അഫ്ഗാനിസ്ഥാനെതിരെ ഇംഗ്ലണ്ട് നായകൻ ഇയാൻ മോർഗൻ സെഞ്ചുറി തികച്ചത് 57 പന്തുകളിലായിരുന്നു. ഇംഗ്ലണ്ടിനെ കൂറ്റൻ സ്കോറിലേക്ക് നയിക്കുക മാത്രമല്ല ഒരുപിടി റെക്കോർഡുകൾ കൂടി മറികടക്കുന്ന പ്രകടനമാണ് മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ മോർഗൻ കാഴ്ചവെച്ചത്. ലോകകപ്പ് ചരിത്രത്തിലെ തന്നെ അതിവേഗ നാലാമത്തെ സെഞ്ചുറി ഇനി മോർഗന്റെ പേരിലായിരിക്കും. 57 പന്തുകളിൽ നിന്ന് സെഞ്ചുറി തികച്ച മോർഗൻ 17 സിക്സറുകളും നാല് ഫോറും ഉൾപ്പടെ 71 പന്തിൽ നിന്ന് 148 റൺസെടുത്ത ശേഷമാണ് ക്രീസ് വിട്ടത്.

ഇന്ത്യയിൽ 2011ൽ നടന്ന ലോകകപ്പിൽ അയലണ്ടിന്റെ കെവിൻ ഒബ്രേയിൻ 50 പന്തിൽ നേടിയ സെഞ്ചുറിയാണ് ലോകകപ്പിലെ അതിവേഗ സെഞ്ചുറി. 2015ൽ ഓസ്ട്രേലിയയുടെ ഗ്ലെൻ മാക്സ്‌വെൽ 51 പന്തിലും ദക്ഷിണാഫ്രിക്കയുടെ എബി.ഡി.വില്ല്യേഴ്സ് 52 പന്തിലും സെഞ്ചുറി തികച്ചിരുന്നു. ഈ പട്ടികയിലേക്കാണ് മോർഗനും എത്തുന്നത്.

ഒരു ഏകദിന മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സർ പായിക്കുന്ന താരമായും മോർഗൻ മാറി. 17 തവണയാണ് അഫ്ഗാൻ ബോളർമാരെ മോർഗൻ ബൗണ്ടറിക്ക് മുകളിലൂടെ പറത്തിയത്. ഇന്ത്യൻ താരം രോഹിത് ശർമ്മയുടെയും ദക്ഷിണാഫ്രിക്കൻ താരം എബി.ഡി.വില്ല്യേഴ്സിന്റെയും റെക്കോർഡാണ് മോർഗൻ മറികടന്നത്. 16 സിക്സുകളാണ് ഇരുവരുടെയും അക്കൗണ്ടിലുള്ളത്.

ലോകകപ്പിൽ ഒരും ഇംഗ്ലീഷ് താരം നേടുന്ന ഏറ്റവും കൂടുതൽ സിക്സുകളും ഇനി മോർഗന്റെ പേരിലായിരിക്കും. ഒമ്പത് സിക്സുകൾ നേടിയ ഡേവിഡ് ഗോവറായിരുന്നു ഇംഗ്ലിഷ് ബാറ്റ്സ്മാന്മാരിൽ മുന്നിൽ. മോർഗന്റെ 17 സിക്സറുകൾ ഉൾപ്പടെ 25 സിക്സുകളാണ് ഇംഗ്ലണ്ട് അടിച്ച് പറത്തിയത്. ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ടീമായും ഇംഗ്ലണ്ട് മാറി. 2019 ലോകകപ്പിൽ ഇതോടെ മോർഗൻ നേടിയ സിക്സുകളുടെ എണ്ണം 22 സിക്സായി.

സിക്സറുകളിലൂടെയാണ് താരം സെഞ്ചുറി തികച്ചതെന്നും പറയാം. അതായത് 17 സിക്സറുകളിൽ നിന്ന് മോർഗൻ നേടിയത് 102 റൺസ്.

Also Read: അഫ്ഗാന്റെ മാറ് പിളർന്ന് മോർഗൻ, വെടിക്കെട്ടുമായി റൂട്ടും ബെയർസ്റ്റോയും; വിജയലക്ഷ്യം 398

കന്നി ജയം തേടിയിറങ്ങിയ അഫ്ഗാനിസ്ഥാനെതിരെ 397 റൺസാണ് ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത്. നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് 337 എന്ന കൂറ്റൻ സ്കോറിലെത്തിയത്. നായകൻ ഇയാൻ മോർഗന്റെയും സെഞ്ചുറി ബാറ്റിങ് മികവിലായിരുന്നു ഇംഗ്ലണ്ടിന്റെ കുതിപ്പ്. നായകന് കരുത്ത് പകർന്ന് റൂട്ടും ബെയർസ്റ്റോയും കളം നിറഞ്ഞതോടെ ഇംഗ്ലണ്ടിനെ പിടിച്ചുകൊട്ടാൻ അഫ്ഗാന് സാധിച്ചില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook