ലോര്‍ഡ്‌സ്: വൈറലായി ഗ്ലെന്‍ മാക്‌സ്‌വെല്ലും ആരോണ്‍ ഫിഞ്ചും ചേര്‍ന്നെടുത്ത റിലേ ക്യാച്ച്. ഇംഗ്ലണ്ടിനെതിരായ കളിയില്‍ ക്രിസ് വോക്‌സിനെ പുറത്താക്കാനാണ് ഇരുവരും ചേര്‍ന്നൊരു ക്യാച്ചെടുത്തത്.

ജെയ്‌സണ്‍ ബെഹ്‌റന്‍ഡോഫ് എറിഞ്ഞ 42-ാം ഓവറിലാണ് സംഭവം. വോക്‌സ് ലെഗ് സൈഡിലേക്ക് പന്ത് പറത്തി വിടുന്നു. ബൗണ്ടറി ലൈനിന് തൊട്ടരികെ വച്ച് മാക്‌സ്‌വെല്‍ പന്ത് പിടിയിലൊതുക്കുന്നു. ചാടി പന്ത് പിടിയിലൊതുക്കിയ മാക്‌സ്‌വെല്‍ താന്‍ ബൗണ്ടറി ലൈനിന് പുറത്തേക്ക് വീഴുമെന്ന് വ്യക്തമായതോടെ പന്ത് ഫിഞ്ചിന് എറിഞ്ഞു നല്‍കി. ഫിഞ്ച് ആ പന്ത് അനായാസം കൈപ്പിടിയിലൊതുക്കി.

ലോകകപ്പിൽ കരുത്തർ നേർക്കുനേർ വന്ന മത്സരത്തിൽ ആതിഥേയർക്കെതിരെ കങ്കാരുക്കൾ തകർപ്പൻ ജയമാണ് നേടിയത്. സ്റ്റോക്സിന്റെ രക്ഷാപ്രവർത്തനത്തിനും ഇംഗ്ലണ്ടിനെ രക്ഷിക്കാൻ സാധിക്കാതെ വന്നതോടെ 64 റൺസിനായിരുന്നു ഇംഗ്ലണ്ടിന്റെ തോൽവി. ഓസ്ട്രേലിയ ഉയർത്തിയ 286 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് ഇന്നിങ്സ് 221 റൺസിൽ അവസാനിച്ചു. 45-ാം ഓവറിൽ ഇംഗ്ലണ്ടിന്റെ എല്ലാ താരങ്ങളും കൂടാരം കയറുകയായിരുന്നു.

സ്വന്തം കാണികൾക്ക് മുന്നിൽ ജയം പ്രതീക്ഷിച്ചിറങ്ങിയ ഇംഗ്ലണ്ടിന് ബോളിങ്ങിൽ കരുത്ത് കാട്ടാൻ സാധിച്ചെങ്കിലും ബാറ്റിങ്ങിൽ പിഴച്ചു. 286 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ടിന് അക്കൗണ്ട് തുറക്കും മുമ്പ് ഓപ്പണർ ജെയിംസ് വിൻസിനെ നഷ്ടമായി. അത് വരാനിക്കുന്ന വൻ ദുരന്തത്തിന്റെ സൂചനയായിരുന്നു. 15 റൺസിൽ ജോ റൂട്ടും 26ൽ ഇയാൻ മോർഗനും വീണതോടെ ഇംഗ്ലണ്ട് തകർച്ചയിലേക്ക് കൂപ്പുകുത്തി. ടീം സ്കോർ 53 എത്തിയപ്പോഴേക്കും ജോണി ബെയർസ്റ്റോയും വീണതോടെ പതനം പൂർത്തിയായെന്ന് കരുതിയ ഇടത്താണ് ബെൻ സ്റ്റോക്സ് ക്രീസിലെത്തിയത്.

അഞ്ചാമനായി ക്രീസിലെത്തിയ ബെൻ സ്റ്റോക്സ് ജോസ് ബട്‌ലറോടൊപ്പം ചേർന്ന് രക്ഷപ്രവർത്തനം ആരംഭിച്ചു. ബട്‌ലറിനൊപ്പവും ക്രിസ് വോക്സിനൊപ്പവും അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത സ്റ്റോക്സ് ഇംഗ്ലണ്ടിന്റെ ജയ സാധ്യതകൾക്ക് വീണ്ടും ജീവൻ നൽകി. എന്നാൽ സ്റ്റോക്സിന്റെ കുറ്റിതെറിപ്പിച്ച സ്റ്റാർക്ക് ഇംഗ്ലണ്ടിന്റെ പ്രതീക്ഷകൾ കൂടിയാണ് തകർത്തത്. അവസാന ഓവറുകളിൽ ആദിൽ റഷിദ് പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല. 44.4 ഓവറിൽ 221ന് എല്ലാവരും പുറത്ത്.

ഒമ്പത് വിക്കറ്റ് വീഴ്ത്തിയ പേസ് നിരയാണ് ഇംഗ്ലണ്ടിന്റെ നട്ടെല്ല് ഒടിച്ചത്. ജേസൺ ബെഹ്‌റൻഡോർഫ് അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ മിച്ചൽ സ്റ്റാർക്കിന്റെ സമ്പാദ്യം നാല് വിക്കറ്റായിരുന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയക്ക് മികച്ച തുടക്കമാണ് ഓപ്പണർമാരായ ഡേവിഡ് വാർണറും നായകൻ ആരോൺ ഫിഞ്ചും നൽകിയത്. ഒന്നാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടുമായി മുന്നേറിയ സഖ്യം പൊളിച്ചത് മൊയിൻ അലിയായിരുന്നു. അർധസെഞ്ചുറി നേടിയ വാർണറെ മൊയിൻ അലി ജോ റൂട്ടിന്റെ കൈകളിൽ എത്തിച്ചു. 61 പന്തിൽ 53 റൺസുമായി വാർണർ കളം വിട്ടതിന് പിന്നാലെ കാര്യമായ കൂട്ടുകെട്ടകൾ സൃഷ്ടിക്കാൻ ഓസ്ട്രേലിയക്ക് സാധിച്ചില്ല.

മൂന്നമനായി ഇറങ്ങിയ ഉസ്മാൻ ഖ്വാജ 23 റൺസുമായി പുറത്തായി. സെഞ്ചുറിക്ക് പിന്നാലെ നായകൻ ഫിഞ്ചും മടങ്ങിയതോടെ ഓസ്ട്രേലിയ 185ന് മൂന്ന് എന്ന നിലയിലായി. 116 പന്തുകൾ നേരിട്ട ഫിഞ്ച് 100 റൺസാണ് നേടിയത്. 11 ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ഫിഞ്ചിന്റെ ഇന്നിങ്സ്. സ്റ്റീവ് സ്മിത്തും ഗ്ലെൻ മാക്സ്‌വെല്ലും കൂറ്റനടികൾക്ക് മുതിർന്നെങ്കിലും ക്രീസിൽ അധികം ആയുസുണ്ടായില്ല. 38 റൺസായിരുന്നു സ്മിത്തിന്റെ സമ്പാദ്യം.

അവസാന ഓവറുകളിൽ ഓസ്ട്രേലിൻ സ്കോറിങ് വേഗത കുറയുകയും വിക്കറ്റുകൾ വീഴുകയും ചെയ്തതോടെ സ്കോർ 289 റൺസിൽ അവസാനിച്ചു. ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് വോക്സ്, ജോഫ്രാ ആർച്ചർ, മാർക്ക വുഡ്, ബെൻ സ്റ്റോക്സ്, മൊയിൻ അലി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook