scorecardresearch
Latest News

ICC World Cup 2019: ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിരയെ നേരിടാൻ ദക്ഷിണാഫ്രിക്കയുടെ ബോളിങ് നിര

രാജ്യന്തര ക്രിക്കറ്റിലെ വമ്പന്മാരാണെങ്കിലും കിരീടം സ്വന്തമാക്കാൻ ഇതുവരെ സാധിക്കാത്ത രണ്ട് ടീമുകളാണ് ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും

ICC World Cup 2019: ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിരയെ നേരിടാൻ ദക്ഷിണാഫ്രിക്കയുടെ ബോളിങ് നിര

ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ പന്ത്രണ്ടാം പതിപ്പിന് ഇന്ന് തുടക്കമാകും. ആദ്യ മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ നേരിടും. രാജ്യന്തര ക്രിക്കറ്റിലെ വമ്പന്മാരാണെങ്കിലും കിരീടം സ്വന്തമാക്കാൻ ഇതുവരെ സാധിക്കാത്ത രണ്ട് ടീമുകളാണ് ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും. ഇത്തവണ ആ ചീത്തപേര് മാറ്റുക എന്ന ലക്ഷ്യത്തോടെ ഇറങ്ങുന്ന ഇരു രാജ്യങ്ങളും ജയത്തോടെ തുടങ്ങാനുള്ള ശ്രമത്തിലാകുമെന്ന് ഉറപ്പ്. ലണ്ടനിലെ ഓവലിൽ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് മത്സരം ആരംഭിക്കുന്നത്.

Also Read: ICC Cricket World Cup 2019: ഇനി ലോകകപ്പ് കാലം

ലോകകപ്പ് മുന്നോടിയായി നടന്ന പരമ്പരയിൽ വൻ ജയം സ്വന്തമാക്കിയാണ് ഇരു ടീമുകളും എത്തുന്നത്. ശ്രീലങ്കയ്ക്കെതിരെ അഞ്ച് മത്സരങ്ങളും ജയിച്ചാണ് ദക്ഷിണാഫ്രിക്ക എത്തുന്നതെങ്കിൽ പാക്കിസ്ഥാനെതിരെ നാല് മത്സരങ്ങളും തൂത്തുവാരിയാണ് ഇംഗ്ലണ്ടിന്റെ വരവ്. ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരാണ് ഇംഗ്ലണ്ട്. ദക്ഷിണാഫ്രിക്കയാകട്ടെ മൂന്നാം സ്ഥാനക്കാരും.

Also Read: ICC World Cup Time Table 2019: ഓരോ ടീമും നേർക്കുനേർ; ലോകകപ്പ് മത്സരക്രമം

ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിരയും ദക്ഷിണാഫ്രിക്കയുടെ ബോളിങ് നിരയും തമ്മിലുള്ള പോരാട്ടമാകും ഇന്നത്തേത്. റണ്ണൊഴുകുന്ന ഇംഗ്ലണ്ടിന്റെ പിച്ചുകളിൽ ആർക്ക് തിളങ്ങാനാകുമെന്ന് കാത്തിരുന്ന് കാണണം. കഗിസോ റബാഡ എന്ന കംപ്ലീറ്റ് പേസർ ദക്ഷിണാഫ്രിക്കൻ നിരയിലുള്ളത് ടീമിന് കരുത്തേകുമ്പോൾ ബാറ്റിങ്ങിൽ കളി നിയന്ത്രിക്കാനാകും ഇംഗ്ലണ്ടിന്റെ നീക്കം.

ഈ വർഷം കളിച്ച 14 ഏകദിന മത്സരങ്ങളിൽ അഞ്ചിലും 350ന് മുകളിൽ ടീം സ്കോർ ഉയർത്താണ ഇംഗ്ലണ്ടിന് സാധിച്ചിരുന്നു. ഒരു തവണ സ്കോർ 400ഉം കടന്നു.

Also Read: ICC World Cup 2019: ‘ഇക്കുറിയില്ലെങ്കില്‍ പിന്നൊരിക്കലുമില്ല’; കന്നി കീരിടം തേടി ക്രിക്കറ്റിന്റെ ഗോഡ് ഫാദേഴ്സ്

ഇന്ത്യൻ പ്രീമിയർ ലീഗിൽ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത ജോണി ബെയർസ്റ്റോയും ജോസ് ബട്‌ലറും തന്നെയാണ് ടീമിന്റെ പ്രധാന കരുത്ത്. ഒപ്പം നായകൻ ഇയാൻ മോർഗണും ഓൾറൗണ്ടർമാരായ മൊയിൻ അലിയും ബെൻ സ്റ്റോക്സും എല്ലാം ചേരുന്നതോടെ ഇംഗ്ലണ്ടിനെ പിടിച്ചുകൊട്ടുക പ്രൊട്ടീയാസുകൾക്ക് അത്ര എളുപ്പമാകില്ല. ബാറ്റിങ്ങിലെ പോലെ ആരേയും പേടിപ്പിക്കുന്ന താരനിര ഇല്ലെന്നതാണ് ഇംഗ്ലണ്ടിന്റെ ബോളിങ് നിരയെ ദുര്‍ബലപ്പെടുത്തുന്നത്. ബെന്‍ സ്‌റ്റോക്ക്‌സും ലിയാന്‍ പ്ലങ്കറ്റും മാര്‍ക്ക് വുഡും ഡേവിഡ് വില്ലിയുമാണ് പേസ് നിരയിലുള്ളത്.

ബോളിങ്ങിൽ കരുത്ത് കാട്ടാനിറങ്ങുന്ന ദക്ഷിണാഫ്രിക്കക്ക് പേസർ ഡെയ്ൽ സ്റ്റെയിനിന്റെ പരുക്ക് വെല്ലുവിളിയാണ്. എന്നാൽ റബാഡയിലൂടെ തന്നെ ആ വിടവ് നികത്താനാകുമെന്ന് ദക്ഷിണാഫ്രിക്ക പ്രതീക്ഷിക്കുന്നു. കൂട്ടിന് ക്രിസ് മോറിസും എത്തുന്നതോടെ പേസ് നിര ശക്തമാകും. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത സഖ്യം ലോകകപ്പിലും അത് ആവർത്തിക്കുമെന്നും കരുതുന്നു. സ്പിന്നിൽ ഇമ്രാൻ താഹിറിലാണ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ.

ബാറ്റിങ്ങിൽ നായകൻ ഫാഫ് ഡുപ്ലെസിസും ക്വിന്റണ ഡീ കോക്കുമെല്ലാം പ്രതീക്ഷകൾ സജീവമാക്കുന്നുണ്ട്. ഹഷിം അംല, ജെ പി ഡുമിനി എന്നിവരുടെ അവസാന ലോകകപ്പാണിത്, അതറിഞ്ഞ് താരങ്ങളും താളം കണ്ടെത്തിയാൽ ഏത് വലിയ വിജയലക്ഷ്യവും എത്തിപിടിക്കാൻ കെൽപ്പുള്ള ബാറ്റിങ് നിരയാണ് ദക്ഷിണാഫ്രിക്കയുടേതും.

Stay updated with the latest news headlines and all the latest Cricketworldcup news download Indian Express Malayalam App.

Web Title: England vs south africa icc world cup 2019 match preview engvssa