ഓവല്‍: ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടപ്പോഴും അടുത്ത മത്സരത്തില്‍ ജയിച്ച് തിരിച്ചു വരാന്‍ സാധിക്കുമെന്ന് ദക്ഷിണാഫ്രിക്ക പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷകള്‍ക്ക് മുന്നില്‍ ബംഗ്ലാദേശ് കരിനിഴല്‍ വീഴ്ത്തുകയായിരുന്നു. 21 റണ്‍സുകള്‍ക്ക് ബംഗ്ലാദേശ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തു. ഇതോടെ അടുത്ത മത്സരത്തില്‍ ജയിച്ചേ തീരു എന്ന സ്ഥിതിയിലാണ്. ഇന്ത്യയാണ് ദക്ഷിണാഫ്രിക്കയുടെ അടുത്ത എതിരാളികള്‍.

ഇന്ത്യയ്‌ക്കെതിരെ ഇതുവരെ കളിച്ച കളിയോ തന്ത്രങ്ങളോ മതിയാകില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലെസിസിന് അറിയാം. ഇതിന് പുറമെ താരങ്ങളുടെ പരുക്കും ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്. വെറ്ററന്‍ പേസര്‍ ഡെയില്‍ സ്റ്റെയിന്‍ പരുക്കില്‍ നിന്നും മുക്താനാകുന്നേയുള്ളൂ. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ലുങ്കി എന്‍ഗിഡിയ്ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Read More: നോമ്പ് നോറ്റ് അങ്കത്തിറങ്ങി, ടീമിന് സമ്മാനിച്ചത് ചരിത്ര വിജയം; ബംഗ്ലാ താരങ്ങള്‍ക്ക് നായകന്റെ അഭിനന്ദനം
ഇതോടെ പ്ലാന്‍ എ തീര്‍ന്നെന്നാണ് നായകന്‍ ഡുപ്ലെസിസ് പറയുന്നത്. പോരാത്തതിന് താരങ്ങള്‍ക്ക് ആത്മവിശ്വാസം പകരേണ്ടതിന്റെ ചുമതലയും തനിക്കുണ്ടെന്ന് ഡുപ്ലെസിസ് പറയുന്നു. ”ടീമിന്റെ സ്പിരിറ്റ് ഉണര്‍ത്തേണ്ടതുണ്ട്. ഇന്ത്യയാണ് അടുത്ത എതിരാളികള്‍. ടീമെന്ന നിലയില്‍ ഇപ്പോള്‍ മോശമാണെന്ന് അറിയാം. അത് മാറ്റണം” ഡുപ്ലെസിസ് പറയുന്നു.

”അഗ്രസീവ് ബോളിങ്ങിലൂടെ അവരെ വേഗം പുറത്താക്കുകയായിരുന്നു ലക്ഷ്യം. പക്ഷെ സാധിച്ചില്ല. അതോടെ പ്ലാന്‍ എ പാളി. കാരണം, പ്ലാന്‍ എ എന്നത് പ്രധാന ബോളര്‍മാര്‍ ഒരുമിച്ച് കളിക്കുന്നതായിരുന്നു. അവര്‍ക്ക് ഒരുമിച്ച് ഒരു കളി പോലും കളിക്കാനായിട്ടില്ല” ദക്ഷിണാഫ്രിക്കന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.

”തുടക്കത്തില്‍ പ്ലാന്‍ ബി ആന്റിച്ച് നോര്‍ചെയെ എക്‌സ്ട്രാ പേസറായി ഇറക്കുക എന്നതായിരുന്നു. അവനും പരുക്കേറ്റു. അതോടെ പ്ലാന്‍ ബി പാളി”. നിലവിലെ സാഹചര്യത്തില്‍ മൂന്ന് പേസര്‍മാരൈയാണ് ദക്ഷിണാഫ്രിക്കയ്ക്ക് പരുക്ക് മൂലം നഷ്ടമായിരിക്കുന്നത്. എന്നാല്‍ ഇതുകൊണ്ട് ഒന്നും അവസാനിക്കുന്നില്ലെന്നും പ്ലാന്‍ സിയുണ്ടെന്നും ഡുപ്ലെസിസ് പറയുന്നു.

”ഇനി ഓള്‍റൗണ്ട് മേഖലയിലേക്കാണ് ശ്രദ്ധ. രണ്ട് മീഡിയം പേസ് എറിയുന്ന ഓള്‍ റൗണ്ടര്‍മാരുണ്ട്. ക്രിസ് മോറിസുണ്ട്. ടീമിലൊരു മാറ്റമാവശ്യമാണ്. എങ്ങനെ ഉളളത് വച്ച് കളിക്കാമെന്ന് നോക്കണം. രണ്ട് സ്പിന്നര്‍മാരുമുണ്ടല്ലോ?” ഡുപ്ലെസിസ് കൂട്ടിച്ചേര്‍ത്തു.

ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് അപ്രാപ്യമായിരുന്നില്ല 331 റണ്‍സ്. മികച്ചൊരു തുടക്കമാണ് ക്വിന്റണ്‍ ഡികോക്കും എയ്ഡന്‍ മാക്രമും ചേര്‍ന്ന് നല്‍കിയത്. എന്നാല്‍ ഫോമിലുള്ള ഡികോക്ക് 23 റണ്‍സില്‍ പുറത്തായി. പിന്നാലെ നായകന്‍ ഫാഫ് ഡുപ്ലെസിസ് തന്റെ റോള്‍ ഏറ്റെടുത്ത് ദക്ഷിണാഫ്രിക്കയ്ക്കയെ മുന്നോട്ട് നയിച്ചു. അര്‍ധ സെഞ്ചുറി നേടിയ ഡുപ്ലെസിസ് 53 പന്തില്‍ 62 റണ്‍സാണ് നേടിയത്. അഞ്ച് ഫോറും ഒരു സിക്‌സും ചേര്‍ന്നതായിരുന്നു ഡുപ്ലെസിസിന്റെ ഇന്നിങ്‌സ്. മാര്‍ക്രം 45 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. വെടിക്കെട്ട് താരം ഡേവിഡ് മില്ലറിന് അത്ഭുതങ്ങളൊന്നും സാധിക്കാനായില്ല. 43 പന്തില്‍ 38 റണ്‍സാണ് മില്ലര്‍ നേടിയത്.

പ്രതീക്ഷ പകര്‍ന്ന വാന്‍ ഡര്‍ ഡസെന്‍-ജെപി ഡുമിനി കൂട്ടുകെട്ടിന് അധിക നേരം പിടിച്ചു നില്‍ക്കാനായില്ല. വാന്‍ ഡര്‍ ഡസെന്‍ 41 റണ്‍സും ഡുമിനി 45 റണ്‍സുമാണ് കൂട്ടിച്ചേര്‍ത്ത്. ഇരുവരും പുറത്തായതോടെ പിന്നെ എല്ലാം ചടങ്ങു തീര്‍ക്കല്‍ മാത്രമായി മാറി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook