകളാണ് ബോള്‍ട്ട് നേടിയത്. മൂന്ന് വിക്കറ്റുമായി ജിമ്മി നീഷം ബോള്‍ട്ടിന് മികച്ച പിന്തുണ നല്‍കി.

മറുപടി ബാറ്റിങ്ങിൽ ഓപ്പണർമാരായ മാർട്ടിൻ ഗുപ്റ്റിലിനെയും കോളിൻ മുൻറോയെയും അധിവേഗം മടക്കാൻ ഇന്ത്യക്ക് സാധിച്ചു. എന്നാൽ മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന വില്ല്യംസൺ – ടെയ്‌ലർ സഖ്യം അനായാസം വിജയത്തിലേക്ക് നീങ്ങി. ഇരുവരും അർധസെഞ്ചുറിയും തികച്ചതോടെ സന്നാഹ മത്സരത്തിൽ തന്നെ ഇന്ത്യ തോൽവി മുന്നിൽ കണ്ടു.

മൂന്നാമനായി എത്തിയ നായകൻ കെയ്ൻ വില്ല്യംസൺ 87 പന്തിൽ നിന്ന് 67 റൺസ് അടിച്ചെടുത്തു. റോസ് ടെയ്‌ലർ 75 പന്തിൽ നിന്ന് 71 റൺസാണ് സ്വന്തമാക്കിയത്. എന്നാൽ വിജയലക്ഷ്യം പൂർത്തിയാക്കാൻ സാധിക്കാതെ ഇരുവരും മടങ്ങുകയായിരുന്നു. വില്ല്യംസണിനെ ചാഹലും റോസ് ടെയ്‌ലറെ ജഡേജയുമാണ് മടക്കിയത്.

ഇന്ത്യക്ക് വേണ്ടി യുസ്‌വേന്ദ്ര ചാഹൽ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook