ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സലാ വെറുമൊരു സ്‌ട്രൈക്കര്‍ മാത്രമല്ല ആരാധകര്‍ക്ക്. തങ്ങളുടെ രാജകുമാരനാണ്. വര്‍ഷങ്ങളായി കാത്തിരുന്ന കിരീടം നേടിത്തരാന്‍ അവതരിച്ചവനാണ്. അതുകൊണ്ട് തന്നെ സലാ ഓരോ ഗോളടിക്കുമ്പോഴും ലിവര്‍പൂള്‍ ആരാധകര്‍ ഇങ്ങനെ പാടും,’നി ഇനിയും സ്‌കോര്‍ ചെയ്യൂ, ഞങ്ങള്‍ നിനക്കായി മുസ്ലീമാകാം”.
സലായുടെ ഈ അസാധാരണമായ പ്രശസ്തിയെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഇമിഗ്രേഷന്‍ പോളിസി ലാബിനെ ഒരു പഠനത്തിലേക്ക് നയിച്ചിരിക്കുകയാണ്. ഒരു വിഭാഗത്തില്‍ പെടുന്ന താരങ്ങളുടെ പ്രശസ്തി ഈ വിഭാഗത്തിനെതിരേയുള്ള അസിഹ്ഷുണതയും മുന്‍ വിധിയും കുറയ്ക്കുമോ എന്നതായിരുന്നു പഠനം. അതെ എന്ന ഉത്തരത്തിലാണ് ഒടുവിലവര്‍ ചെന്നെത്തിയത്. സലായുടെ സാന്നിധ്യം ലിവര്‍പൂള്‍ ആരാധകരില്‍ മുസ്ലീങ്ങളോടുള്ള സമീപനത്തില്‍ മാറ്റം വരുത്തിയിരിക്കുന്നു.
ഈ ഉത്തരത്തിലേക്ക് എത്തിയത് മൂന്ന് വഴികളിലൂടെയാണെന്നാണ് പഠനം നടത്തിയവര്‍ പറയുന്നത്.
ഒന്ന്, വിദ്വേഷ കുറ്റകൃത്യങ്ങളുടെ അളവിലുണ്ടായ കുറവാണ് ആദ്യം പരിഗണിച്ചത്. മുഹമ്മദ് സലാ ലിവര്‍പൂളിലെത്തിയതോടെ നഗരത്തിലെ ഹേറ്റ് ക്രൈമുകളില്‍ 18.9 ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്.
രണ്ടാമത്തേത്, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ ആരാധകരുടെ 15 മില്യണ്‍ ട്വീറ്റുകളാണ് ഇവര്‍ പഠന വിധേയമാക്കിയത്. സലാ വന്നതോടെ ലിവര്‍പൂള്‍ ആരാധകരുടെ മുസ്ലീം വിരുദ്ധ ട്വീറ്റുകളില്‍ 53.2 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ടെന്നാണ് കണ്ടെത്തിയത്.
സലായ്ക്ക് ലഭിച്ച സ്വീകരണം ആരാധകരെ മുസ്ലീമുകളെ കൂടുതല്‍ അടുത്തറിയാന്‍ സഹായിച്ചിട്ടുണ്ടെന്ന് പഠനം പറയുന്നു. 8060 ലിവര്‍പൂള്‍ ആരാധകരില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനത്തിലെത്തിയത്. ഇസ്ലാമിനെ കുറിച്ചുള്ള മുന്‍വിധിയിലും ഗണ്യമായ കുറവുണ്ടാക്കാന്‍ താരത്തിന്റെ സാന്നിധ്യത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് പഠനം പറയുന്നു.
റോമയില്‍ നിന്നും 34 മില്ല്യണ്‍ ബ്രിട്ടീഷ് പൗണ്ടിനാണ് 2017 ല്‍ സലാ ലിവര്‍പൂളില്‍ എത്തുന്നത്. പിന്നീട് ലിവര്‍പൂളിനെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ എത്തിക്കാനും, 2019 ല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടികൊടുക്കാനും സലായ്ക്കായി.