ട്രെന്റ് ബ്രിഡ്ജ്: ഇന്ന് ഓസ്‌ട്രേലിയക്കെതിരെ കളിക്കാനിറങ്ങും മുമ്പ് വരെ സൗമ്യ സര്‍ക്കാരിന്റെ അക്കൗണ്ടിലുണ്ടായിരുന്നത് ഒരേയൊരു വിക്കറ്റ് മാത്രമായിരുന്നു. ഓപ്പണിങ് ബാറ്റ്‌സ്മാനായ സൗമ്യ നായകന്‍ മൊര്‍ത്താസ പന്തേല്‍പ്പിക്കുമ്പോള്‍ അത്ഭുതങ്ങളൊന്നും ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് ബംഗ്ലാദേശിന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ബോളര്‍ സൗമ്യ സര്‍ക്കാരാണ്.

ട്രെന്റ് ബ്രിഡ്ജില്‍ ബംഗ്ലാദേശിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത് നായകന്‍ ആരോണ്‍ ഫിഞ്ചിന്റെ വിക്കറ്റെടുത്ത് സൗമ്യ സര്‍ക്കാരാണ്. 21-ാം ഓവറിലാണ് ഫിഞ്ച് പുറത്താകുന്നത്. 47 പന്തുകളില്‍ നിന്നും 53 റണ്‍സെടുത്തു നില്‍ക്കെയാണ് ഫിഞ്ചിനെ സൗമ്യ പുറത്താക്കുന്നത്. ഷോര്‍ട്ട് തേഡ് മാനില്‍ റൂബലിന് ക്യാച്ച് നല്‍കിയാണ് ഫിഞ്ച് മടങ്ങിയത്.

വിക്കറ്റെടുത്ത സന്തോഷം സൗമ്യ സര്‍ക്കാര്‍ ആഘോഷിച്ചത് ഇരുകൈകളും ചുരുട്ടി പിടിച്ച് ചാടി കൊണ്ടായിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോള്‍ അടിച്ചാല്‍ ചാടുന്നതിന് സമാനമായിരുന്നു സര്‍ക്കാരിന്റെ വിക്കറ്റ് ആഘോഷവും. ഈ സാമ്യത കണ്ടതും ഐസിസി ഒട്ടും മടിക്കാതെ രണ്ട് താരങ്ങളുടേയും ചിത്രം സഹിതം ട്വീറ്റ് ചെയ്തു. ജനനത്തിന് പിന്നാലെ പിരിക്കപ്പെട്ട ഇരട്ടകളെന്നാണ് ഐസിസി രണ്ട് പേരേയും വിശേഷിപ്പിച്ചത്.

എന്നാല്‍ ഐസിസിയുടെ ഈ താരതമ്യം ചെയ്യല്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് അത്ര പിടിച്ചിട്ടില്ല. ഇതിത്തിരി ഓവറായില്ലേ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ചിലരാകട്ടെ പോസ്റ്റ് ഡിലീറ്റ് ചെയ്യാനും ആവശ്യപ്പെടുന്നുണ്ട്.