ലണ്ടന്‍: ധോണിയുടെ വിരമിക്കലിനെ കുറിച്ചാണ് ഇന്ത്യന്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത്. ഇന്ത്യ ലോകകപ്പ് നേടുമോ ഇല്ലയോ എന്നത് പോലെ തന്നെ ആരാധകര്‍ക്കിടയില്‍ ആ ചോദ്യത്തിന് പ്രാധാന്യമുണ്ട്. എന്നാല്‍ ഇന്ന് വിക്കറ്റിന് പിന്നിലെ തന്റെ പ്രകടനം കൊണ്ട് ധോണി വിമര്‍ശകരുടെ വായടപ്പിക്കുകയാണ്.

ഒരു സ്റ്റമ്പിങ്ങും മൂന്ന് ക്യാച്ചുമടക്കം ശ്രീലങ്കയുടെ ആദ്യ നാല് വിക്കറ്റുകളിലും ധോണിയുടെ പങ്കുണ്ട്. ഓപ്പണര്‍മാരായ ദിമുത്ത് കരുണരത്‌നെ, കുസാല്‍ പെരേര എന്നിവരെ ജസ്പ്രീത് ബുംറയുടെ പന്തുകളില്‍ ധോണി ക്യാച്ച് ചെയ്താണ് പുറത്താക്കിയത്. പിന്നാലെ ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ അവിഷ്‌ക ഫെര്‍ണാണ്ടോയും ധോണിയുടെ കൈകളിലവസാനിച്ചു.

കുശാല്‍ മെന്‍ഡിസിനെ വ്യക്തിഗത സ്‌കോര്‍ മൂന്നില്‍ നില്‍ക്കേ ധോണി പുറത്താക്കിയത് മിന്നല്‍ സ്റ്റംപിങില്‍. സ്പിന്നര്‍ രവീന്ദ്ര ജഡേജയെ മുന്നോട്ട് കയറി ആക്രമിക്കാന്‍ ശ്രമിച്ച കുശാല്‍ മെന്‍ഡിസിനെ ധോണി അനായാസം സ്റ്റംപ് ചെയ്യുകയായിരുന്നു. ഇതോടെ 11.4 ഓവറില്‍ നാല് വിക്കറ്റിന് 55 റണ്‍സെന്ന നിലയില്‍ ശ്രീലങ്ക തകര്‍ന്നു.

ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ശ്രീലങ്ക 5 വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുത്തിട്ടുണ്ട്. ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പോയിന്റ് പട്ടികയില്‍ സ്ഥാനം ഉറപ്പിക്കുകയാണ് ഇന്ത്യന്‍ ടീമിന്റെ ലക്ഷ്യം.

സെമിയില്‍ ആരൊക്കെയെന്ന കാര്യം വ്യക്തമായെങ്കിലും ലൈന്‍അപ്പ് ആയിട്ടില്ല. ഇന്ന് നടക്കുന്ന ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്ക മത്സരം കൂടി പൂര്‍ത്തിയായാല്‍ മാത്രമേ സെമിലൈനപ്പ് ആകൂ. ആദ്യ മത്സരത്തില്‍ ഇന്ത്യ ജയിക്കുകയും രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയ പരാജയപ്പെടുകയും ചെയ്താല്‍ ന്യൂസിലന്‍ഡായിരിക്കും സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍. ഓസ്‌ട്രേലിയ ജയിച്ചാല്‍ ഇന്ത്യ സെമിയില്‍ ഇംഗ്ലണ്ടിനെ നേരിടും.

ബാറ്റിങ്ങില്‍ മധ്യനിര ഫോം കണ്ടെത്താത്തത് ഇന്ത്യക്ക് പ്രധാന വെല്ലുവിളിയായി തുടരുകയാണ്. സെമിക്ക് മുന്നോടിയായി അവസാനവട്ട മിനുക്ക് പണിക്കുള്ള അവസരം കൂടിയാണ് ഇന്ത്യക്ക് ഇന്നത്തെ മത്സരം. മുന്‍നിര ശക്തമാണ്. ഡെത്ത് ഓവറുകളില്‍ റണ്‍സ് കണ്ടെത്താന്‍ പരാജയപ്പെടുന്നതും തിരിച്ചടിയാണ്. മറുവശത്ത് ബോളിങ്ങില്‍ കുന്തമുനകളായി മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് ഊന്നല്‍ നല്‍കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook