ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ശ്രീലങ്ക നേടിയ ജയത്തിന് പിന്നിലെ പ്രധാന കരുത്ത് ലസിത് മലിംഗയായിരുന്നു. എന്നാൽ മത്സരത്തിന് മുമ്പ് സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ പരിഹസിക്കപ്പെട്ടതും മലിംഗ തന്നെ. ഡ്രസിങ് റൂമിലെ മലിംഗയുടെ കുടവയർ വ്യക്തമാകുന്ന ചിത്രം ഉപയോഗിച്ചായിരുന്നു ഒരു വിഭാഗം ആരാധകർ മലിംഗയെ ട്രോളിയത്. എന്നാൽ മലിംഗയുടെ നേതൃത്വത്തിൽ നേടിയ വിജയത്തിന് പിന്നാലെ താരത്തിന് അതെ ഫോട്ടോ ഉപയോഗിച്ച് ആശംസ അറിയിച്ചിരിക്കുകയാണ് മുൻനായകൻ മഹീല ജയവർദ്ധന.
ടൂർണമെന്റിൽ ഒരു ജയം മാത്രം സ്വന്തമാക്കാൻ പറ്റിയിരുന്ന ശ്രീലങ്ക ആതിഥേയരായ ഇംഗ്ലണ്ടിനെ നേരിടാനെത്തിയപ്പോൾ ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല ഒരു ജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തിട്ടും തകർന്നടിഞ്ഞ ബാറ്റിങ് നിര അതിന് അടിവരയിടുകയും ചെയ്തു. നിശ്ചിത ഓവറിൽ 232 റൺസിന് ശ്രീലങ്കൻ ഇന്നിങ്സ് അവസാനിച്ചു. ടൂർണമെന്റിൽ മിന്നും ഫോമിൽ തുടരുന്ന ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിരയ്ക്ക് അത് അത്ര വലിയ വിജയലക്ഷ്യമല്ലായെന്ന് തന്നെയാണ് ഓവരും പ്രതീക്ഷിച്ചത്. എന്നാൽ ആ പ്രതീക്ഷകളെയെല്ലാം അസ്ഥാനത്താക്കി മലിംഗയും കൂട്ടാരും ഇംഗ്ലണ്ടിനെ 186 റൺസിലൊതുക്കി.
പേസര്‍ ലസിത് മലിംഗയുടെ നാല് വിക്കറ്റ് പ്രകടനമാണ് ലങ്കയ്ക്ക് ചരിത്ര വിജയം സമ്മാനിച്ചത്. ഇതോടെ ലസിത് മലിംഗ അമ്പതാം ലോകകപ്പ് വിക്കറ്റ് എന്ന നേട്ടവും സ്വന്തമായി. ഇംഗ്ലണ്ടിന്റെ നാലു മുന്‍നിര ബാറ്റ്സ്മാന്മാരെ വീഴ്ത്തി കൊണ്ടാണ് മലിംഗയുടെ ഈ നേട്ടം.
ഇതിന് പിന്നാലെയാണ് മുൻ നായകന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് എത്തുന്നത്. ” നന്നായി പന്തെറിഞ്ഞു മലി. ആരാധകർക്ക് വേണ്ടി കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഈ ഫോട്ടോ ഇപ്പോൾ ഇവിടെ പങ്കുവക്കാമെന്ന് കരുതുന്നു” ചിത്രത്തിനൊപ്പം മഹീല കുറിച്ചു.
ഓപ്പണർമാരായ ജെയിംസ് വിൻസ്, ജോണി ബെയർസ്റ്റോ എന്നിവരെ പുറത്താക്കിയ മലിംഗ പിന്നാലെ ജോ റൂട്ടിനെയും ജോസ് ബട്ലറെയും മടക്കുകയായിരുന്നു. മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയവരുടെ കൂട്ടത്തില്‍ നാലാം സ്ഥാനത്തെത്താനും മലിംഗക്കായി. 49 വിക്കറ്റുകള്‍ സ്വന്തമായുണ്ടായിരുന്ന ശ്രീലങ്കയുടെ തന്നെ ചാമിന്ദ വാസിനെയാണ് മലിംഗ മറികടന്നത്.
ഇനി മലിംഗയ്ക്ക് മുന്നിലുള്ളത് 55 വിക്കറ്റുകള്‍ വീഴ്ത്തിയ പാക്കിസ്ഥാന്റെ വസിം അക്രവും 68 വിക്കറ്റുകള്‍ വീഴ്ത്തിയ ലങ്കയുടെ തന്നെ മുത്തയ്യ മുരളീധരനും 71 വിക്കറ്റുകള്‍ സ്വന്തമായുള്ള ഓസ്ട്രേലിയയുടെ ഗ്ലെന്‍ മക്ഗ്രാത്തുമാണ്. 36 മത്സരങ്ങളില്‍ നിന്നാണ് അക്രം 55 വിക്കറ്റുകള്‍ വീഴ്ത്തിയത്. അതിനാല്‍ ഈ ഫോം തുടര്‍ന്നാല്‍ മലിംഗയ്ക്ക് അക്രമിന്റെ റെക്കോര്‍ഡ് മറി കടക്കാനാകും. 25 ഇന്നിംഗ്സുകളില്‍ നിന്നാണ് മലിംഗയുടെ നേട്ടം.