ലണ്ടന്‍: ബുധനാഴ്ച സതാംപ്ടണിലാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം. ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ടിനോട് തോറ്റെങ്കിലും കരുത്തരായ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍. മൈതാനത്തെ മത്സരത്തിന് അരങ്ങുണരും മുമ്പ് രംഗം ചൂടുപിടിപ്പിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാഡ. ഇന്ത്യന്‍ നായകന് വിരാട് കോഹ് ലിയ്ക്കെതിരെയുള്ള പ്രസ്താവനയിലൂടെയാണ് റബാഡ പോര് ആരംഭിച്ചിരിക്കുന്നത്.
ഇന്ത്യന്‍ നായകന് പക്വതയില്ലെന്നാണ് റബാഡ പറഞ്ഞിരിക്കുന്നത്. ഇന്ത്യന്‍ നായകന് കളിക്കളത്തില്‍ അഗ്രസീവാണെങ്കിലും തനിക്കെതിരായ വാക്കുകളെ നേരിടാനറിയില്ലെന്നും റബാഡ പറഞ്ഞു. ഐപിഎല്ലിനിടെയുണ്ടായ സംഭവത്തെ കുറിച്ചായിരുന്നു റബാഡയുടെ പരാമര്‍ശം.
”ഞാന്‍ ഗെയിം പ്ലാനിനെ കുറിച്ച് ആലോചിക്കുകയായിരുന്നു. പക്ഷെ വിരാട് എന്നെ ബൗണ്ടറി അടിച്ചു. എനിക്കെതിരെ ചിലത് പറഞ്ഞു. പക്ഷെ അവന് അതിനുള്ള മറുപടി കൊടുത്തപ്പോള്‍ ദേഷ്യപ്പെട്ടു. എനിക്കവനെ മനസിലാകുന്നില്ല” ഈഎസ്പിഎന്നിന് നല്കിയ അഭിമുഖത്തിലായിരുന്നു റബാഡയുടെ വാക്കുകള്‍.
”അവനെ മുന്നോട്ട് കൊണ്ടുപോകാന്‍ ചിലപ്പോള്‍ ആ പ്രതികരണത്തിന് സാധിച്ചേക്കാം. പക്ഷെ ഞാന്‍ കരുതുന്നത് അത് പക്വതയില്ലായ്മ ആണെന്നാണ്. വിരാട് ഒരു അസാധ്യ കളിക്കാരാനാണ്. പക്ഷെ അസഭ്യ വാക്കുകളെ നേരിടാനറിയില്ല. പക്ഷെ ഇതിനൊന്നും നിങ്ങളെ ഇല്ലാതാക്കാനാകില്ല” റബാഡ പറയുന്നു.
ജൂണ്‍ അഞ്ചിന് സതാംപ്ടണിലാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം. ഇംഗ്ലണ്ടിനെതിരെ ഉദ്ഘാടന മത്സരത്തില്‍ 104 റണ്‍സിന് ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടിരുന്നു. വിജയത്തോടെ തിരികെ വരാനായിരിക്കും ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം. അതേസമയം ലോകകപ്പ് നേടുമെന്ന് പ്രതീക്ഷ കല്‍പ്പിക്കുന്ന ഇന്ത്യയുടെ ലക്ഷ്യം വിജയത്തോടെ തുടങ്ങുകയാകും.