ബര്‍മിങ്ഹാം: ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരവും ലോകകപ്പിലെ കമന്റേറ്റര്‍മാരിലൊരാളുമായ സഞ്ജയ് മഞ്ജരേക്കറിനെതിരെ ആഞ്ഞടിച്ച് ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ. തനിക്കെതിരെ കഴിഞ്ഞ ദിവസം സഞ്ജയ് മഞ്ജരേക്കര്‍ നടത്തിയ ‘ബിറ്റ്‌സ് ആന്റ് പീസസ്’ പ്രയോഗമാണ് ജഡേജയെ ചൊടിപ്പിച്ചത്.

‘ജഡേജയെ പോലെയുള്ള താരങ്ങളുടെ ഫാനല്ല ഞാന്‍. ഏകദിനത്തില്‍ സ്ഥാനമില്ല അയാള്‍ക്കിന്ന്. പക്ഷെ ടെസ്റ്റില്‍ നല്ല ബോളറാണ്” എന്നായിരുന്നു ജഡേജയെ കുറിച്ച് മഞ്ജരേക്കര്‍ പറഞ്ഞത്. ലോകകപ്പില്‍ ഒരു മത്സരം വരെ ഇതുവരെ കളിച്ചിട്ടില്ലെങ്കിലും ഫീല്‍ഡിങ്ങില്‍ പകരക്കാരനായി ഇറങ്ങി ജഡേജ നിര്‍ണായകമായ ക്യാച്ചുകളും മറ്റും നേടിയിട്ടുണ്ട്.

”നിങ്ങളേക്കാള്‍ ഇരട്ടി മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് ഞാന്‍. ഇപ്പോഴും കളിക്കുന്നു. ആളുകളെ ബഹുമാനിക്കാന്‍ പഠിക്കൂ. നിങ്ങളുടെ വിടുവായത്തം കേട്ട് മതിയായി” എന്നായിരുന്നു ജഡേജയുടെ മറുപടി. ഇന്ത്യയ്ക്കായി 151 ഏകദിനങ്ങള്‍ കളിച്ചിട്ടുണ്ട് ജഡേജ. ഇതില്‍ നിന്നും 2035 റണ്‍സും 174 വിക്കറ്റും നേടിയിട്ടുണ്ട്. അതേസമയം, മഞ്ജരേക്കര്‍ 74 ഏകദിനങ്ങളാണ് കളിച്ചത്. അതില്‍ നിന്നും 1994 റണ്‍സാണ് നേടിയിട്ടുള്ളത്.

മഞ്ജരേക്കറുടെ കമന്ററിക്കെതിരെ ആരാധകര്‍ക്കിടയിലും പ്രതിഷേധം ശക്തമാണ്. ധോണിയ്‌ക്കെതിരെ കമന്ററിയില്‍ മഞ്ജരേക്കര്‍ നടത്തിയ പ്രസ്താവനകളാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്. ലോകകപ്പിലുടനീളം മഞ്ജരേക്കറുടെ കമന്ററിയ്‌ക്കെതിരെ ആരാധകര്‍ രംഗത്തെത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook