ചെസ്റ്റര്‍ ലേ സ്ട്രീറ്റ്: ന്യൂസിലന്‍ഡിനെതിരെ 119 റണ്‍സിന്റെ തകര്‍പ്പന്‍ വിജയവുമായി ഇംഗ്ലണ്ട്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 306 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലന്‍ഡിന്റെ പോരാട്ടം 186 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ജയത്തോടെ ഇംഗ്ലണ്ട് സെമി ഫൈനലിലേക്ക്. 1992 ന് ശേഷം ഇംഗ്ലണ്ടിന്റ ആദ്യ ലോകകപ്പ് സെമി ഫൈനലാണ് ഇത്.

ന്യൂസിലന്‍ഡ് ബാറ്റിങ് നിരയില്‍ പിടിച്ചു നിന്നത് ടോം ലാഥം മാത്രമാണ്. ലാഥം 57 റണ്‍സ് നേടിയാണ് പുറത്തായത്. നായകന്‍ കെയ്ന്‍ വില്യംസണിന് 27 റണ്‍സ് മാത്രമാണ് നേടാനായത്. മൂന്ന് വിക്കറ്റെടുത്ത മാര്‍ക്ക് വുഡിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ് ബോളര്‍മാരാണ് ജയം അനായാസമാക്കിയത്.

ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോയുടെ സെഞ്ചുറി പ്രകടനമാണ് ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. അതേസമയം, മധ്യനിരയേയും വാലറ്റത്തേയും കൃത്യമായ ഇടവേളകളില്‍ പുറത്താക്കിയ ന്യൂസിലന്‍ഡ് ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്‌കോറിലെത്തുന്നതില്‍ നിന്നും തടയുകയായിരുന്നു.

ഒരിക്കല്‍ കൂടി ജോണി ബെയര്‍സ്‌റ്റോയും ജെയ്‌സണ്‍ റോയിയും ചേര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി ഇംഗ്ലണ്ടിന് നല്‍കിയത് മികച്ച തുടക്കമാണ്. ഇരുവരും ചേര്‍ന്ന് 123 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. റോയി 60 റണ്‍സും ബെയര്‍സ്‌റ്റോ 106 റണ്‍സും നേടി. ബെയര്‍സ്‌റ്റോയുടെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയാണിത്.

പിന്നാലെ വന്നവരില്‍ നായകന്‍ ഇയാന്‍ മോര്‍ഗന് മാത്രമേ കാര്യമായ സംഭവാന നല്‍കാന്‍ സാധിച്ചുള്ളൂ. മോര്‍ഗന്‍ 39 പന്തില്‍ 42 റണ്‍സ് നേടി. ജോ റൂട്ട് 24 റണ്‍സും ബട്‌ലര്‍ 11 റണ്‍സും ബെന്‍ സ്‌റ്റോക്‌സ് 11 റണ്‍സും നേടി പുറത്തായി. ആദില്‍ റഷീദ് 16 ഉം ലിയാം പ്ലങ്കറ്റ് 14 റണ്‍സും കൂട്ടിച്ചേര്‍ത്തു.

രണ്ട് വിക്കറ്റ് വീതം നേടിയ ട്രെന്റ് ബോള്‍ട്ടും മാറ്റ് ഹെന്റിയും ജിമ്മി നീഷവുമാണ് ന്യൂസിലന്‍ഡ് ബോളര്‍മാരില്‍ തിളങ്ങിയത്. സാന്റ്‌നറും ടിം സൗത്തിയും ഓരോ വിക്കറ്റ് വീതം നേടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook