സതാംപ്ടണ്‍: ഒടുവില്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമം. ലോകകപ്പില്‍ ഇന്ത്യ ഇന്ന് തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങും. കഴിഞ്ഞ രണ്ട് കളികളും തോറ്റ് ആത്മവിശ്വസം തകര്‍ന്നിരിക്കുന്ന ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ ആദ്യ എതിരാളികള്‍. ലോകകപ്പ് നേടുമെന്ന് മിക്കവരും വിശ്വസിക്കുന്ന ഇന്ത്യയ്ക്ക് ജയത്തോടെ ടൂര്‍ണമെന്റിന് തുടക്കം കുറിക്കുകയാണ് ലക്ഷ്യം.

ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോഹ്ലിയ്ക്ക ഏറെ നിര്‍ണായകമാണ് ലോകകപ്പ്. ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായ വിരാടിന് നായകനെന്ന നിലയില്‍ തന്നെ അടയാളപ്പെടുത്താനുള്ള അവസരം കൂടിയാണിത്. മറുവശത്തുള്ള ദക്ഷിണാഫ്രിക്കയാകട്ടെ പരുക്കും താരങ്ങളുടെ ഫോമല്ലായ്മയും അടക്കം മോശം സമയത്തിലൂടെയാണ് കടന്നു പോകുന്നത്. പക്ഷെ കഴിഞ്ഞ രണ്ട് കളികളിലും പരാജയപ്പെട്ടെന്ന് കരുതി ദക്ഷിണാഫ്രിക്കയെ ഒരിക്കലും എഴുതിത്തള്ളാനാകില്ല.

ബാറ്റിങ് നിരയില്‍ ക്വന്റണ്‍ ഡികോക്ക് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസം പകരുന്നത്. നായകന്‍ ഫാഫ് ഡുപ്ലെസിസ് കഴിഞ്ഞ മത്സരത്തില്‍ നന്നായി കളിച്ചങ്കിലും താരത്തിന് സ്വതസിദ്ധമായ ശൈലിയിലേക്ക് മടങ്ങിയെത്താനായിട്ടില്ല. പരുക്ക് വലിയ തോതില്‍ ബാധിച്ചിട്ടുള്ള ദക്ഷിണാഫ്രിക്കയുടെ പ്രധാന ആയുധം പേസര്‍ കഗിസോ റബാഡയാണ്. അതേസമയം, ഇമ്രാന്‍ താഹിറിന് ഉജ്ജ്വല ഫോം ദക്ഷിണാഫ്രിക്കയ്ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. രോഹിത്തിന്റെ ലെഗ് സ്പിന്നിനെതിരെയുള്ള മോശം റെക്കോര്‍ഡ് മുതലെടുക്കാന്‍ താഹിര്‍ വഴി ഡുപ്ലെസിസ് ലക്ഷ്യമിട്ടേക്കാം.

ഇന്ത്യയെ സംബന്ധിച്ച് നായകന്‍ വിരാട് കോഹ് ലി തന്നെയാണ് ബാറ്റിങ്ങിലെ കരുത്ത്. അതേസമയം, ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും നല്‍കുന്ന തുടക്കം അനുസരിച്ചിരിക്കും ഇന്ത്യയുടെ മുന്നോട്ട് പോക്ക്. ഇന്ത്യ ഏറ്റവും കൂടുതല്‍ ആശങ്കപ്പെട്ടത് നാലാം നമ്പറില്‍ ആരിറങ്ങും എന്നതിനെ ചൊല്ലിയായിരുന്നു. പക്ഷെ സന്നാഹ മത്സരത്തിലെ പ്രകടനത്തിലൂടെ കെഎല്‍ രാഹുല്‍ ആ സ്ഥാനത്തേക്ക് എത്തുമെന്ന് ഉറപ്പായിട്ടുണ്ട്.

ജസ്പ്രീത് ബുംറ നയിക്കുന്ന പേസ് നിരയാണ് ഇന്ത്യയുടെ കരുത്ത്. ബുംറ ഈ ലോകകപ്പില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടാന്‍ പോകുന്ന താരമായാണ് വിലയിരുത്തപ്പെടുന്നത്. ബുംറയുടെ ഡെത്ത് ഓവറുകളിലെ പ്രകടനം ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായിരിക്കും. അതേസമയം, ഹാര്‍ദ്ദിക് പാണ്ഡ്യയുടേയും പ്രകടനത്തേയും പ്രതീക്ഷയോടെയാണ് ഇന്ത്യ നോക്കി കാണുന്നത്. സ്പിന്നര്‍മാരായ കുല്‍ദീപിനേയും യുസ്വേന്ദ്ര ചാഹലിനേയും ഒരുമിച്ച് ഇറക്കുമോ അതോ ഒരാളെ ഒഴിവാക്കി പകരം രവീന്ദ്ര ജഡേജയെ ആകുമോ ഇറക്കുമോ എന്ന് കണ്ടറിയണം.

പരുക്ക് ഭേദമാകാത്തതിനെ തുടര്‍ന്ന് ഡെയില്‍ സ്റ്റെയിന്‍ നാട്ടിലേക്ക് മടങ്ങിയത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയാകും. ആദ്യ മത്സരത്തില്‍ പരുക്കേറ്റ അംല ഇന്ത്യയ്‌ക്കെതിരെ തിരികെ വരുമെന്ന് ഉറപ്പായിട്ടുണ്ട്. ഇത് ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്. അതേസമയം, ലുങ്കി എന്‍ഗിഡിക്ക് പരുക്കേറ്റത് ടീമിന് തിരിച്ചടിയാകുമെന്നുറപ്പാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook