ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിനെതിരായ കളിയില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയുടെ ബാറ്റിങ്ങിനെ ചോദ്യം ചെയത് ഇംഗ്ലണ്ട് മുന്‍ നായകനും കമന്റേറ്ററുമായ നാസര്‍ ഹുസൈന്‍. മത്സരം ഇന്ത്യന്‍ ഇതിഹാസ താരം സൗരവ്വ് ഗാംഗുലിക്കൊപ്പം കമന്ററി ചെയ്യാനുണ്ടായിരുന്നു നാസര്‍ ഹുസൈന്‍.
ഡെത്ത് ഓവറുകളിലെ ധോണിയുടെ ബാറ്റിങ് അപ്പ്രോച്ച് തനിക്ക് മനസിലാക്കാന്‍ സാധിച്ചില്ലെന്ന് നാസര്‍ ഹുസൈന്‍ പറയുന്നു.
”ഞാന്‍ ശരിക്കും ആശയക്കുഴപ്പത്തിലാണ്. എന്താണ് സംഭവിക്കുന്നത്. ഇന്ത്യയ്ക്ക് വേണ്ടത് ഇതല്ല. ഇന്ത്യയ്ക്ക് റണ്‍സ് വേണമായിരുന്നു. പക്ഷെ, അവരെന്താണ് ചെയ്യുന്നത്? ചില ഇന്ത്യന്‍ ആരാധകര്‍ കളിക്കിടെ ഇറങ്ങിപ്പോയി. ധോണി വന്‍ അടികള്‍ക്ക് ശ്രമിക്കുന്നതായിരുന്നു അവര്‍ക്ക് കാണേണ്ടത്, അടിച്ച് പുറത്തായാലും. ഇത് ലോകകപ്പാണ്. രണ്ട് മികച്ച ടീമുകള്‍ കളിക്കുമ്പോള്‍ നിങ്ങളുടെ സര്‍വ്വവും നല്‍കണം. തങ്ങളുടെ ടീം കുറച്ചുകൂടി കളിക്കണമെന്ന് ഇന്ത്യന്‍ ആരാധകര്‍ ആഗ്രഹിക്കുന്നുണ്ടാകും. ടീം പൊരുതി തോല്‍ക്കുന്നത് കാണാനാണ് അവര്‍ ആഗ്രഹിച്ചത്. റിസ്‌ക് എടുത്ത് ജയിക്കുന്നത് കാണാന്‍” ഹുസൈന്‍ പറഞ്ഞു.
അതേസമയം, ഇന്ത്യന്‍ ഇന്നിങ്‌സിലെ ആദ്യ പത്ത് ഓവറിലും അവസാന അഞ്ച് ഓവറിലുമാണ് ഇന്ത്യ പരാജയപ്പെട്ടതെന്നാണ് ഗാംഗുലി പറയുന്നത്. ഈ രണ്ട് ഘട്ടങ്ങളിലും കൂടുതല്‍ റണ്‍സ് കണ്ടെത്താന്‍ സാധിച്ചിരുന്നെങ്കില്‍ ഇന്ത്യക്ക് അനായാസം ജയം കണ്ടെത്താമായിരുന്നു.
”മറുപടി ബാറ്റിങ്ങില്‍ രണ്ട് ഘട്ടങ്ങളിലാണ് ഇന്ത്യ പരാജയപ്പെട്ടത്. രോഹിത് ശര്‍മ്മയ്ക്കും വിരാട് കോഹ്ലിക്കും റണ്‍സ് കണ്ടെത്താന്‍ സാധിക്കാതെ വന്ന ആദ്യ പത്ത് ഓവറിലും ധോണിക്കും കേദാര്‍ ജാദവിനും റണ്‍സ് സ്വന്തമാക്കാന്‍ സാധിക്കാതെ വന്ന അവസാന അഞ്ച് ഓവറിലും,” ഗാംഗുലി പറഞ്ഞു.
ഒരിക്കലും 338 പോലൊരു വിജയലക്ഷ്യം മുന്നില്‍ വച്ച് ബാറ്റ് ചെയ്യുമ്പോള്‍ ആദ്യ പവര്‍ പ്ലേയില്‍ 28 റണ്‍സ്മാത്രം നേടുന്നത് ശരിയല്ലെന്നും, മുന്‍ നിരയില്‍ രോഹിത്തും കോഹ്ലിയും വെല്ലുവിളി ഏറ്റെടുത്ത് ബാറ്റ് വീശണമായിരുന്നെന്നും ഗാംഗുലി പറഞ്ഞു.
നിരുത്തരവാദിത്വത്തോടെ ബാറ്റ് വീശിയ കേദാര്‍ ജാദവിനെയും എം.എസ്.ധോണിയെയും ഗാംഗുലി വിമര്‍ശിച്ചു. ഇരുവരുടെയും സമീപനത്തെ വിവരിക്കാന്‍ പ്രയാസമാണെന്നായിരുന്നു ഗാംഗുലിയുടെ പ്രസ്താവന. സിക്‌സുകളും ഫോറുകളും വേണ്ടിടത്ത് സിംഗിള്‍ അടിച്ചു കളിക്കുകയാണ് ഇരുവരും ചെയ്തതെന്നും ഗാംഗുലി പറഞ്ഞു.