ലണ്ടന്‍: ന്യൂസിലന്‍ഡിനെതിരെ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംലക്ക് റെക്കോര്‍ഡ്. ഏകദിന ക്രിക്കറ്റില്‍ അതിവേഗം 8000 റണ്‍സ് പിന്നിടുന്ന രണ്ടാമത്തെ ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡാണ് അംല സ്വന്തമാക്കിയത്. 176 മത്സരങ്ങളില്‍ നിന്നാണ് അംല 8000 റണ്‍സ് പിന്നിട്ടത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയാണ് അതിവേഗം 8000 കടന്ന താരം. 175 മത്സരങ്ങളില്‍ നിന്നുമാണ് കോഹ്ലി 8000 കടന്നത്.

ഏകദിനത്തില്‍ അതിവേഗം 2000, 3000, 4000, 5000, 6000, 7000 റണ്‍സ് തികയ്ക്കുന്ന ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡ് കോഹ്‌ലിയെ പിന്നിലാക്കിയാണ് അംല സ്വന്തമാക്കിയത്. ലോകകപ്പിന് മുമ്പ് 90 റണ്‍സായിരുന്നു അംലക്ക് 8000 റണ്‍സ് പിന്നിടാന്‍ വേണ്ടിയിരുന്നത്. 171 ഇന്നിംഗ്‌സുകള്‍ മാത്രമെ അംല കളിച്ചിരുന്നുള്ളൂ. എന്നാല്‍ തുടക്കത്തിലെ മോശം പ്രകടനങ്ങള്‍ താരത്തിന് വിനയായി. 182 മത്സരങ്ങളില്‍ നിന്ന് 8000 റണ്‍സ് പിന്നിട്ട ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലിയേഴ്‌സാണ് മൂന്നാം സ്ഥാനത്ത്.

അതേസമയം, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ന്യൂസിലന്‍ഡിന് 242 റണ്‍സിന്റെ വിജയലക്ഷ്യം. മധ്യനിരയുടെ വെടിക്കെട്ട് പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. മഴമൂലം 49 ഓവറാക്കി ചുരുക്കി മത്സരത്തില്‍ ടോസ് നേടിയ കിവികള്‍ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

തുടക്കത്തില്‍ തന്നെ അഞ്ച് റണ്‍സെടുത്ത ക്വിന്റണ്‍ ഡികോക്കിനെ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. എന്നാല്‍ നായകന്‍ ഫാഫ് ഡുപ്ലെസിസിനെ കൂട്ടുപിടിച്ച് ഹാഷിം അലം പതിയെ സ്‌കോര്‍ ഉയര്‍ത്തി. 23 റണ്‍സെടുത്ത ഡുപ്ലെസിസിനെ പുറത്താക്കി ഫെര്‍ഗൂസണ്‍ കിവികള്‍ക്ക് ബ്രേക്ക് ത്രൂ നല്‍കി. എന്നാല്‍ എയ്ഡന്‍ മര്‍ക്രം വന്നതോടെ കളി വീണ്ടും ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമായി.

അര്‍ധ സെഞ്ചുറിയെടുത്ത അംലയെ സാന്റ്‌നറാണ് പുറത്താക്കിയത്. മര്‍ക്രം 38 റണ്‍സുമായി പുറത്തായി. മധ്യനിരയില്‍ വാന്‍ ഡര്‍ ഡസെനും ഡേവിഡ് മില്ലറും പൊരുതി. വലിയ അടികളുണ്ടായില്ലെങ്കിലും സ്‌കോര്‍ പതിയെ മുന്നോട്ട് നീങ്ങി. ഡസെന്‍ 64 പന്തില്‍ 67 റണ്‍സ് നേടി. മില്ലര്‍ 37 പന്തില്‍ 36 റണ്‍സും.

മൂന്ന് വിക്കറ്റെടുത്ത ലോക്കി ഫെര്‍ഗൂസനാണ് ന്യൂസിലന്‍ഡ് ബോളര്‍മാരില്‍ താരം. ട്രെന്റ് ബോള്‍ട്ടും സാന്റ്‌നറും ഗ്രാന്റ്‌ഹോമും ഒാരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook