ടോന്റണ്‍: കൈവിട്ട കളി ഓസ്‌ട്രേലിയ തിരികെ പിടിച്ചത് സര്‍ഫ്രാസ് അഹമ്മദിന്റെ പുറത്താകലിലൂടെയാണ്. ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് സര്‍ഫ്രാസിനെ തകര്‍പ്പനൊരു റണ്ണൗട്ടിലൂടെ പുറത്താക്കിയത്.

കെയ്ന്‍ റിച്ചാര്‍ഡ്സണിന്റെ പന്തിലാണ് സംഭവം. ഷഹീന്‍ അഫ്രീദി കവറിലൂടെ ഡ്രൈവ് ചെയ്തു. എന്നാല്‍ പന്ത് പണിപ്പെട്ട് പിടിച്ചെടുത്ത മാക്‌സ്‌വെല്‍ ബോളിങ് എന്‍ഡിലേക്ക് എറിഞ്ഞു. പന്ത് സ്റ്റമ്പില്‍ പതിക്കുമ്പോള്‍ സര്‍ഫ്രാസ് ക്രീസിന് ഏറെ പുറത്തായിരുന്നു.

അതേസമയം, ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരം 41 റണ്‍സിന് സ്വന്തമാക്കി വിജയവഴിയെ തിരിച്ചെത്തി ഓസ്‌ട്രേലിയ. വാര്‍ണറുടെയും ഫിഞ്ചിന്റെയും ബാറ്റിങ് പ്രകടനത്തില്‍ മികച്ച സ്‌കോര്‍ കണ്ടെത്തിയ ഓസ്‌ട്രേലിയക്ക് വേണ്ടി പാറ്റ് കമ്മിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കും ചേര്‍ന്ന് പാക്കിസ്ഥാനെ എറിഞ്ഞ് കൂടി വീഴ്ത്തിയതോടെ ടൂര്‍ണമെന്റില്‍ കങ്കാരുപ്പടയ്ക്ക് മൂന്നാം ജയം. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 308 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ ഇന്നിങ്‌സ് 266 റണ്‍സിന് അവസാനിച്ചു.

Alos Read: ഫോബ്‌സ് പട്ടിക: ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഏക ക്രിക്കറ്റ് താരമായി വിരാട് കോഹ്ലി

വാര്‍ണറുടെ സെഞ്ചുറിയും ഫിഞ്ചിന്റെ അര്‍ധസെഞ്ചുറിയും കൂടിയായതോടെയാണ് പാക്കിസ്ഥാനെതിരെ മികച്ച സ്‌കോറിലേക്ക് ഓസ്‌ട്രേലിയ എത്തിയത്. 49 ഓവറില്‍ പത്ത് വിക്കറ്റ് നഷ്ടത്തിലാണ് 307 റണ്‍സെന്ന സ്‌കോറിലെത്തിയത്. മികച്ച സ്‌കോറിലേക്ക് നീങ്ങിയ ഓസിസിനെ അവസാന ഓവറുകളില്‍ മുഹമ്മദ് ആമിറും സംഘവും പിടിച്ചുകെട്ടുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ തുടക്കം മുതല്‍ അടിച്ചുകളിച്ചു. മികച്ച ഓപ്പണിങ് കൂട്ടുകെട്ട് ഓസ്‌ട്രേലിയ്ക്ക് ഉറപ്പുള്ള അടിത്തറ നല്‍കി. ഒന്നാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത ശേഷമാണ് നായകന്‍ ആരോണ്‍ ഫിഞ്ച് ക്രീസ് വിട്ടത്. മുഹമ്മദ് ആമിറാണ് കൂട്ടുകെട്ട് പൊളിച്ചത്. ടീം സ്‌കോര്‍ 146ല്‍ നില്‍ക്കെയാണ് ഫിഞ്ചിന്റെ മടക്കം. 84 പന്തില്‍ 82 റണ്‍സായിരുന്നു നായകന്റെ സമ്പാദ്യം, ഇതില്‍ ആറ് ഫോറും നാല് സിക്‌സും ഉള്‍പ്പെടുന്നു.

Alos Read: നീ എനിക്കിപ്പോള്‍ കൂടുതല്‍ പ്രിയപ്പെട്ടവനെന്ന് ദാദ; ‘നന്ദി ദാദി’ എന്ന് യുവി

ഫിഞ്ചിന് പിന്നാലെ എത്തിയ സ്മിത്തും ഗ്ലെന്‍ മാക്‌സ്‌വെല്ലും അതിവേഗം മടങ്ങിയെങ്കിലും വാര്‍ണര്‍ ക്രീസില്‍ തന്നെ നിലയുറപ്പിച്ചു. സ്മിത്ത് പത്ത് റണ്‍സുമായി മടങ്ങിയപ്പോള്‍ പത്ത് പന്തില്‍ 20 റണ്‍സ് നേടിയ ശേഷമാണ് ഗ്ലെന്‍ മാക്‌സ്‌വെല്‍ പുറത്തായത്. എന്നാല്‍ വാര്‍ണര്‍ സെഞ്ചുറി തികച്ച ശേഷമാണ് കൂടാരം കയറിയത്. 111 പന്തില്‍ 11 ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 107 റണ്‍സാണ് വാര്‍ണര്‍ അടിച്ചുകൂട്ടിയത്.

എന്നാല്‍ വാര്‍ണര്‍ മടങ്ങിയതോടെ ഓസ്‌ട്രേലിയയുടെ റണ്‍റേറ്റ് കുത്തനെ ഇടിഞ്ഞു. ഷോണ്‍ മാര്‍ഷ് പൊരുതി നോക്കിയെങ്കിലും അധികം ആയുസുണ്ടായില്ല. 23 റണ്‍സിന് മാര്‍ഷും പുറത്തായി. ഉസ്മാന്‍ ഖ്വാജയെ അമിറും പുറത്താക്കിയതോടെ ഓസ്‌ട്രേലിയ വീണ്ടും തകര്‍ച്ചയിലേക്ക്. 18 റണ്‍സുമായാണ് ഖ്വാജ മടങ്ങിയത്. ഏഴാമനായി എത്തിയ അലക്‌സ് ക്യാരിയുടെ ചെറുത്തുനില്‍പ്പും ഫലം കണ്ടില്ല. വാലറ്റം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞതോടെ ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സ് 307 റണ്‍സിന് അവസാനിച്ചു.

പാക്കിസ്ഥാന് വേണ്ടി മുഹമ്മദ് ആമിര്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. ഷാഹിന്‍ അഫ്രീദി രണ്ടും ഹസന്‍ അലി വഹാബ് റിയാസ് മുഹമ്മദ് ഹഫീസ് എന്നിവര്‍ ഒരോ വിക്കറ്റും സ്വന്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook