ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരം കാണാന്‍ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെയും എത്തിയിരുന്നു. ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറ കാണാനും സുന്ദര്‍ പിച്ചെ എത്തി. ഇതിന്റെ ചിത്രം സച്ചിന്‍ തന്നെ ട്വീറ്റ് ചെയ്തിട്ടുണ്ട്. ചിത്രത്തിന് സച്ചിന്‍ നല്‍കിയ അടിക്കുറിപ്പ് രസകരമായിരുന്നു.’ഇത് സുന്ദര്‍ പിക് അല്ലേ’ എന്നായിരുന്നു ട്വീറ്റ് ചെയ്തു കൊണ്ട് സച്ചിന്‍ ചോദിച്ചത്.

ഇതിന് മറുപടിയുമായി സുന്ദര്‍ പിച്ചെ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയുടെ വാക്കുകള്‍ കടമെടുത്തു കൊണ്ടായിരുന്നു സുന്ദര്‍ പിച്ചെയുടെ മറുപടി.”മഹി ഭായ് പറയുന്നത് പോലെ, ബഹുത്ത് ബഡിയാ. നിങ്ങള്‍ക്കൊപ്പം കളി കാണാന്‍ സാധിച്ചതില്‍ സന്തോഷം, ഒരുപാട് ഓര്‍മ്മകള്‍ തിരികെ വന്നു” എന്നായിരുന്നു പിച്ചെയുടെ മറുപടി.

‘ബഹുത്ത് ബഡിയാ’ എന്നത് വിക്കറ്റ് കീപ്പറായ ധോണി കളിക്കിടെ ബോളര്‍മാരെ മോട്ടിവേറ്റ് ചെയ്യാനായി സ്ഥിരമായി ഉപയോഗിക്കുന്ന പ്രയോഗമാണ്. സ്റ്റമ്പ് മൈക്കിള്‍ പലപ്പോഴും ഈ വാക്കുകള്‍ പതിഞ്ഞിട്ടുണ്ട്. ലോകകപ്പിലും പലവട്ടം ധോണി ഇത്തരത്തില്‍ ബോളര്‍മാരെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.

അതേസമയം, സുന്ദര്‍ പിച്ചെയും സച്ചിനും ഒരുമിച്ച് കാണാനെത്തിയ മത്സരം ഇന്ത്യ പരാജയപ്പെടുകയായിരുന്നു. ലോകകപ്പില്‍ അപരാജിതരായി കുതിച്ചു കൊണ്ടിരുന്ന ഇന്ത്യയുടെ ആദ്യ പരാജയമായിരുന്നു ഇത്. എന്നാല്‍ തൊട്ടടുത്ത മത്സരത്തില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഇന്ത്യ സെമി ഉറപ്പിച്ചു. ശ്രീലങ്കയാണ് ഇന്ത്യയുടെ അടുത്ത എതിരാളികള്‍.

നിലവിലെ സാഹചര്യത്തില്‍ ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് എന്നീ ടീമുകളായിരിക്കും സെമിയിലെത്തുക. പാക്കിസ്ഥാന്‍-ബംഗ്ലാദേശ് മത്സരത്തില്‍ അത്ഭുതം സംഭവിച്ചാല്‍ മാത്രമേ പാക്കിസ്ഥാന് സെമിയിലെത്താന്‍ സാധിക്കുകയുള്ളൂ. ഇപ്പോഴത്തെ പട്ടിക പ്രകാരം ഇംഗ്ലണ്ടായിരിക്കും സെമിയില്‍ മിക്കവാറും ഇന്ത്യയുടെ എതിരാളികള്‍.

ഇന്ത്യയെ തോല്‍പ്പിച്ച ബര്‍മിങ്ഹാം തമ്മില്‍ തന്നെയായിരിക്കും ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലള്ള സെമി പോരാട്ടവും. അതേസമയം, ഇന്ത്യ അവസാന മത്സരത്തില്‍ ശ്രീലങ്കയേയും ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയയേയും പരാജയപ്പെടുത്തിയാല്‍ ഇംഗ്ലണ്ടിന് സെമിയില്‍ നേരിടേണ്ടി വരിക ഓസ്‌ട്രേലിയയെ ആയിരിക്കും. അപ്പോള്‍ ഇന്ത്യയും ന്യൂസിലന്‍ഡും സെമയില്‍ ഏറ്റുമുട്ടും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook