ലണ്ടന്‍: നല്ല പ്രകടനം നടത്തിയിട്ടും ലോകകപ്പിന്റെ സെമി ഫൈനലിലെത്താതെ പുറത്തായത് നിര്‍ഭാഗ്യകരമാണെന്ന് പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ്. ഇന്ത്യ ഇംഗ്ലണ്ടിനോട് കരുതിക്കൂട്ടി തോറ്റതാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും അത്തരത്തിലുളള പ്രചരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
‘അങ്ങനെ പറയുന്നത് ശരിയല്ല. ഞങ്ങള്‍ കാരണമാണ് ഇന്ത്യ മനപ്പൂര്‍വ്വം തോറ്റതെന്ന് എനിക്ക് തോന്നുന്നില്ല. ഇംഗ്ലണ്ട് ജയിക്കാനായി നല്ല രീതിയില്‍ കളിച്ചു.’ സര്‍ഫറാസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തുടര്‍ച്ചായി നാലു മല്‍സരങ്ങളില്‍ ജയിച്ചിട്ടും ലോകകപ്പിന്റെ സെമി ഫൈനല്‍ കാണാതെ പുറത്തായതിന്റെ നിരാശയിലാണ് പാകിസ്താന്‍. ഒരു ഘട്ടത്തില്‍ വന്‍ തകര്‍ച്ച നേരിട്ട പാക് പട തുടര്‍ച്ചയായി നാലു കളികളില്‍ ജയിച്ച് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. എന്നിട്ടും കൈയെത്തുംദൂരത്ത് അവര്‍ക്കു സെമി ഫൈനല്‍ ടിക്കറ്റ് നഷ്ടമാവുകയായിരുന്നു. നെറ്റ് റണ്‍റേറ്റാണ് പാകിസ്താന് വിനയായത്.

Read More: ‘ടെലിവിഷനിലെ ദൈവങ്ങളാണവര്‍’; വിമര്‍ശിച്ച മുന്‍ താരങ്ങള്‍ക്കെതിരെ സര്‍ഫറാസിന്റെ ഒളിയമ്പ്

പാകിസ്താനും ന്യൂസിലാന്‍ഡിനും 11 പോയിന്റ് വീതമാണ് ലഭിച്ചത്. മികച്ച റണ്‍റേറ്റിന്റെ ആനുകൂല്യത്തില്‍ ന്യൂസിലാന്‍ഡ് നാലാംസ്ഥാനത്ത് ഫിനിഷ് ചെയ്ത് സെമിയിലെത്തുകയായിരുന്നു. ലോകകപ്പില്‍ ഒരു മല്‍സരത്തിലെ ദയനീയ പ്രകടനമാണ് പാകിസ്താന് സെമി ഫൈനല്‍ ബെര്‍ത്ത് നഷ്ടപ്പെടുത്തിയതെന്നു ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദ് പറഞ്ഞു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ കളിയിലെ തോല്‍വിയെയാണ് അദ്ദേഹം പരാമര്‍ശിച്ചത്. മല്‍സരത്തില്‍ വെറും 105 റണ്‍സിന് പാകിസ്താന്‍ ഓള്‍ഔട്ടായിരുന്നു. വിന്‍ഡീസ് വെറും 13.4 ഓവറില്‍ ലക്ഷ്യത്തിലെത്തുകയും ചെയ്തു.

ഇന്ത്യയോട് തോറ്റ ശേഷം ശക്തമായ തിരിച്ചുവരവാണ് ടീം നടത്തിയത്. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് ഇവയിലെല്ലാം ടീം മികച്ച പ്രകടനം കാഴ്ചവച്ചതായും അദ്ദേഹം വിശദമാക്കി. ലോകകപ്പിന്റെ സെമി ഫൈനല്‍ കാണാതെ പുറത്തായതോടെ ഇനി ഇതേക്കുറിച്ച് ചര്‍ച്ച നടത്തി ഭാവി കാര്യങ്ങള്‍ ആസൂത്രണം ചെയ്യുമെന്ന് സര്‍ഫ്രാസ് വ്യക്തമാക്കി. അടുത്ത രണ്ടു മാസം പാക് ടീമിന് മല്‍സരങ്ങളില്ല. നിലവില്‍ ടീം വിജയിച്ചു കൊണ്ടിരിക്കുന്നതിനാല്‍ വലിയ പ്രശ്‌നങ്ങളൊന്നുമില്ല. ഇമാം, ബാബര്‍, ഹാരിസ് എന്നീ ബാറ്റ്‌സ്മാന്‍മാര്‍ക്കും ആമിര്‍, ഷതാബ്, വഹാബ്, ഷഹീന്‍ തുടങ്ങിയ ബൗളര്‍മാര്‍ക്കുമാണ് ഇതിന്റെ ക്രെഡിറ്റെന്നും പാക് നായകന്‍ കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook