Cricket World Cup 2019: സതാംപ്ടണ്‍: ഇന്ത്യക്കെതിരെ ബാറ്റ് ചെയ്യുമ്പോള്‍ ബോളര്‍മാരെ മാത്രം പേടിച്ചാല്‍ മതിയാകില്ല. വിക്കറ്റിന് പിന്നില്‍ ഇരയെ പിടിക്കാന്‍ ജാഗ്രതയോടെ കാത്തിരിക്കുന്ന പുലി എംഎസ് ധോണിയേയും പേടിക്കണം. ക്രീസില്‍ നിന്നും ഒരിഞ്ച് പുറത്തിറങ്ങിയാല്‍ മതി പിന്നെ തിരിഞ്ഞു നടക്കാം. വിക്കറ്റിന് പിന്നില്‍ അമ്പരപ്പിക്കുന്ന ധോണിയുടെ മാസ്മരികമായൊരു സ്റ്റമ്പിങ്ങിന് ഇന്നത്തെ മത്സരവും സാക്ഷിയായി.

മധ്യനിരയില്‍ പൊരുതി നിന്ന ആന്‍ഡില ഫെലുക്വായോയെ ആണ് ധോണിയുടെ മിന്നല്‍ സ്റ്റമ്പിങ്ങില്‍ പുറത്തായത്. ചാഹലിന്റെ പന്തിലായിരുന്നു സ്റ്റമ്പിങ്ങ്. ഇന്ത്യയുടെ 40-ാം ഓവറിലായിരുന്നു സംഭവം. ചാഹലിനെ ഉയര്‍ത്തി അടിക്കാനായി ക്രീസ് വിട്ടിറങ്ങിയ ഫെലുക്വായോയ്ക്ക് പിഴച്ചു. പക്ഷെ വിക്കറ്റിന് പിന്നിലുണ്ടായിരുന്ന ധോണിയ്ക്ക് പിഴച്ചില്ല. അതിവേഗ സ്റ്റമ്പിങ്ങിലൂടെ ധോണി ഫെലുക്വായോയെ മടക്കി അയച്ചു. 34 റണ്‍സുമായാണ് താരം മടങ്ങിയത്.

ഇതോടെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ പേരെ പുറത്താക്കിയ വിക്കറ്റ് കീപ്പര്‍മാരില്‍ ബ്രണ്ടല്‍ മക്കല്ലത്തെ പിന്നിലാക്കി മൂന്നാമതെത്തി ധോണി. ഇതിഹാസങ്ങളായ കുമാര്‍ സംഗക്കാരയും ആദം ഗില്‍ക്രിസ്റ്റുമാണ് ധോണിയ്ക്ക് മുന്നിലുള്ളത്. ധോണി 33 പേരെ പുറത്താക്കിയപ്പോള്‍ സംഗക്കാര 54 പേരെയും ഗില്‍ക്രിസ്റ്റ് 52 പേരെയും പുറത്താക്കിയിട്ടുണ്ട്.

മധ്യനിരയും വാലറ്റവും ചെറുത്തു നിന്നതോടെ ഇന്ത്യയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ടട സ്‌കോര്‍. 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സുമായാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സ് അവസാനിച്ചത്. നാല് വിക്കറ്റുമായി സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയെ തകര്‍ത്തെറിയുകയായിരുന്നു. എന്നാല്‍ അവസാന ഓവറുകളില്‍ ക്രിസ് മോറിസ് ചെറുത്തു നിന്നതോടെ ദക്ഷിണാഫ്രിക്ക പൊരുതാവുന്ന സ്‌കോറിലെത്തുകയായിരുന്നു.

തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരായ ഹാഷിം അംലയേയും ക്വിന്റണ്‍ ഡികോക്കിനേയും പുറത്താക്കി പേസര്‍ ജസ്പ്രീത് ബുംറ ഇന്ത്യക്ക് മേല്‍ക്കൈ നേടി തന്നിരുന്നു.മത്സരം 3.2 ഓവറിലെത്തിയപ്പോള്‍ ദക്ഷിണ ആഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ ഹാഷിം അംല ആറ് റണ്‍സുമായാണ് പുറത്തായത്. ജസപ്രീത് ബുംറയ്ക്കാണ് വിക്കറ്റ്. ബുംറയുടെ പന്തില്‍ രോഹിത് ശര്‍മയ്ക്ക് സ്ലിപ്പില്‍ ക്യാച്ച് നല്‍കിയാണ് അംല പുറത്തായത്.

രണ്ടാം വിക്കറ്റും ബുംറ തന്നെയാണ് സ്വന്തമാക്കിയത്. അംലയ്ക്ക് പിന്നാലെ മറ്റൊരു ഓപ്പണറായ ഡികോക്കിനെയും ബുംറ വിക്കറ്റിന് മുന്നില്‍ കുടുക്കി. 5.5 ഓവറില്‍ ടീം ടോട്ടല്‍ 24 ല്‍ എത്തിയപ്പോഴാണ് ഡികോക്ക് മടങ്ങിയത്. പത്ത് റണ്‍സായിരുന്നു വ്യക്തിഗത സ്‌കോര്‍. ബുംറയുടെ പന്തില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ് ഡികോക്കിന്റെ ക്യാച്ച് സ്വന്തമാക്കിയത്.

Also Read: വിക്കറ്റെടുത്ത് തുടങ്ങി, വിക്കറ്റെടുത്ത് അവസാനിപ്പിച്ചു; ഓരോവറില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ചാഹല്‍

എന്നാല്‍ നായകന്‍ ഫാഫ് ഡുപ്ലെസിസും വാന്‍ ഡെര്‍ ഡസെനും ചേര്‍ന്നതോടെ ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സ് പതിയെ മുന്നോട്ട് നീങ്ങി. 20-ാം ഓവറില്‍ രണ്ട് പേരെയും പുറത്താക്കി ചാഹല്‍ വക ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ. ഡുപ്ലെസിസ് 38 റണ്‍സും ഡസെന്‍ 22 റണ്‍സുമായാണ് മടങ്ങിയത്. ശേഷം വന്ന ജെപി ഡുമിനിയെ അതിവേഗം കുല്‍ദീപ് മടക്കിയയച്ചു.

എന്നാല്‍ മധ്യനിരയില്‍ ഡേവിഡ് മില്ലറും ഫെലുക്വായോയും ചേര്‍ന്ന് വീണ്ടും ദക്ഷിണാഫ്രിക്കയ്ക്കായി പ്രതിരോധം തീര്‍ത്തു. രണ്ട് പേരേയും പുറത്താക്കി ചാഹല്‍ വീണ്ടും ഇന്ത്യയുടെ രക്ഷകനായി. മില്ലര്‍ 31 റണ്‍സും ഫെലുക്വായോ 34 റണ്‍സുമായാണ് പുറത്തായത്. ഇതോടെ ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സ് 200 കടക്കും മുമ്പു തന്നെ അവസാനിക്കുമെന്ന് കരുതിയെങ്കിലും ക്രിസ് മോറിസും കഗിസോ റബാഡയും തകര്‍ത്തടിച്ചതോടെ കളി മാറി. മോറിസ് 42 റണ്‍സും റബാഡ 31 റമ്#സും നേടി. മോറിസ് രണ്ട് സിക്‌സും അടിച്ചു.

നാല് വിക്കറ്റുമായി യുസ്വേന്ദ്ര ചാഹലാണ് ഇന്ത്യന്‍ ബോളര്‍മാരില്‍ തിളങ്ങിയത്. നിര്‍ണായക രണ്ട് കൂട്ടുകെട്ടുകള്‍ പൊളിച്ച ചാഹല്‍ എടുത്ത നാല് വിക്കറ്റുകളും പ്രധാനപ്പെട്ടതായിരുന്നു. ഓപ്പണര്‍മാരെ തുടക്കത്തിലെ മടക്കി അയച്ച ബുംറയുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് ഇന്ധനം നല്‍കിയത്. ഭുവനേശ്വര്‍ കുമാറും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook