ലണ്ടൻ: ലോകകപ്പ് മത്സരങ്ങൾ പുരോഗമിക്കുമ്പോൾ ഇന്ത്യൻ താരങ്ങളിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിടുന്ന താരം മുൻ നായകൻ എം.എസ്.ധോണിയാണ്. ബാറ്റിങ്ങിലെ താരത്തിന്റെ മെല്ലെപോക്കാണ് ആരാധകരെ ചൊടിപ്പിക്കുന്നത്. തന്റെ 15 വർഷത്തെ കരിയറിനിടയിൽ നിരവധി തവണ ഇത്തരത്തിലുള്ള വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അതിനെല്ലാം താരം ബാറ്റിലൂടെയും മിന്നൽ സ്റ്റംപിങ്ങിലൂടെയും മറുപടി നൽകാറുണ്ട്. എന്നാൽ ഈ ലോകകപ്പിൽ അതിനുള്ള അവസരങ്ങളൊന്നും താരത്തിന് ലഭിച്ചില്ല.

Also Read: ‘അദ്ദേഹം ശ്രമിച്ചിരുന്നു, പറ്റിയില്ല’; ധോണിയെ പിന്തുണച്ച് വിരാട് കോഹ്‌ലി

ഇംഗ്ലണ്ടിനെതിരായ മത്സരത്തോടെ ധോണിക്കെതിരായ വിമർശനങ്ങളുടെ മൂർച്ചയും കൂടി. എത്തിപ്പിടിക്കാമായിരുന്ന ജയം ധോണിയും കേദാറും ചേർന്ന് നഷ്ടപ്പെടുത്തുകയായിരുന്നെന്നാണ് വിമർശകരുടെ വാദം. 31പന്തുകളിൽ നിന്ന് 42 റൺസ് നേടിയ ധോണി അവസാന ഓവറുകളിൽ തകർത്തടിച്ചിരുന്നെങ്കിൽ ഇന്ത്യക്ക് ജയത്തിലെത്താമായിരുന്നെന്നും ഇന്ത്യൻ ആരാധകർ പറയുന്നു. ആരാധകർ മാത്രമല്ല ഇതിഹാസ താരങ്ങൾ ഉൾപ്പടെയുള്ളവർ താരത്തിനെതിരെ പരസ്യമായി രംഗത്തെത്തി.

Also Read: പന്ത് നാലാം നമ്പറില്‍ തന്നെ, മധ്യനിരയില്‍ കേദാര്‍ പുറത്ത്; ബംഗ്ലാദേശിനെതിരെ ഈ താരം എത്തും

ലോകകപ്പിൽ ആറ് മത്സരങ്ങളിൽ നിന്ന് ആകെ 188 റൺസ് മാത്രമാണ് ധോണിക്ക് ഇതുവരെ നേടാനായത്. വിക്കറ്റിന് പിന്നിലും ധോണിയുടെ അവസ്ഥ സമാനമാണ്. ആറ് മത്സരങ്ങളിൽ നിന്ന് ആകെ നാല് വിക്കറ്റുകളുടെ മാത്രം ഭാഗമാകാനേ ധോണിക്ക് സാധിച്ചുള്ളൂ. രണ്ട് ക്യാച്ചും, രണ്ട് സ്റ്റംപിങ്ങും. ഇതാദ്യമായാണ് വിക്കറ്റിന് പിന്നിൽ ധോണി വിമർശിക്കപ്പെടുന്നത്. ഈ ലോകകപ്പിൽ വിക്കറ്റിന് പിന്നിൽ തിളങ്ങുന്നത് ഓസ്ട്രേലിയയുടെ അലക്സ് ക്യാരിയാണ്. 18 വിക്കറ്റുകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു.

Also Read: അവര്‍ ബൗണ്ടറികള്‍ക്ക് ശ്രമിച്ചതാണ്, ചതിച്ചത് ‘സ്ലോ’ പിച്ച്; ധോണിയേയും കേദാറിനേയും പിന്തുണച്ച് രോഹിത്

ആരാധകർ ധോണി റിവ്യൂ സിസ്റ്റം എന്ന് വിളിക്കുന്ന ഡിസിഷൻ റിവ്യൂ സിസ്റ്റത്തിലും ധോണിക്ക് പിഴയ്ക്കുന്നത് കാണേണ്ടി വന്നു ഈ ലോകകപ്പിൽ. ഇംഗ്ലണ്ടിനെതിരായ മത്സരത്തിന്റെ നിർണായക ഘട്ടത്തിൽ ജേസൺ റോയിയെ പുറത്താക്കാൻ ലഭിച്ച അവസരം നഷ്ടപ്പെടുത്തിയത് ധോണിയാണ്. വിക്കറ്റിനായി അപ്പീൽ ചെയ്യേണ്ട ധോണി അത് ചെയ്തില്ലെന്ന് മാത്രമല്ല റിവ്യൂ പോകാനും നിർദേശിച്ചില്ല. പലപ്പോഴും ധോണിയുടെ നിർദേശമനുസരിച്ചായിരുന്നു നായകൻ കോഹ്‌ലി ഡിആർഎസ് വിളിച്ചിരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook