ലോകകപ്പിൽ കരുത്തരായ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിക്കുന്നതിൽ നിർണായകമായത് ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ്. ഒന്നാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടുമായി കുതിച്ച് വാർണർ-ഫിഞ്ച് സഖ്യമാണ് ഓസ്ട്രേലിയൻ സ്കോറിങ്ങിന് അടിത്തറയിട്ടത്. ഇരുവരും പുറത്തായതോടെ ഓസ്ട്രേലിയ പരുങ്ങലിൽ ആവുകയായിരുന്നു. ഓസ്ട്രേലിയയെ ബാറ്റിങ്ങിനയച്ച ഇംഗ്ലണ്ട് നായകനെ സമ്മർദ്ധത്തിലാക്കി ബാറ്റ് വീശിയ ഫിഞ്ചും വാർണറും ലോകകപ്പിൽ പുതിയ ചരിത്രവും എഴുതി ചേർത്തു.

ലോകകപ്പിൽ തുടർച്ചയായി അഞ്ച് തവണ അർധസെഞ്ചുറി കൂട്ടുകെട്ട് തികയ്ക്കുന്ന ആദ്യ ഒന്നാം വിക്കറ്റ് സഖ്യമായാണ് വാർണറും ഫിഞ്ചും മാറിയത്. നാല് തവണ തുടർച്ചയായി അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത നാല് കൂട്ടുകെട്ടുകളുടെ റെക്കോർഡാണ് ഇരുവരും മറികടന്നത്.

Also Read: ‘സ്മിത്ത് ചതിച്ചാശാനേ…’; അബദ്ധം പിണഞ്ഞ സ്റ്റോയിനിസിന് നഷ്ടമായത് സ്വന്തം വിക്കറ്റ്

ഈ ലോകകപ്പിൽ വാർണറും ഫിഞ്ചും കൂടി മൂന്നാം തവണയും സെഞ്ചുറി കൂട്ടുകെട്ട് തീർത്ത മത്സരം കൂടിയായിരുന്നു ഇംഗ്ലണ്ടിനെതിരെ നടന്നത്. ഇംഗ്ലണ്ട് ബോളിങ് നിരയെ ശ്രദ്ധപൂർവ്വം നേരിട്ട ഫിഞ്ച് സെഞ്ചുറിയും വാർണർ അർധസെഞ്ചുറിയും സ്വന്തമാക്കി. ഒന്നാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടുമായി മുന്നേറിയ സഖ്യം പൊളിച്ചത് മൊയിൻ അലിയായിരുന്നു. അർധസെഞ്ചുറി നേടിയ വാർണറെ മൊയിൻ അലി ജോ റൂട്ടിന്റെ കൈകളിൽ എത്തിച്ചു. 61 പന്തിൽ 53 റൺസുമായി വാർണർ കളം വിട്ടത്. 116 പന്തുകൾ നേരിട്ട ഫിഞ്ച് 100 റൺസാണ് നേടിയത്. 11 ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ഫിഞ്ചിന്റെ ഇന്നിങ്സ്.

മത്സരത്തിൽ ആരോൺ ഫിഞ്ചിന്റെ സെഞ്ചുറി പ്രകടനത്തിന്റെ മികവിൽ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയ 285 റൺസ് സ്വന്തമാക്കി. നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഓസ്ട്രേലിയ 285 റൺസിലെത്തിയത്. തുടക്കത്തിൽ ലഭിച്ച മികച്ച തുടക്കം അവസാന ഓവറുകളിൽ നിലനിർത്താൻ സാധിക്കാതെ പോയത് ഓസിസിന് തിരിച്ചടിയായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook