scorecardresearch

തകര്‍ത്തടിച്ച് റഹീമും ഷാക്കിബും; ബംഗ്ലാ വീര്യത്തിന് മുന്നില്‍ ദക്ഷിണാഫ്രിക്ക തവിടുപൊടി

ഈ ലോകകപ്പിലെ ഏറ്റവും ഉയർന്ന സ്കോറാണ് ബംഗ്ലാദേശ് ഇന്ന് നേടിയത്. കൂടാതെ ബംഗ്ലാദേശിന്റെ ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറുമാണിത്

തകര്‍ത്തടിച്ച് റഹീമും ഷാക്കിബും; ബംഗ്ലാ വീര്യത്തിന് മുന്നില്‍ ദക്ഷിണാഫ്രിക്ക തവിടുപൊടി

ഓവല്‍: ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടെങ്കിലും ഇന്ന് ദക്ഷിണാഫ്രിക്ക ഫോമിലേക്ക് തിരികെ വരുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സര്‍വ്വ പ്രതീക്ഷകളും തെറ്റിച്ച് പോര്‍ട്ടിയാസിന്റെ പേരുകേട്ട ബോളിങ് നിരയെ തവിടുപൊടിയാക്കിയിരിക്കുകയാണ് ബംഗ്ലാദേശ്. വിക്കറ്റ് കീപ്പര്‍ മുഷ്ഫിഖൂര്‍ റഹീമും ഓള്‍ റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസും നിറഞ്ഞാടിയപ്പോള്‍ ബംഗ്ലാദേശ് സ്‌കോര്‍ 300 കടന്നു. 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സുമായാണ് ബംഗ്ലാദേശ് ഇന്നിങ്‌സ് അവസാനിച്ചത്.

ഈ ലോകകപ്പിലെ ഏറ്റവും ഉയർന്ന സ്കോറാണ് ബംഗ്ലാദേശ് ഇന്ന് നേടിയത്. കൂടാതെ ബംഗ്ലാദേശിന്റെ ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറുമാണിത്. ഏഷ്യന്‍ കരുത്തരായ ശ്രീലങ്കയും പാക്കിസ്ഥാനുമൊക്കെ പരാജയപ്പെട്ടിടത്താണ് ബംഗ്ലാദേശ് ഉജ്ജ്വല പ്രകടനവുമായി ആവേശം തീർക്കുന്നത്.

റഹീമും ഷാക്കിബും അര്‍ധ സെഞ്ചുറി നേടി. തമീം ഇക്ബാലും സൗമ്യ സര്‍ക്കാരും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമായിരുന്നു ബംഗ്ലാദേശിന് നല്‍കിയത്. എന്നാല്‍ 16 റണ്‍സുമായി തമീം പുറത്തായി. പിന്നീട് സൗമ്യയും ഷാക്കിബും ചേര്‍ന്ന് ബംഗ്ലാദേശിനെ മുന്നോട്ട് കൊണ്ടു പോയി. വിക്കറ്റ് കണ്ടെത്താനാകാതെ ദക്ഷിണാഫ്രിക്കന്‍ ബോളര്‍ പാടുപെട്ടു. അര്‍ധ സെഞ്ചുറിക്ക് എട്ട് റണ്‍സ് പിന്നില്‍ സൗമ്യ സര്‍ക്കാര്‍ വീണു. ഒമ്പത് ഫോറും സൗമ്യ അടിച്ചിരുന്നു.

പിന്നീടാണ് നിര്‍ണായകമായ കൂട്ടുകെട്ട് പിറന്നത്. ഷാക്കിബും റഹീമും. ഇരുവരും അര്‍ധ സെഞ്ചുറി നേടി. ഷാക്കിബ് 84 പന്തുകളില്‍ നിന്നും എട്ട് ഫോറും ഒരു സിക്‌സുമടക്കം 75 റണ്‍സാണ് നേടിയത്. റഹീം 80 പന്തില്‍ എട്ട് ഫോറുകളോടെ 78 റണ്‍സ് നേടി. ഷാക്കിബിനെ പുറത്താക്കി ഇമ്രാന്‍ താഹിറാണ് ദക്ഷിണാഫ്രിക്കയ്ക്ക് ജീവവായു നല്‍കിയത്. എന്നാല്‍ അപ്പോഴേക്കും ബംഗ്ലാദേശ് മികച്ചൊരു ടോട്ടല്‍ ഉറപ്പിച്ചു കഴിഞ്ഞിരുന്നു.

അടുത്ത ഊഴം മിഥുനും മഹമ്മദുള്ളയ്ക്കും ഹൊസൈനുമായിരുന്നു. മഹമ്മദുള്ള തകര്‍ത്തടിച്ചു. ഒരു സിക്‌സും മൂന്ന് ഫോറുമടക്കം 33 പന്തില്‍ 46 റണ്‍സുമായാണ് മഹമ്മദുള്ള പുറത്താകാതെ നിന്നത്. മിഥുന്‍ 21 റണ്‍സും ഹൊസൈന്‍ 26 റണ്‍സും നേടി.

ഇതിനിടെ ലുങ്കി എന്‍ഗിഡിയ്ക്ക് പരുക്കേറ്റതും ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി. ഇമ്രാന്‍ താഹിര്‍, ക്രിസ് മോറിസ്, ഫെഹ്ലുക്വായോ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം ദക്ഷിണാഫ്രിക്കയ്ക്കായി വീഴ്ത്തി.

Stay updated with the latest news headlines and all the latest Cricketworldcup news download Indian Express Malayalam App.

Web Title: Icc cricket world cup 2019 bangladesh beats up south africa263807