ഓവല്‍: ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും കൂടുതല്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്ന താരങ്ങളിലൊരാളാണ് ഹാര്‍ദ്ദിക് പാണ്ഡ്യ. വെടിക്കെട്ട് ബാറ്റിങ്ങിലൂടേയും ബോളിങിലൂടേയും പാണ്ഡ്യ ഇന്ത്യയുടെ താരമായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ മത്സരങ്ങളില്‍ താരം ആ പ്രതീക്ഷകള്‍ക്ക് ഒത്ത് ഉയരുകയും ചെയ്ത്. ഇപ്പോഴിതാ പാണ്ഡ്യയെ കുറിച്ച് ആവേശകരമായൊരു പ്രവചനം നടത്തിയിരിക്കുകയാണ് ഓസീസ് ഇതിഹാസം സ്റ്റീവ് വോ.

ലോകകപ്പില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ തിളങ്ങുമെന്നും 1999 ലെ ലോകകപ്പില്‍ ലാന്‍സ് ക്ലൂസ്‌നറുടെ പ്രകടനം പോലെയായിരിക്കും പാണ്ഡ്യയുടെ ഈ ലോകകപ്പെന്നും സ്റ്റീവ് വോ പറയുന്നു. പാണ്ഡ്യയുടെ കൂറ്റന്‍ അടികളെ തടയാന്‍ എതിര്‍ ടീം ക്യാപ്റ്റന്‍മാര്‍ പാടുപെടുമെന്നും സ്റ്റീവ് വോ പറയുന്നു.

ഓസ്‌ട്രേിലയക്കെതിരായ മത്സരത്തില്‍ 27 പന്തുകളില്‍ നിന്നും പാണ്ഡ്യ 48 റണ്‍സ് നേടിയിരുന്നു. പാണ്ഡ്യയുടെ വെടിക്കെട്ട് ഇന്നിങ്‌സിന്റെ കൂടെ കരുത്തിലാണ് ഇന്ത്യ അഞ്ചിന് 352 എന്ന കൂറ്റന്‍ സ്‌കോറിലെത്തിയത്. പിന്നാലെ ഓസ്‌ട്രേലിയയെ 316 ന് പുറത്താക്കി ഇന്ത്യ 36 റണ്‍സിന് കളി ജയിക്കുകയും ചെയ്തിരുന്നു.

Read More: ലോകകപ്പ് ഓര്‍മ്മകള്‍: പടിക്കല്‍ കലമുടച്ച റണ്ണൗട്ട്, തിരിഞ്ഞ് നോക്കാതെ നടന്ന ക്ലൂസ്‌നര്‍
”എതിരാളികളുടെ നട്ടെല്ലിലൂടെ ഒരു വിറയല്‍ കടത്തിവിടാന്‍ പാണ്ഡ്യയ്ക്ക് സാധിക്കും. 1999 ലോകകപ്പിലെ ലാന്‍സ് ക്ലൂസ്‌നര്‍ക്ക് തുല്യനാണ് ഇയാള്‍. മിക്കവരും ഫിനിഷ് ചെയ്യുന്നത് പോലെ തകര്‍ത്തടിച്ച് തുടങ്ങാന്‍ പാണ്ഡ്യയ്ക്ക് കഴിയും. ഒരു എതിര്‍ ടീം നായകനും തടയാനാകില്ല” വോ പറയുന്നു.

കഴിഞ്ഞ കളിയില്‍ മൂന്ന് സിക്‌സുകളും നാല് ഫോറുമായിരുന്നു പാണ്ഡ്യ അടിച്ച് കൂട്ടിയത്. 1999 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായിരുന്നു ലാന്‍സ് ക്ലൂസ്‌നര്‍. ലോവര്‍ ഓര്‍ഡറില്‍ ഇറങ്ങി എതിരാളികളെ തല്ലിത്തകര്‍ക്കുന്ന ക്ലൂസ്‌നര്‍ ഇന്നും മായാത്ത ഓര്‍മ്മയാണ്. 122.17 സ്‌ട്രൈക്ക് റേറ്റില്‍ 281 റണ്‍സായിരുന്നു അന്ന് ക്ലൂസ്‌നര്‍ നേടിയത്.

അതേസമയം, ഓപ്പണര്‍ ശിഖര്‍ ധവാന്റെ പരുക്ക് ഇന്ത്യന്‍ ടീമിന് തിരിച്ചടിയാകുന്നു. തള്ളവിരലിന് പരുക്കേറ്റ ധവാന് മൂന്ന് ആഴ്ചത്തെ വിശ്രമമാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. അതിനാല്‍ ധവാന് പകരം ആരെയാകും ഇന്ത്യന്‍ ടീമിലേക്ക് എത്തിക്കുക എന്ന ആശങ്കയിലാണ് ടീം ഇപ്പോള്‍.

നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഋഷഭ് പന്തിന്റെ പേരാണ് ഉയര്‍ന്നു വരുന്നത്. അങ്ങനെയെങ്കില്‍ നാലാമനായി ഇറങ്ങുന്നതിന് പകരം കെഎല്‍ രാഹുലിനെ ഓപ്പണ്‍ ചെയ്യിക്കാനായിരിക്കും ടീമിന്റെ തീരുമാനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook