ലണ്ടന്‍: ലോകകപ്പ് ഫൈനലിലെ അമ്പയറിങ്ങിനെതിരെ വിമര്‍ശനവുമായി അമ്പയറിങ്ങിലെ ഇതിഹാസമായ സൈമണ്‍ ടോഫല്‍. വിവാദമായ ഓവര്‍ ത്രോയില്‍ ആറ് റണ്‍സ് ഇംഗ്ലണ്ടിന് നല്‍കിയത് വലിയ പിഴവാണെന്നാണ് മുന്‍ അമ്പയറായ ടോഫല്‍ ആരോപിക്കുന്നത്.
ഐസിസിയുടെ നിയമപ്രകാരം അഞ്ച് റണ്‍സ് മാത്രമാണ് നല്‍കാന്‍ കഴിയുമായിരുന്നത് എന്നും അങ്ങനെയെങ്കില്‍ ആറ് റണ്‍സ് നല്‍കാന്‍ എങ്ങനെയാണ് അമ്പയര്‍മാര്‍ തീരുമാനിച്ചതെന്നും വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് ടോഫലും രംഗത്തെത്തിയത്.
അവസാന ഓവറിലായിരുന്നു വിവാദമായ ഓവര്‍ ത്രോ. ഇംഗ്ലണ്ടിന് മൂന്ന് പന്തില്‍ ഒമ്പത് റണ്‍സ് വേണമെന്നിരിക്കെയാണ് സ്റ്റോക്‌സിന്റെ ബാറ്റില്‍ കൊണ്ട് പന്ത് ബൗണ്ടറി ലൈന്‍ കടന്നു പോകുന്നത്. ഇതോടെ ഇംഗ്ലണ്ടിന് ആറ് റണ്‍സ് ലഭിച്ചു. അതേസമയം, ആ ഓവര്‍ ത്രോയാണ് ന്യൂസിലന്‍ഡിന് കപ്പ് നഷ്ടമാക്കിയതെന്ന് പറയുന്നത് ശരിയല്ലെന്നും ടോഫല്‍ അഭിപ്രായപ്പെട്ടു.
”തീര്‍ച്ചയായും ടിവി റീപ്ലേകള്‍ കാണിച്ചത് മറ്റൊന്നാണ്. ഇത്തരം സാഹചര്യങ്ങളിലെ ബുദ്ധിമുട്ട് ബാറ്റ്‌സ്മാന്‍ റണ്‍ കംപ്ലീറ്റ് ചെയ്യുന്നുണ്ടോ എന്ന് നോക്കണം, പന്ത് എടുക്കുന്നതും ത്രോയും ആ സമയത്ത് ബാറ്റ്‌സ്മാന്‍ എവിടെയാണെന്നുമൊക്കെ നോക്കണമെന്നതാണ്” ടോഫല്‍ പറഞ്ഞു. അന്തിമഫലം നിശ്ചയിക്കുന്ന തരത്തില്‍ അമ്പയര്‍മാര്‍ ഇടപെടേണ്ടി വന്നത് രണ്ട് ടീമിനേയും സംബന്ധിച്ച് വിഷമകരമാണന്നും ടോഫല്‍ പറഞ്ഞു.