ലോകകപ്പ് ആവേശത്തിന് അരങ്ങുണരാന്‍ ഇനി അധിക നാളുകളില്ല. വിരാട് കോഹ്ലിയും സംഘവും ഇംഗ്ലണ്ടില്‍ പറന്നിറങ്ങിയത് കിരീടം നേടാന്‍ ഏറ്റവും അധികം സാധ്യതയുള്ള ടീമുകളിലൊന്നെന്ന പേരുമായാണ്. ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമാകാന്‍ പോകുന്നത് ഹാര്‍ദ്ദിക് പാണ്ഡ്യയെന്ന പവര്‍ ഹിറ്റിങ് ഓള്‍ റൗണ്ടറുടെ പ്രകടനമാണ്. തന്റെ ആദ്യ ലോകകപ്പിനാണ് പാണ്ഡ്യ തയ്യാറെടുക്കുന്നത്.

കന്നി ലോകകപ്പിനായി ഇംഗ്ലണ്ടിലെത്തിയ പാണ്ഡ്യ ട്വിറ്ററില്‍ പങ്കുവെച്ചൊരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. 2011 ല്‍ എംഎസ് ധോണി നയിച്ച ഇന്ത്യ ലോകകപ്പ് ഉയര്‍ത്തിയത് ആഘോഷിക്കുന്ന തന്റേയും സുഹൃത്തുക്കളുടേയും ചിത്രമാണ് പാണ്ഡ്യ പങ്കുവെച്ചിരിക്കുന്നത്. ലോകകപ്പ് വിജയത്തിന്റെ ആവേശം നിറഞ്ഞ ചിത്രമാണ് പാണ്ഡ്യ പങ്കുവെച്ചത്. എല്ലാവരുടെ മുഖത്തും ആവേശവും സന്തോഷവും നിറഞ്ഞു നില്‍ക്കുന്നു.

ഇതോടൊപ്പം മറ്റൊരു ചിത്രവും പാണ്ഡ്യ പങ്കുവെച്ചിട്ടുണ്ട്. അത് ഇന്ത്യന്‍ ഡ്രസ്സിങ് റൂമില്‍ നിന്നുമുള്ളതാണ്. ലോകകപ്പിനായി ഇംഗ്ലണ്ടിലെത്തിയപ്പോള്‍ എടുത്ത ചിത്രമാണിത്. ചിത്രത്തില്‍ മുന്‍ നായകന്‍ എംഎസ് ധോണി, ശിഖര്‍ ധവാന്‍, ജസ്പ്രീത് ബുംറ എന്നിവരുമുണ്ട്. 2011 ല്‍ ഇന്ത്യയുടെ ലോകകപ്പ് വിജയം ആഘോഷിച്ചു, 2019 ല്‍ ഇന്ത്യയ്ക്കായി ലോകകപ്പ് കളിക്കുന്നു. സ്വപ്‌ന സാക്ഷാത്കാരം എന്നാണ് ചിത്രം പങ്കുവെച്ചു കൊണ്ട് പാണ്ഡ്യ കുറിച്ചത്.

ഹാര്‍ദ്ദിക് പാണ്ഡ്യയെന്ന പവര്‍ ഹിറ്ററുടെ പ്രകടനത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ഈ ലോകകപ്പില്‍ ലോകം മൊത്തം കാത്തിരിക്കുന്ന പ്രകടനങ്ങളിലൊന്നാണ് പാണ്ഡ്യയുടേത്. മുന്‍ നിര തുടങ്ങി വെക്കുന്നത് അവസാന ഓവറുകളില്‍ കത്തിക്കയറി മികച്ചൊരു ടോട്ടലിലേക്കും വിജയത്തിലേക്കുമെല്ലാം എത്തിക്കേണ്ട ഉത്തരവാദിത്വം പാണ്ഡ്യയുടേതാണ്. ബാറ്റു കൊണ്ടും പന്തുകൊണ്ടും ഒരുപോലെ അപകടം വിതയ്ക്കാന്‍ പാണ്ഡ്യയ്ക്ക് ആകുമെന്നതാണ് താരത്തെ വ്യത്യസ്തനാക്കുന്നത്. എത്ര സമ്മര്‍ദ്ദം നിറഞ്ഞ സാഹചര്യത്തിലും ഭയമില്ലാതെ ബാറ്റ് വീശാനും ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് കഴിയും.

വിരാട് കോഹ്ലി നയിക്കുന്ന ടീമിന് വീണ്ടും ലോകകപ്പ് ഇന്ത്യയിലെത്തിക്കാന്‍ സാധിക്കുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റു നോക്കുന്നത്. അതിനുള്ള എല്ലാ പ്രതിഭയും ഇന്ത്യന്‍ നിരയിലുണ്ട്. ലോക ചാമ്പ്യന്മാര്‍ക്ക് ചേര്‍ന്ന പ്രകടനം പുറത്തെടുക്കുന്നുമുണ്ട്. ഈ ലോകകപ്പിനെത്തുന്ന ടീമുകളില്‍ കിരീടം ഉയര്‍ത്താന്‍ സാധ്യതയുള്ളവരില്‍ ഏറ്റവും മുന്നിലുള്ള ടീമുകളിലൊന്നാണ് ഇന്ത്യ. അതുകൊണ്ട് തന്നെ പ്രതീക്ഷയുടെ സമ്മര്‍ദ്ദവും ടീമിനു മേലുണ്ട്. അതിനെക്കൂടി അതിജീവിച്ച് വേണം വിരാടും സംഘവും ഇംഗ്ലണ്ടിലിറങ്ങുക. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook