ട്രെന്റ് ബ്രിഡ്ജ്: ബംഗ്ലാദേശിനെ അടിച്ച് തകര്‍ത്ത് ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. ഒരുകൊല്ലം ഓസ്‌ട്രേലിയന്‍ ടീമിന് പുറത്തിരുന്നതിന് ശേഷമുള്ള തിരിച്ചു വരവ് അവിസ്മരണീയമാക്കുകയാണ് വാര്‍ണര്‍. ബംഗ്ലാദേശിനെതിരായ കളിയില്‍ വാര്‍ണര്‍ നേടിയത് തന്റെ 16-ാം ഏകദിന സെഞ്ചുറിയാണ്. ഇതോടൊപ്പം ഈ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറും.

ഏകദിനത്തിലെ തന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറിന് അരികിലെത്തിയ വാര്‍ണര്‍ 147 പന്തുകളില്‍ നിന്നും നേടിയത് 166 റണ്‍സാണ്. 14 ഫോറും അഞ്ച് സിക്‌സുമുള്‍പ്പെടുന്നതാണ് വാര്‍ണറുടെ ഇന്നിങ്‌സ്. വാര്‍ണറും നായകന്‍ ആരോണ്‍ ഫിഞ്ചും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് ഓസ്‌ട്രേലിയയ്ക്ക് നല്‍കിയത്. സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഇരുവരും ബംഗ്ലാ ബോളര്‍മാരെ തല്ലിയൊതുക്കുകയായിരുന്നു. 53 റണ്‍സിലെത്തി നില്‍ക്കെ ഫിഞ്ചിനെ പുറത്താക്കി സൗമ്യ സര്‍ക്കാരാണ് ബംഗ്ലാദേശിന് ആദ്ര ബ്രേക്ക് ത്രൂ നല്‍കിയത്. 121 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്.

എന്നാല്‍ ആ ബ്രേക്ക് ത്രൂ മുതലെടുക്കാന്‍ ഓസ്‌ട്രേലിയയ്ക്ക് സാധിച്ചില്ല. പിന്നാലെ വന്ന ഉസ്മാന്‍ ഖ്വാജയുമൊത്ത് വാര്‍ണര്‍ സ്‌കോര്‍ മുന്നോട്ട് കൊണ്ടു പോയി. വാര്‍ണറും ഖ്വാജയും ചേര്‍ന്ന് 150 ന് മുകളിലാണ് കൂട്ടിചേര്‍ത്തത്. 112 പന്തുകളില്‍ നിന്നും വാര്‍ണര്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. 166 റണ്‍സെടുത്താണ് വാര്‍ണര്‍ മടങ്ങുന്നത്. വിക്കറ്റെടുത്തത് സൗമ്യ സര്‍ക്കാരാണ്.

ലോകകപ്പ് ചരിത്രത്തില്‍ രണ്ട് തവണ 150 ന് മുകളില്‍ സ്‌കോര്‍ ചെയ്ത ആദ്യ താരമായി വാര്‍ണര്‍ മാറി. ഈ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് വാര്‍ണറുടെ 166 റണ്‍സ്. ആരോണ്‍ ഫിഞ്ചും വാര്‍ണറും ചേര്‍ന്ന് നേടിയത് ഈ ലോകകപ്പിലെ അഞ്ചാമത്തെ 50 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ന് ട്രെന്റ് ബ്രിഡ്ജില്‍ പിറന്നത്. മൂന്ന് കൂടുതല്‍ 50 റണ്‍സിന് മുകളില്‍ കൂട്ടുകെട്ടുണ്ടാക്കിയ മറ്റൊരു ജോഡിയില്ല.

ആറ് ടീമുകള്‍ക്കെതിരെ 150 ന് മുകളില്‍ സ്‌കോര്‍ ചെയ്ത ഏകദിന ചരിത്രത്തിലെ ആദ്യ താരമാണ് വാര്‍ണര്‍. ഏറ്റവും വേഗത്തില്‍ 16 സെഞ്ചുറികള്‍ നേടിയവരുടെ പട്ടികയില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയ്‌ക്കൊപ്പമെത്തി വാര്‍ണര്‍. രണ്ടു പേരും 110 ഇന്നിങ്‌സുകളില്‍ നിന്നുമാണ് 16 സെഞ്ചുറി നേടിയത്. ഒന്നാമതുള്ളത് 94 ഇന്നിങ്‌സുകളില്‍ നിന്നും 16 സെഞ്ചുറി നേടിയ ഹാഷിം അംലയാണ്.

ലോകകപ്പില്‍ ഒരു ഓസ്‌ട്രേലിയന്‍ താരത്തിന്റെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറാണ് ഇന്ന് വാര്‍ണര്‍ നേടിയത്. കഴിഞ്ഞ ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ വാര്‍ണര്‍ തന്നെ നേടിയ 178 റണ്‍സാണ് ഒന്നാമത്. രണ്ടാം വിക്കറ്റില്‍ ഉസ്മാന്‍ ഖ്വാജയുമൊത്ത് വാര്‍ണര്‍ നേടിയ 192 റണ്‍സ് ഈ ലോകകപ്പിലെ ഏറ്റവും വലിയ കൂട്ടുകെട്ടാണ്.

ഏകദിനത്തില്‍ ഇത് ആറാം തവണയാണ് വാര്‍ണര്‍ 150 ന് മുകളില്‍ റണ്‍ കണ്ടെത്തുന്നത്. ഈ പട്ടികയില്‍ വാര്‍ണറിന് മുന്നിലുള്ളത് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ മാത്രമാണ്. രോഹിത് ഏഴ് വട്ടം 150 ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook