മാഞ്ചസ്റ്റര്‍: ലോകകപ്പിലെ നൊമ്പരക്കാഴ്ചയായി രോഹിത് ശര്‍മ്മ. 18 റണ്‍സിന് ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ട് ഇന്ത്യ ലോകകപ്പില്‍ നിന്നും പുറത്താകുമ്പോള്‍ വിഷമം സഹിക്കാനാവാതെ വിതുമ്പുന്ന രോഹിത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയെ ദുഖത്തിലാഴ്ത്തുകയാണ്.

ഇന്ത്യയുടെ മുന്‍നിര തകര്‍ന്നടിഞ്ഞതിന് പിന്നാലെയായിരുന്നു രോഹിത്തിന്റെ സങ്കടം കണ്ണുനീരായി ഒഴുകിയത്. ഈ ലോകകപ്പില്‍ ഏറ്റവും സ്ഥിരതയോടെ ഇന്ത്യയ്ക്കായി ബാറ്റ് ചെയ്ത താരമാണ് രോഹിത്. ഈ ലോകകപ്പില്‍ മാത്രം അഞ്ച് സെഞ്ചുറികളാണ് രോഹിത് ശര്‍മ്മ നേടിയത്. എന്നാല്‍ ഇന്ന് ഒരു റണ്‍ മാത്രമാണ് രോഹിത്തിന് നേടാനായത്.

മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ തകര്‍ന്നടിഞ്ഞ മത്സരത്തില്‍ മധ്യനിരയാണ് ഇന്ത്യയ്ക്കായി പൊരുതിയത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മ, കെഎല്‍ രാഹുല്‍, നായകന്‍ വിരാട് കോഹ്ലി എന്നിവര്‍ ഒരു റണ്‍ മാത്രമെടുത്ത് മടങ്ങിയപ്പോള്‍ യുവതാരങ്ങളായ ഋഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയും പിടിച്ചു നിന്നു. 32 റണ്‍സുമായാണ് രണ്ട് പേരും പുറത്താകുന്നത്. എന്നാല്‍ പിന്നീട് ചേര്‍ന്ന ധോണി-ജഡേജ കൂട്ടുകെട്ട് ഇന്ത്യയുടെ പ്രതീക്ഷകളെ ഉയിര്‍ത്തെഴുന്നേറ്റു.

പതിയെ തുടങ്ങി ആഞ്ഞ് വീശുന്ന കൊടുങ്കാറ്റായിരുന്നു ജഡേജ. 59 പന്തുകളില്‍ നിന്നും നാല് സിക്‌സും നാല് ഫോറുമടക്കം 77 റണ്‍സാണ് ജഡേജ അടിച്ചെടുത്തത്. ഒരു വശത്ത് ധോണി സിംഗിളുകളിലൂടെ സ്‌ട്രൈക്ക് മാറിയപ്പോള്‍ ജഡജേ തകര്‍ത്തടിക്കുകയായിരുന്നു. ഇരുവരും ക്രീസിലുണ്ടെങ്കില്‍ ജയിക്കാന്‍ ആകുമെന്ന് ഇന്ത്യന്‍ ആരാധകര്‍ ഉറച്ച് വിശ്വസിച്ചിരുന്നു.

എന്നാല്‍ സ്‌കോര്‍ 208 ലെത്തി നില്‍ക്കെ ട്രെന്റ് ബോള്‍ട്ടിന്റെ പന്തില്‍ ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണിന്റെ ക്യാച്ചില്‍ ജഡേജ പുറത്തായതോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു. തൊട്ടു പിന്നാലെ തന്നെ ഗപ്റ്റിലിന്റെ എണ്ണം പറഞ്ഞൊരു ത്രോയില്‍ ധോണിയും പുറത്തായതോടെ ഇന്ത്യയുടെ ലോകകപ്പ് മോഹം അവസാനിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook