നോട്ടിങ്ഹാം: ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിലെ തകര്‍പ്പന്‍ ക്യാച്ചിലൂടെ ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് ക്രിക്കറ്റ് ലോകത്തെ തന്നെ ഞെട്ടിച്ചിരുന്നു. ഇന്ന് ഇംഗ്ലണ്ടിന്റെ രണ്ടാം മത്സരത്തിലുമൊരു മാസ്മരിക ക്യാച്ച് പിറന്നിരിക്കുകയാണ്. പാക് ഓപ്പണര്‍ ഇമാം ഉള്‍ ഹഖിനെ പുറത്താക്കാന്‍ ക്രിസ് വോക്‌സ് എടുത്ത ക്യാച്ചാണ് വൈറലായി മാറിയിരിക്കുന്നത്. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ക്യാച്ചിനുള്ള പുരസ്‌കാരത്തിനായി ഈ ക്യാച്ചും മത്സരിക്കുമെന്നുറപ്പാണ്.

മോയിന്‍ അലിയുടെ പന്തിലായിരുന്നു ആ ക്യാച്ച് പിറന്നത്. ഇമാം അടിച്ചു വിട്ട പന്ത് പിടിക്കാനായി വോക്‌സ് ലോങ് ഓഫില്‍ നിന്നും ഓടിയെത്തുകയായിരുന്നു. ഫുള്‍ ലെങ്ത്തില്‍ ചാടിയാണ് വോക്‌സ് പന്ത് പിടിയിലൊതുക്കിയത്. ഇതോടെ 44 റണ്‍സുമായി ഇമാം പുറത്തായി. ബൗണ്ടറി ലൈനിന് അരികില്‍ വച്ചായിരുന്നു വോക്‌സിന്റെ ക്യാച്ച്. ഇതോടെ പിന്നിലെ ഗ്യാലറിയിലുണ്ടായിരുന്ന പാക് ആരാധകര്‍ താരത്തെ കൂവി. നിലത്തു നിന്നും എഴുന്നേറ്റ വോക്‌സ് തന്റെ ചുണ്ടിനു മുകളില്‍ വിരല്‍ വച്ചു കൊണ്ട് പാക് ആരാധകരോട് മിണ്ടരുതെന്ന് ആംഗ്യം കാണിച്ചു കൊണ്ടാണ് മറുപടി നല്‍കിയത്.

ഇതുകൂടാതെ മൂന്ന് മാസ്മരിക ക്യാച്ചുകള്‍ കൂടി ക്രിസ് വോക്‌സ് ഇന്ന് എടുക്കുകയുണ്ടായി. ബാബര്‍ അസമിനെ പുറത്താക്കാനായിരുന്നു രണ്ടാമത്തെ ക്യാച്ച്. അര്‍ധ സെഞ്ചുറി അടിച്ച് തിളങ്ങി നില്‍ക്കുമ്പോഴാണ് ബാബറിനെ വോക്‌സ് ക്യാച്ചിലൂടെ പുറത്താക്കുന്നത്. ഇത്തവണയും പന്തെറിഞ്ഞത് മോയിന്‍ ്അലിയായിരുന്നു. മൂന്നാം ക്യാച്ച് അപകടകാരിയായ മുഹമ്മദ് ഹഫീസിനെ പുറത്താക്കാനായിരുന്നു. 84 റണ്‍സിലെത്തി നില്‍ക്കെയായിരുന്നു ഹഫീസ് പുറത്താകുന്നത്. 48-ാം ഓവറില്‍ പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദിനേയും വോക്‌സ് ക്യാച്ചിലൂടെ പുറത്താക്കി. സ്വന്തം പന്തില്‍ തന്നെയായിരുന്നു വോക്‌സ് സര്‍ഫ്രാസിനെ ക്യാച്ച് ചെയ്തത്.

ഇന്നത്തെ പ്രകടനത്തോടെ ഒരു ലോകകപ്പ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നേടുന്ന ഔട്ട് ഫീല്‍ഡര്‍ എന്ന റെക്കോര്‍ഡും ക്രിസ് വോക്‌സ് സ്വന്തമാക്കി. ഇന്ത്യയുടെ മുഹമ്മദ് കൈഫ്, ബംഗ്ലാദേശിന്റെ സൗമ്യ സര്‍ക്കാര്‍, പാക്കിസ്ഥാന്റെ ഉമര്‍ അക്മല്‍ എന്നിവരുടെ റെക്കോര്‍ഡിനൊപ്പമാണ് ക്രിസ് വോക്‌സ് എത്തിയത്. കൂടാതെ ഇംഗ്ലണ്ടിനായി ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും വോക്‌സിനെ തേടിയെത്തി. മൂന്ന് പാക്കിസ്ഥാന്‍ വിക്കറ്റുകളും വോക്‌സ് ഇന്ന് വീഴ്ത്തിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook