മുംബൈ: ഒരു എക്‌സ്ട്രാ ബാറ്റ്‌സ്മാനെ കളിപ്പിക്കാനായി വിക്കറ്റ് കീപ്പറായി മാറിയ താരമാണ് രാഹുല്‍ ദ്രാവിഡ്. മുന്‍ നായകന്‍ സൗരവ്വ് ഗാംഗുലിയുടെ കാലത്തായിരുന്നു ദ്രാവിഡ് വിക്കറ്റ് കീപ്പറാകുന്നത്. ഇതോടെ മുഹമ്മദ് കൈഫിനെ ടീമിലെടുക്കാന്‍ സാധിച്ചു. ഇന്ത്യയുടെ വിജയങ്ങളില്‍ ഏറെ നിര്‍ണായകമായ തീരുമാനമായിരുന്നു അത്.

ബാറ്റ്‌സ്മാനായിരുന്ന ദ്രാവിഡ് അത്ര അസാമാന്യ ഫില്‍ഡറായിരുന്നില്ല. ഫൂട്ട് വര്‍ക്കില്‍ വീക്കായിരുന്നു. എന്നിട്ടും ഗാംഗുലിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ദ്രാവിഡ് കീപ്പറുടെ ജോലി ഏറ്റെടുക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു. ഏറെക്കാലം ദ്രാവിഡ് ഇന്ത്യയുടെ കീപ്പിങ് റോള്‍ മനോഹരമായി തന്നെ നിര്‍വ്വഹിച്ചു. 73 ഏകദിനങ്ങളില്‍ ദ്രാവിഡ് ഇന്ത്യയ്ക്കായി വിക്കറ്റ് കീപ്പിങ് ചെയ്തു. ഇതില്‍ നിന്നും 71 ക്യാച്ചുകളും 13 സ്റ്റമ്പിങ്ങും സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.

ഒരു അഭിമുഖത്തില്‍ എങ്ങനെയാണ് ഗാംഗുലി തന്നോട് വിക്കറ്റ് കീപ്പര്‍ ആകാന്‍ ആവശ്യപ്പെട്ടതെന്ന് രാഹുല്‍ ദ്രാവിഡ് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍. 15-ാം വയസുവരെ താന്‍ കീപ്പിങ് ചെയ്തിരുന്നുവെന്നും കൂടാതെ തനിക്കായി ഇന്ത്യന്‍ ടീം പ്രത്യേക കീപ്പിങ് പരിശീലകനെ നിയമിച്ചിരുന്നുവെന്നും ദ്രാവിഡ് വെളിപ്പെടുത്തുന്നു.

”നീ ശ്രമിച്ചു നോക്കുമോ? എന്ന് എന്നോട് ചോദിച്ചു. അവസാനമായി ഞാന്‍ വിക്കറ്റ് കീപ്പിങ് ചെയ്തത് 15 വയസുള്ളപ്പോഴായിരുന്നു. ഞാനൊരു നല്ല വിക്കറ്റ് കീപ്പറുമായിരുന്നില്ല. എന്നെ വിക്കറ്റ് കീപ്പിങ് പരിശീലിപ്പിക്കാനായി ഒരു പ്രത്യേക പരിശീലനകനെ കൊണ്ടു വന്നു. ജോണ്‍ റൈറ്റിന്റെ സുഹൃത്തായിരുന്നു” ദ്രാവിഡ് പറഞ്ഞു.

”സ്ലിപ്പിലെ ഫീല്‍ഡറായിരുന്നതിനാല്‍ ക്യാച്ച ്ചെയ്യുക എളുപ്പമായിരുന്നു. പക്ഷെ എന്റെ ഫൂട്ട് വര്‍ക്ക് മോശമായിരുന്നു. അതുകൊണ്ടാണ് ലെഗ് സൈഡില്‍ ഞാനിത്ര മോശമായത്. പക്ഷെ, അത് നല്ലൊരു തീരുമാനമായിരുന്നു. ഒരു എക്‌സ്ട്രാ ബാറ്റ്‌സ്മാനെ ഉള്‍പ്പെടുത്താന്‍ സാധിച്ചു” ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.

ദിനേശ് മോംഗിയയുടെ പരുക്കിനെ തുടര്‍ന്നാണ് രാഹുല്‍ ദ്രാവിഡിനെ വിക്കറ്റ് കീപ്പറായി പരീക്ഷിക്കുന്നത്. 2002 വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലാണ് ദ്രാവിഡ് ഫുള്‍ ടൈം വിക്കറ്റ് കീപ്പറുടെ റോള്‍ ഏറ്റെടുക്കുന്നത്. 2002 ല്‍ ചാമ്പ്യന്‍സ് ട്രോഫി നേടുമ്പോഴും നാറ്റ് വെസ്റ്റ് സീരിന് നേടുമ്പോഴും 2003 ല്‍ ലോകകപ്പില്‍ റണ്ണേഴ്‌സ് അപ്പ് ആകുമ്പോഴെല്ലാം ദ്രാവിഡായിരുന്നു വിക്കറ്റ് കീപ്പര്‍. അവസാനമായി രാഹുല്‍ ദ്രാവിഡ് വിക്കറ്റ് കീപ്പിങ് ചെയ്തത് 2004 ല്‍ പാക്കിസ്ഥാനെതിരെയാണ്. പിന്നീടാണ് എംഎസ് ധോണിയെന്ന റാഞ്ചിക്കാരന്‍ വിക്കറ്റ് കീപ്പര്‍ ഇന്ത്യന്‍ ടീമിലെത്തുന്നത്. ബാക്കി ചരിത്രമാണ്.

രാഹുല്‍ ദ്രാവിഡ് എന്ന ടീം പ്ലെയറേയും അദ്ദേഹം സൗരവ്വ് ഗാംഗുലി എന്ന നായകന് നല്‍കുന്ന ബഹുമാനത്തിന്റേയും ഉത്തമ ഉദാഹരണമാണ് ഈ സംഭവം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook