ഓവല്‍: ഇന്ത്യന്‍ ആരാധകര്‍ വിരാട് കോഹ്‌ലിയെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നതിന് അതിരുകളില്ല. ഇന്ത്യയുടെ കോഹ്‌ലിയ്ക്കുള്ള തങ്ങളുടെ മറുപടിയെന്ന് പാക് ആരാധകര്‍ വിശേഷിപ്പിക്കുന്ന താരമാണ് ബാബര്‍ അസം. ഇരുവരേയും താരതമ്യം ചെയ്തുകൊണ്ട് ആരാധകര്‍ മാത്രമല്ല ഇതിഹാസ താരങ്ങളും ക്രിക്കറ്റ് പണ്ഡിതരും ഒരുപാട് തവണ രംഗത്തെത്തിയിട്ടുണ്ട്.

കോഹ്‌ലി ഓരോ ദിവസം കഴിയും തോറും പുതിയ റെക്കോര്‍ഡുകള്‍ കുറിച്ച് മുന്നേറി കൊണ്ടിരിക്കുകയാണ്. നേട്ടങ്ങളുടെ കാര്യത്തില്‍ ഇന്ത്യന്‍ നായകനൊപ്പമെത്തണമെങ്കില്‍ ബാബര്‍ അസം ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കണം. പാക്കിസ്ഥാനെതിരെ ഇന്ത്യ ഇറങ്ങുമ്പോള്‍ രണ്ട് പേരേയും താരതമ്യം ചെയ്യുമെന്നുറപ്പാണ്. ജൂണ്‍ 16 നാണ് ഇന്താ-പാക് ലോകകപ്പ് മത്സരം. മത്സരത്തിന് മുന്നോടിയായി ബാബര്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാ വിഷയം.

താന്‍ വിരാട് കോഹ്‌ലിയുടെ വീഡിയോകള്‍ കണ്ടാണ് ബാറ്റിങ് പരിശീലനം നടത്തുന്നതെന്നാണ് ബാബര്‍ പറഞ്ഞത്. കോഹ് ലിയെ പോലെ തനിക്കും ടീമിനെ ഒരുപാട് മത്സരങ്ങള്‍ ജയിപ്പിക്കണമെന്നും ബാബര്‍ ആഗ്രഹം പ്രകടിപ്പിച്ചു.

”അദ്ദേഹത്തിന്റെ ബാറ്റിങ് ഞാന്‍ കാണാറുണ്ട്. വ്യത്യസ്തമായ സാഹചര്യങ്ങളില്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് അതില്‍ നിന്നും പഠിക്കാന്‍ ശ്രമിക്കാറുണ്ട്. അദ്ദേഹത്തിന്റെ വിജയ ശതമാനവും കൂടുതലാണ്. അതും കൈവരിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്” 24 കാരനായ താരം പറഞ്ഞു

ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയതിന്റെ ബലത്തിലാണ് ഞായറാഴ്ച പാക് പട ഇറങ്ങുന്നത്. അതേസമയം, ലോകകപ്പില്‍ ഇന്ത്യ ഇതുവരെ പാക്കിസ്ഥാനോട് പരാജയപ്പെട്ടിട്ടില്ല. കഴിഞ്ഞ മത്സരത്തില്‍ ഓസ്‌ട്രേലിയയോട് 41 റണ്‍സിന് പാക്കിസ്ഥാന്‍ പരാജയപ്പെട്ടപ്പോള്‍ ഇന്ത്യയുടെ ന്യൂസിലന്‍ഡിനെതിരായ അങ്കം മഴമൂലം ഉപേക്ഷിക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook