സതാംപ്ടണ്‍: ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വിരാടും സംഘവും ഇറങ്ങുന്നതോടെ ഇന്ത്യന്‍ ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കും. ഇന്ത്യയുടെ ലോകകപ്പിലെ ആദ്യ മത്സരം അന്നാണ്. ദക്ഷിണാഫ്രിക്ക ഇതിനോടകം തന്നെ രണ്ട് മത്സരങ്ങള്‍ കളിച്ചു കഴിഞ്ഞു. രണ്ടും പരാജയമായിരുന്നു. അതിനാല്‍ ലോകകപ്പുയര്‍ത്താന്‍ സാധ്യതകല്‍പ്പിക്കുന്ന ഇന്ത്യ തന്നെയാണ് മത്സരത്തിലെ ഫേവറേറ്റുകള്‍.

ലോക ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനായ വിരാട് കോഹ്ലിയും ഒന്നാം നമ്പര്‍ ബോളര്‍ ജസ്പ്രീത് ബുംറയും ഇന്ത്യന്‍ നിരയിലുണ്ട്. വിക്കറ്റിന് പിന്നില്‍ കളിക്കളത്തിലെ ബുദ്ധിരാക്ഷസനായ ധോണിയുമുണ്ട്. കൂടാതെ ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും. എന്നാല്‍ ഇവരൊന്നുമല്ല മറ്റൊരു താരമായിരിക്കും ലോകകപ്പില്‍ തിളങ്ങുകയെന്നാണ് ഓസ്‌ട്രേലിയന്‍ ഇതിഹാസം ഗ്ലെന്‍ മഗ്രാത്ത് പറയുന്നത്.

ലോകകപ്പിലെ താരമായി മഗ്രാത്ത് തിരഞ്ഞെടുക്കുന്നത് ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെയാണ്. ഇന്ത്യ കപ്പുയര്‍ത്തിയ 2011 ലെ ലോകകപ്പില്‍ യുവരാജ് സിങ്ങിന് സമാനമായിരിക്കും ഈ ലോകകപ്പില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെന്ന് മഗ്രാത്ത് പറയുന്നു. ദിനേശ് കാര്‍ത്തിക് മികച്ച ഫിനിഷറാണെന്നും മഗ്രാത്ത് പറഞ്ഞു. 2011 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായിരുന്നു യുവരാജ് സിങ്.

Read More: ആദ്യ അങ്കത്തിന് മുമ്പ് ബുംറയ്ക്ക് വാഡയുടെ ഉത്തേജക മരുന്ന് പരിശോധന: ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക

ഇന്ത്യയുടെ ബോളിങ് നിരയേയും മഗ്രാത്ത് പ്രശംസിച്ചു. ജസ്പ്രീത് ബുംറയുടെ സാന്നിധ്യമാണ് ഇന്ത്യയെ അപകടകാരികളാക്കുന്നതെന്ന് ബുംറ പറയുന്നു.”ജസ്പ്രീത് ബുംറയുള്ള അവരുടെ ബോളിങ് നിര ലോകത്തിലെ ഏറ്റവും മികച്ചതാണ്. അവന്‍ എറിയുന്ന യോര്‍ക്കറുകളൊക്കെ മനോഹരമാണ്. ലോകകപ്പില്‍ തിളങ്ങാന്‍ സാധിക്കുന്ന ടീമുണ്ടവര്‍ക്ക്” മഗ്രാത്ത് പറഞ്ഞു.

വലിയ ടൂര്‍ണമെന്റുകളില്‍ ജയിച്ചിട്ടുള്ള ധോണിയുടെ സാന്നിധ്യം ഇന്ത്യക്ക് ഗുണം ചെയ്യുമെന്നും ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ധോണിയുടെ പ്രകടനം പ്രതീക്ഷ നല്‍കുന്നതാണെന്നും മഗ്രാത്ത് പറയുന്നു.

Also Read: നായകനെത്തിയില്ല, ഇന്ത്യന്‍ ടീമിന്റെ പത്രസമ്മേളനത്തില്‍ നിന്നും മാധ്യമ പ്രവര്‍ത്തകര്‍ ഇറങ്ങിപ്പോയി

നാളെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. പിന്നാലെ ഇന്ത്യ ഓസ്‌ട്രേലിയയേും ന്യൂസിലന്‍ഡിനേയു നേരിടും. വിരാട് കോഹ്ലിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ ആദ്യ ലോകകപ്പാണിത്. മൂന്നാം തവണയും ഇന്ത്യയ്ക്ക് ലോകകപ്പ് ഉയര്‍ത്താനാകുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്.

അതേസമയം, ലോകകപ്പ് മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയെ ഉത്തേജക മരുന്ന് പരിശോധനയ്ക്ക് വിധേയനാക്കി. ലോക ഉത്തേജക മരുന്ന് വിരുദ്ധ ഏജന്‍സിയായ വാഡയാണ് താരത്തിന്റെ മൂത്രത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook