ഓവല്‍: ബംഗ്ലാദേശിന്റെ ചരിത്രത്തില്‍ സുവര്‍ണ ലിപികളിലായിരിക്കും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വിജയം എഴുതപ്പെടുക. മഷ്‌റഫെ മൊര്‍ത്താസ നയിക്കുന്ന ബംഗ്ലാദേശ് 21 റണ്‍സുകള്‍ക്കാണ് കരുത്തരായ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. ടോസ് നഷ്‌പ്പെട്ട് ബാറ്റ് ചെയ്യാന്‍ അയക്കപ്പെട്ട ബംഗ്ലാദേശ് 330 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. അവരുടെ ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടോട്ടലായിരുന്നു അത്.

മുഷ്ഫിഖൂര്‍ റഹീമിന്റെ 78 റണ്‍സും ഷാക്കിബ് അല്‍ ഹസന്റെ 75 റണ്‍സുമാണ് സ്‌കോര്‍ കാര്‍ഡില്‍ മുന്നില്‍ നില്‍ക്കുന്നത്. പക്ഷെ സൗമ്യ സര്‍ക്കാരിന്റേയും മഹമ്മദുള്ളയുടേയും വെടിക്കെട്ട് പ്രകടനത്തേയും വിസ്മരിക്കാനാകില്ല. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയെ നേരത്തെ തന്നെ ബംഗ്ലാ ബോളര്‍മാര്‍ പൂട്ടുകയായിരുന്നു.

ഇതോടെ ദക്ഷിണാഫ്രിക്കയെ ലോകകപ്പില്‍ രണ്ട് തവണ ലോകകപ്പില്‍ പരാജയപ്പെടുത്തിയ ആദ്യ ഏഷ്യന്‍ ടീമായി ബംഗ്ലാദേശ് മാറി. 2007 ല്‍ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. അഭിമാനകരമായ വിജയമെന്നായിരുന്നു മത്സരശേഷം നായകന്‍ മഷ്‌റഫെ മൊര്‍ത്താസ പറഞ്ഞത്. മൊര്‍ത്താസയുടെ അവസാന ലോകകപ്പ് കൂടിയാണിത്.

വിജയത്തില്‍ താരങ്ങളുടെ എല്ലാവരുടേയും പ്രകടനത്തെ അഭിനന്ദിച്ച മൊര്‍ത്താസ മൂന്ന് താരങ്ങളെ പ്രത്യേകം അഭിനന്ദിച്ചു. നോമ്പ് എടുത്തായിരുന്നു അവര്‍ കളിച്ചിരുന്നത്. മുഷ്ഫിഖൂര്‍ റഹീം, മഹമ്മദുള്ള, മെഹ്ദി ഹസന്‍ എന്നിവരായിരുന്നു അത്. മത്സരശേഷം നടന്ന പത്രസമ്മേളനത്തിലായിരുന്നു നായകന്‍ താരങ്ങളെ അഭിനന്ദിച്ചത്.

മധ്യനിര നന്നായി പൊകരുത്തരായ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ലോകകപ്പിന് തുടക്കം കുറിച്ചിരിക്കുകയാണ് ബംഗ്ലാദേശ്. തങ്ങളെ കൊച്ചാക്കി കാണരുതെന്ന സന്ദേശം ഒരിക്കല്‍ കൂടി മൊര്‍ത്താസയും സംഘവും ലോകത്തിന് മുന്നില്‍ വിളിച്ചു പറഞ്ഞിരിക്കുന്നു. ലോകകപ്പ് നേടിയില്ലെങ്കിലും പലരുടേയും അന്നം മുടക്കാന്‍ സാധിക്കുന്നവരാണ് ബംഗ്ലാദേശ്, അവരെ ഭയക്കണം. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഇന്ത്യ കഴിഞ്ഞാല്‍ ഏറ്റവും അപകടകാരികള്‍ തങ്ങളാണെന്ന് ബംഗ്ലാദേശ് വീണ്ടും ഓര്‍മ്മിപ്പിക്കുന്നു.

Read More: പുതുചരിത്രം കുറിച്ച് ബംഗ്ലാദേശ്; ഓവലില്‍ ഓര്‍മ്മയായത് ഒരുപിടി റെക്കോര്‍ഡുകള്‍

കൂറ്റന്‍ സ്‌കോറായിരുന്നുവെങ്കിലും ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് അപ്രാപ്യമായിരുന്നില്ല 331 റണ്‍സ്. മികച്ചൊരു തുടക്കമാണ് ക്വിന്റണ്‍ ഡികോക്കും എയ്ഡന്‍ മാക്രമും ചേര്‍ന്ന് നല്‍കിയത്. എന്നാല്‍ ഫോമിലുള്ള ഡികോക്ക് 23 റണ്‍സില്‍ പുറത്തായി. പിന്നാലെ നായകന്‍ ഫാഫ് ഡുപ്ലെസിസ് തന്റെ റോള്‍ ഏറ്റെടുത്ത് ദക്ഷിണാഫ്രിക്കയ്ക്കയെ മുന്നോട്ട് നയിച്ചു. അര്‍ധ സെഞ്ചുറി നേടിയ ഡുപ്ലെസിസ് 53 പന്തില്‍ 62 റണ്‍സാണ് നേടിയത്. അഞ്ച് ഫോറും ഒരു സിക്‌സും ചേര്‍ന്നതായിരുന്നു ഡുപ്ലെസിസിന്റെ ഇന്നിങ്‌സ്. മാര്‍ക്രം 45 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. വെടിക്കെട്ട് താരം ഡേവിഡ് മില്ലറിന് അത്ഭുതങ്ങളൊന്നും സാധിക്കാനായില്ല. 43 പന്തില്‍ 38 റണ്‍സാണ് മില്ലര്‍ നേടിയത്.

പ്രതീക്ഷ പകര്‍ന്ന വാന്‍ ഡര്‍ ഡസെന്‍-ജെപി ഡുമിനി കൂട്ടുകെട്ടിന് അധിക നേരം പിടിച്ചു നില്‍ക്കാനായില്ല. വാന്‍ ഡര്‍ ഡസെന്‍ 41 റണ്‍സും ഡുമിനി 45 റണ്‍സുമാണ് കൂട്ടിച്ചേര്‍ത്ത്. ഇരുവരും പുറത്തായതോടെ പിന്നെ എല്ലാം ചടങ്ങു തീര്‍ക്കല്‍ മാത്രമായി മാറി.

കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകളെടുക്കാന്‍ ബംഗ്ലാദേശ് ബോളിങ് നിരയ്ക്കായി. മൂന്ന് വിക്കറ്റെടുത്ത മുസ്തഫിസൂര്‍ റഹ്മാനാണ് മുന്നില്‍. സെയ്ഫുദ്ദീന്‍ രണ്ട് വിക്കറ്റും ഷാക്കിബ് അല്‍ ഹസനും മെഹ്ദി ഹസനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

തമീം ഇക്ബാലും സൗമ്യ സര്‍ക്കാരും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമായിരുന്നു ബംഗ്ലാദേശിന് നല്‍കിയത്. എന്നാല്‍ 16 റണ്‍സുമായി തമീം പുറത്തായി. പിന്നീട് സൗമ്യയും ഷാക്കിബും ചേര്‍ന്ന് ബംഗ്ലാദേശിനെ മുന്നോട്ട് കൊണ്ടു പോയി. വിക്കറ്റ് കണ്ടെത്താനാകാതെ ദക്ഷിണാഫ്രിക്കന്‍ ബോളര്‍ പാടുപെട്ടു. അര്‍ധ സെഞ്ചുറിക്ക് എട്ട് റണ്‍സ് പിന്നില്‍ സൗമ്യ സര്‍ക്കാര്‍ വീണു. ഒമ്പത് ഫോറും സൗമ്യ അടിച്ചിരുന്നു.

പിന്നീടാണ് നിര്‍ണായകമായ കൂട്ടുകെട്ട് പിറന്നത്. ഷാക്കിബും റഹീമും. ഇരുവരും അര്‍ധ സെഞ്ചുറി നേടി. ഷാക്കിബ് 84 പന്തുകളില്‍ നിന്നും എട്ട് ഫോറും ഒരു സിക്‌സുമടക്കം 75 റണ്‍സാണ് നേടിയത്. റഹീം 80 പന്തില്‍ എട്ട് ഫോറുകളോടെ 78 റണ്‍സ് നേടി. ഷാക്കിബിനെ പുറത്താക്കി ഇമ്രാന്‍ താഹിറാണ് ദക്ഷിണാഫ്രിക്കയ്ക്ക് ജീവവായു നല്‍കിയത്. എന്നാല്‍ അപ്പോഴേക്കും ബംഗ്ലാദേശ് മികച്ചൊരു ടോട്ടല്‍ ഉറപ്പിച്ചു കഴിഞ്ഞിരുന്നു.

അടുത്ത ഊഴം മിഥുനും മഹമ്മദുള്ളയ്ക്കും ഹൊസൈനുമായിരുന്നു. മഹമ്മദുള്ള തകര്‍ത്തടിച്ചു. ഒരു സിക്‌സും മൂന്ന് ഫോറുമടക്കം 33 പന്തില്‍ 46 റണ്‍സുമായി മഹമ്മദുള്ള പുറത്താകാതെ നിന്നു. മിഥുന്‍ 21 റണ്‍സും ഹൊസൈന്‍ 26 റണ്‍സും നേടി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook