ഓവല്‍: ബംഗ്ലാദേശിനെതിരെ ന്യൂസിലന്‍ഡിന് 245 റണ്‍സിന്റെ വിജയലക്ഷ്യം. മാറ്റ് ഹെന്‍ റിയുടെ ബോളിങ് മികവില്‍ ബംഗ്ലാദേശിനെ ന്യൂസിലന്‍ഡ് ഓള്‍ ഔട്ടാക്കുകയായിരുന്നു. ഷാക്കിബ് അല്‍ ഹസന്റെ അര്‍ധ സെഞ്ചുറിയുടെ മികവിലാണ് ബംഗ്ലാദേശ് കിവികള്‍ക്കെതിരെ ഭേദപ്പെട്ട് സ്‌കോറിലെത്തിയത്.

കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ എടുക്കാന്‍ സാധിച്ചതിനാലാണ് ബംഗ്ലാദേശിനെ വലിയ സ്‌കോറിലേക്ക് കുതിക്കുന്നതില്‍ നിന്നും തടയാന്‍ ന്യൂസിലന്‍ഡിന് സാധിച്ചത്. ഓപ്പണര്‍മാരായ തമീം ഇക്ബാലും സൗമ്യ സര്‍ക്കാരും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. തമീം 24 റണ്‍സും സൗമ്യ സര്‍ക്കാര്‍ 25 റണ്‍സുമെടുത്ത് പുറത്തായി. തമീമിനെ ഫെര്‍ഗൂസനും സൗമ്യയെ ഹെന്‍ റിയുമാണ് മടക്കിയയച്ചത്. എന്നാല്‍ പിന്നീട് ഷാക്കിബ് കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. അര്‍ധ സെഞ്ചുറി നേടിയ ഷാക്കിബ് 68 പന്തില്‍ 64 റണ്‍സുമായാണ് പുറത്തായത്.

മുഷ്ഫിഖൂര്‍ റഹീം 19 റണ്‍സ് മാത്രം എടുത്ത് പുറത്തായി. മിഥുന്‍ 26 റണ്‍സും മഹമ്മദുള്ള 20 റണ്‍സുമാണെടുത്തത്. തകര്‍ച്ചയിലേക്ക് നീങ്ങുമായിരുന്ന ബംഗ്ലാദേശിനെ മധ്യനിരയില്‍ ഷാക്കിബിന്റേയും വാലറ്റത്ത് സെയ്ഫുദ്ദീന്റേയും പ്രകടനമാണ് രക്ഷിച്ചത്. സെയ്ഫുദ്ദീന്‍ 29 റണ്‍സ് നേടി. മൂന്ന് സിക്‌സും ഒരു സിക്‌സുമടങ്ങുന്നതായിരുന്നു ഈ ഇന്നിങ്‌സ്.

കഴിഞ്ഞ മത്സരത്തിലെ കിവികളുടെ ഹീറോയായ മാറ്റ് ഹെന്റിയാണ് ഈ കളിയിലും തിളങ്ങിയത്. താരം നാല് വിക്കറ്റുകളെടുത്തു. കഴിഞ്ഞ ദിവസം മങ്ങിപ്പോയ ട്രെന്റ് ബോള്‍ട്ട് ഇന്ന് രണ്ട് വിക്കറ്റെടുത്തു. ഫെര്‍ഗൂസനും ഗ്രാന്റ്‌ഹോമും സാന്റ്‌നറും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook