ശ്രീലങ്കക്കെതിരെ നായകന്റെ റോൾ ഭംഗിയാക്കി 153 റൺസ് ഫിഞ്ച് അടിച്ചുകൂട്ടി. പാക്കിസ്ഥാനെതിരെ നേടിയ അർധസെഞ്ചുറി ശ്രീലങ്കക്കെതിരെ എത്തിയപ്പോൾ സെഞ്ചുറി ആക്കിയെന്ന് മാത്രമല്ല 150 കടത്താനും ഫിഞ്ചിന് സാധിച്ചു. മത്സരത്തിലെ തകർപ്പൻ ബാറ്റിങ്ങിൽ ഒരുപിടി റെക്കോർഡുകളും ഫിഞ്ച് തിരുത്തിയെഴുതി. സ്വന്തം ടീമംഗമായ ഉസ്മാൻ ഖ്വാജയുടെ റെക്കോർഡായിരുന്നു അതിൽ പ്രധാനപ്പെട്ടത്. നടപ്പ് കലണ്ടർ വർഷത്തിൽ ഏകദിന ഫോർമാറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി ഫിഞ്ച് മാറി. ഉസ്മാൻ ഖ്വാജയെ മറികടന്നാണ് ഫിഞ്ച് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്.

മത്സരം ആരംഭിക്കുന്നതിന് മുമ്പ് ഖ്വാജയ്ക്ക് 36 റൺസിന് പിന്നിലായിലിരുന്ന ഫിഞ്ച് റെക്കോർഡ് തിരുത്തുകയും കരിയറിലെ തന്റെ 14-ാം സെഞ്ചുറി തികക്കുകയും ചെയ്തു. ഇന്നത്തെ മത്സരത്തോടെ ഫിഞ്ചിന്റെ ഈ വർഷത്തെ ആകെ സമ്പാദ്യം 974 റൺസായി. ഇതിനോടകം മൂന്ന് സെഞ്ചുറികളും ആറ് അർധസെഞ്ചുറികളും തികച്ചാണ് ഫിഞ്ച് റൺവേട്ടയിൽ കുതിക്കുന്നത്.

ഒസിസ് താരം ഉസ്മാൻ ഖ്വജയാണ് രണ്ടാം സ്ഥാനത്ത് (867). ഇന്ത്യൻ താരം രോഹിത് ശർമ്മ 735 റൺശുമായി മൂന്നാം സ്ഥാനത്തും 723 റൺസ് നേടിയ കിവി താരം റോസ് ടെയ്ലർ നാലാം സ്ഥാനത്തുമാണ്. അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ അക്കൗണ്ടിലുള്ളത് 711 റൺസാണ്.

നായകന്‍ ആരോണ്‍ ഫിഞ്ച് മുന്നില്‍ നിന്നു നയിച്ചപ്പോള്‍ ഓസ്‌ട്രേലിയയ്ക്ക് ശ്രീലങ്കയ്‌ക്കെതിരെ 334 റണ്‍സ്. ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഓസ്‌ട്രേലിയ ഈ സ്‌കോറിലെത്തിയത്. ഓപ്പണര്‍ ഫിഞ്ചിന്റെ സെഞ്ചുറിയാണ് മികച്ച സ്‌കോറിന് പിന്നില്‍. ഡേവിഡ് വാര്‍ണറും ഫിഞ്ചും ചേര്‍ന്ന് മികച്ച പിന്തുണ നല്‍കിയെങ്കിലും 26 റണ്‍സെടുത്തു നില്‍ക്കെ വാര്‍ണറെ ഡിസില്‍വ പുറത്താക്കി. പിന്നാലെ വന്ന ഉസ്മാന്‍ ഖ്വാജ 10 റണ്‍സ് മാത്രമെടുത്തും മടങ്ങി. എന്നാല്‍ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് ക്രീസിലെത്തിയതോടെ കളി വീണ്ടും ഓസ്‌ട്രേലിയയ്ക്ക് അനുകൂലമായി. സ്മിത്തും ഫിഞ്ചും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 132 പന്തുകളില്‍ നിന്നും 153 റണ്‍സാണ് ഫിഞ്ച് നേടിയത്. ഇതില്‍ അഞ്ച് സിക്‌സും 15 ഫോറുമുള്‍പ്പെടും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook