ടോന്റണ്‍: സ്‌കോര്‍ ബോര്‍ഡില്‍ ഓസ്‌ട്രേലിയ 41 റണ്‍സിന് ജയിച്ചു, എന്ന് കാണുമ്പോള്‍ കരുതുന്ന അത്ര ഈസിയായിരുന്നില്ല അവരുടെ വിജയം. ശക്തമായ പോരാട്ടമാണ് പാക്കിസ്ഥാന്റെ ഭാഗത്തു നിന്നുമുണ്ടായത്. പ്രത്യേകിച്ചും ബോളര്‍മാരില്‍ നിന്നും. ലോകകപ്പിന് തൊട്ട് മുമ്പ് മാത്രം ടീമിലേക്ക് തിരികെ വിളിച്ച മുഹമ്മദ് ആമിറിന്റേയും വഹാബ് റിയാസിന്റേയും തകര്‍പ്പന്‍ പ്രകടനങ്ങളാണ് മത്സരം വാശിയേറിയതാക്കിയത്.

സെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണറാണ് ഓസ്‌ട്രേിലയയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 107 റണ്‍സുമായി വാര്‍ണര്‍ പുറത്തു പോകുമ്പോള്‍ 70 പന്തുകള്‍ ബാക്കിയുണ്ടായിരുന്നു. പ്രതീക്ഷിച്ചതിലും നേരത്തെ പുറത്തായതില്‍ വിഷമമുണ്ടെന്ന് പറഞ്ഞ വാര്‍ണര്‍ ആമിറിന്റെ പ്രകടനത്തെ അഭിനന്ദിക്കുകയും ചെയ്തു. ഓസീസ് ബാറ്റിങ് നിരയെ കീറി മുറിക്കുന്നതായിരുന്നു ആമിറിന്റെ പ്രകടനം. തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ആമിറിന്റേത്. 30 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകളാണ് ആമിര്‍ വീഴ്ത്തിയത്.

പേസും ലൈനും ലെങ്ത്തുമെല്ലാം പെര്‍ഫെക്ടായിരുന്നു എന്നതാണ് ആമിറിന്റെ പ്രകടനത്തെ പ്രശംസനീയമാക്കുന്നത്. ആമിറിന്റെ ലൈനിനേയും ധീരതയേയും വാര്‍ണര്‍ അഭിനന്ദിച്ചു.

”ഞാന്‍ കുറച്ച് പന്തുകള്‍ ബാക്കി വച്ചു. 70 പന്തുകള്‍ ബാക്കിയുള്ളപ്പോള്‍ പുറത്താകുന്നത് സങ്കടമാണ്. 140-0 എന്നത് നല്ലൊരു ഓപ്പണിങ് കൂട്ടുകെട്ടാണ്. പക്ഷെ ആമിര്‍ വളരെ നന്നായി എറിഞ്ഞു. ഇവിടെ ടെസ്റ്റ് ലൈനിലും ലെങ്ത്തിലും എറിയുന്നത് ധീരതയാണ്. അതിനുള്ള പ്രതിഫലം അയാള്‍ക്ക് കിട്ടി.” വാര്‍ണര്‍ പറഞ്ഞു.

വാര്‍ണറുടെയും ഫിഞ്ചിന്റെയും ബാറ്റിങ് പ്രകടനത്തില്‍ മികച്ച സ്‌കോര്‍ കണ്ടെത്തിയ ഓസ്‌ട്രേലിയക്ക് വേണ്ടി പാറ്റ് കമ്മിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കും ചേര്‍ന്ന് പാക്കിസ്ഥാനെ എറിഞ്ഞ് കൂടി വീഴ്ത്തിയതോടെ ടൂര്‍ണമെന്റില്‍ കങ്കാരുപ്പട മൂന്നാം ജയം സ്വന്തമാക്കി. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 308 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ ഇന്നിങ്‌സ് 266 റണ്‍സിന് അവസാനിച്ചു.

വാര്‍ണറുടെ സെഞ്ചുറിയും ഫിഞ്ചിന്റെ അര്‍ധസെഞ്ചുറിയും കൂടിയായതോടെയാണ് പാക്കിസ്ഥാനെതിരെ മികച്ച സ്‌കോറിലേക്ക് ഓസ്‌ട്രേലിയ എത്തിയത്. 49 ഓവറില്‍ പത്ത് വിക്കറ്റ് നഷ്ടത്തിലാണ് 307 റണ്‍സെന്ന സ്‌കോറിലെത്തിയത്. മികച്ച സ്‌കോറിലേക്ക് നീങ്ങിയ ഓസിസിനെ അവസാന ഓവറുകളില്‍ മുഹമ്മദ് ആമിറും സംഘവും പിടിച്ചുകെട്ടുകയായിരുന്നു.

പാക്കിസ്ഥാന് വേണ്ടി മുഹമ്മദ് ആമിര്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. ഷാഹിന്‍ അഫ്രീദി രണ്ടും ഹസന്‍ അലി വഹാബ് റിയാസ് മുഹമ്മദ് ഹഫീസ് എന്നിവര്‍ ഒരോ വിക്കറ്റും സ്വന്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook