ICC Cricket World Cup 2019: ഇന്ത്യൻ പ്രീമിയർ ലീഗ് ആവേശത്തിന് ശേഷം ക്രിക്കറ്റ് ലോകം ഒന്നായി ഉറ്റുനോക്കുകയാണ് ഏകദിന ലോകകപ്പ് മത്സരങ്ങളെ. ചർച്ചകളെല്ലാം ലോകകപ്പിലേക്കും കേന്ദ്രീകരിക്കുന്നു. എല്ലാ ടീമുകളും അവസാന വട്ട ഒരുക്കത്തിലുമാണ്. ഇന്ത്യയും 2019 ക്രിക്കറ്റ് ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് കഴിഞ്ഞു. യുവതാരം ഋഷഭ് പന്ത് ടീമിലിടം നേടുമെന്ന വാർത്തകൾ സജീവമായിരുന്നെങ്കിലും അന്തിമ ടീമിൽ പന്തിനെ ഉൾപ്പെടുത്തിയില്ല. ഋഷഭ് പന്തിന്റെ അഭാവം ഇന്ത്യൻ ടീമിൽ വലിയ കുറവ് ആയിരിക്കുമെന്നാണ് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി പറയുന്നത്.

” ലോകകപ്പിൽ ഋഷഭ് പന്തിന്റെ കുറവ് ഇന്ത്യ അറിയും. ഏത് സ്ഥാനത്താണ് എന്ന് എനിക്ക് ഇപ്പോൾ പറയാൻ സാധിക്കില്ല. എന്നാൽ പന്തിന്റെ അഭാവം ഇന്ത്യൻ ടീമിൽ വ്യക്തമായിരിക്കും,” സൗരവ് ഗാംഗുലി പറഞ്ഞു. ഈഡൻ ഗാർഡൻസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read: ധോണിക്ക് പിന്നാലെ ഋഷഭ് പന്തിനെ പഠിപ്പിക്കുന്ന ഉത്തരവാദിത്വം ഏറ്റെടുത്ത് മകൾ സിവയും

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടവരിൽ പ്രമുഖനായിരുന്നു ഋഷഭ് പന്ത്. 21കരനായ ഋഷഭ് പന്ത് ഇതിനോടകം തന്നെ തനിക്ക് കിട്ടിയ അവസരങ്ങൾ നന്നായി വിനിയോഗിച്ച താരമാണ്. മുൻ നായകൻ എം.എസ്.ധോണിക്ക് പകരക്കാരനായി ഇന്ത്യൻ ടീമിന് വേണ്ടി വിക്കറ്റിന് പിന്നിൽ ഗ്ലൗസണിയുക പന്താണെന്ന കാര്യം ഏകദേശം ഉറപ്പായി കഴിഞ്ഞു. എന്നാൽ ലോകകപ്പ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ രണ്ടാം വിക്കറ്റ് കീപ്പറായി ദിനേശ് കാർത്തിക്കിനെയാണ് സെലക്ടർമാർ പരിഗണിച്ചത്.

അതേസമയം, ലോകകപ്പിനുള്ള ഇന്ത്യയുടെ റിസർവ് താരങ്ങളിൽ ഋഷഭ് പന്തും ഇടംപിടിച്ചിട്ടുണ്ട്. മൂന്ന് താരങ്ങളെയാണ് ഇന്ത്യ റിസർവ് പട്ടികയിൽ പരിഗണിച്ചിരിക്കുന്നത്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ഋഷഭ് പന്ത്, ബാറ്റ്സ്മാൻ അമ്പാട്ടി റായിഡു ബോളർ നവ്ദീപ് സെയ്നി എന്നീ താരങ്ങളാണ് ലോകകപ്പ് മത്സരങ്ങൾക്കുള്ള ഇന്ത്യയുടെ റിസർവ് താരങ്ങൾ.

Also Read: ICC Cricket World Cup 2019: ഇനി ലോകകപ്പ് കാലം

പരുക്കേറ്റ ഇന്ത്യൻ താരം കേദാർ ജാദവ് ലോകകപ്പ് മത്സരങ്ങൾക്ക് മുമ്പ് തന്നെ ഫിറ്റ്നസ് വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ. കേദാർ ജാദവ് മടങ്ങിയെത്താത്ത പക്ഷം അമ്പാട്ടി റയിഡുവോ ഋഷഭ് പന്തോ 15 അംഗ ടീമിൽ സ്ഥാനം പിടിക്കും. കേദാറിന്റേത് സാരമായ പരുക്കല്ലെന്നും എന്നാല്‍ കളിക്കുന്നത് കൂടുതല്‍ പരുക്കേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്ലേ ഓഫ് മത്സരത്തില്‍ നിന്നും കേദാറിനെ ചെന്നൈ സൂപ്പർ കിങ്സ് ഒഴിവാക്കിയിരുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook