ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ട് ബംഗ്ലാദേശിനെ നേരിടും. ടൂർണമെന്റിലെ രണ്ടാം ജയം തേടിയാണ് ഇരു ടീമുകളും ഇന്നിറങ്ങുന്നത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്ന് മണിക്ക് മത്സരം ആരംഭിക്കും. കാർഡിഫിലെ വെയ്ൽസ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

ആദ്യ മത്സരം ജയിച്ച് തുടങ്ങിയ ഇംഗ്ലണ്ടും ബംഗ്ലാദേശും എന്നാൽ രണ്ടാം മത്സരത്തിൽ പരാജയമറിഞ്ഞിരുന്നു. ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയായിരുന്നു ഇരു ടീമുകളും ലോകകപ്പ് മത്സരങ്ങൾക്ക് തുടക്കം കുറിച്ചത്. ഇംഗ്ലണ്ട് 104 റൺസിനും ബംഗ്ലാദേശ് 21 റൺസിനുമാണ് പ്രൊട്ടിയാസുകളെ വീഴ്ത്തിയത്. എന്നാൽ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ട് പാക്കിസ്ഥാനോട് 14 റൺസിനും ബംഗ്ലാദേശ് ന്യൂസിലൻഡിനോട് രണ്ട് വിക്കറ്റിനുമാണ് പരാജയപ്പെട്ടത്.

Also Read: മഴ കളിച്ചു, കാഴ്ചക്കാരായി പാക്കിസ്ഥാനും ശ്രീലങ്കയും; മത്സരം ഉപേക്ഷിച്ചു

ബാറ്റിങ്ങിലും ബോളിങ്ങിലും ഇംഗ്ലണ്ട് കരുത്ത് കാട്ടിയെങ്കിലും പാക്കിസ്ഥാനോടേറ്റ അപ്രതീക്ഷിത തോൽവി തിരിച്ചടിയാണ്. ബംഗ്ലാദേശാകട്ടെ ന്യൂസിലൻഡിനോട് പരാജയപ്പെട്ടെങ്കിലും ഇനിയും തിരിച്ച് വരവിനുള്ള സാധ്യതകൾ വിരളമല്ല. ഇനിയും വിജയവഴിയിൽ തിരിച്ചെത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ടീം. ആദ്യം ബാറ്റ് ചെയ്യാനായാല്‍ വലിയൊരു സ്കോര്‍ തന്നെ കെട്ടിപ്പടുക്കാന്‍ ഇംഗ്ലണ്ടിന് കഴിയും. അത് തടയുകയാകും ബംഗ്ലാദേശിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത ജോണി ബെയര്‍‌സ്റ്റോയും ജോസ് ബട്ലറും തന്നെയാണ് ടീമിന്റെ പ്രധാന കരുത്ത്. ഒപ്പം നായകന്‍ ഇയാന്‍ മോര്‍ഗണും ഓള്‍റൗണ്ടര്‍മാരായ മൊയിന്‍ അലിയും ബെന്‍ സ്റ്റോക്‌സും എല്ലാം ചേരുന്നതോടെ ഇംഗ്ലണ്ടിനെ പിടിച്ചുകൊട്ടുക അത്ര എളുപ്പമാകില്ല. ബാറ്റിങ്ങിലെ പോലെ ആരേയും പേടിപ്പിക്കുന്ന താരനിര ഇല്ലെന്നതാണ് ഇംഗ്ലണ്ടിന്റെ ബോളിങ് നിരയെ ദുര്‍ബലപ്പെടുത്തുന്നത്. ബെന്‍ സ്റ്റോക്ക്സും ലിയാന്‍ പ്ലങ്കറ്റും മാര്‍ക്ക് വുഡും ഡേവിഡ് വില്ലിയുമാണ് പേസ് നിരയിലുള്ളത്.

കഴിഞ്ഞ കളിയിലെ ടീമില്‍ നി്ന്നും ബംഗ്ലാദേശ് നായകന്‍ മൊര്‍ത്താസ മാറ്റം വരുത്താന്‍ സാധ്യതയില്ല. പ്രത്യേകിച്ച് എല്ലാവരും ഫോമിലേക്ക് ഉയര്‍ന്ന സാഹചര്യത്തില്‍. മുഹമ്മദ് മിഥുന്‍ മൊസാദെക് ഹൊസൈനും കൂടി റണ്‍ കണ്ടത്തേണ്ടതുണ്ടെന്ന് മാത്രം. ഷാക്കിബായിരിക്കും പ്രധാന ആയുധം. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ അപകടം വിതയ്ക്കുന്ന ലോകത്തിലെ നമ്പര്‍ വണ്‍ ഓള്‍ റൗണ്ടര്‍ ബംഗ്ലാദേശിന്റെ മാത്രം അഹങ്കാരമാണ്. മുഷ്ഫിഖൂര്‍ റഹീമും തമീമും മഹമ്മദുള്ളയും കഴിഞ്ഞ കളിയിലെ പ്രകടനം ആവര്‍ത്തിക്കുകയാണെങ്കില്‍ ബംഗ്ലാദേശില്‍ നിന്നും പലതും പ്രതീക്ഷിക്കാം. മുസ്തഫിസൂറും ഫോമിലായത് ടീമിന് പ്ലസ് പോയിന്റാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook