മാഞ്ചസ്റ്റര്‍: ഇന്ത്യയുടെ പുതിയ ഓറഞ്ച് ജഴ്‌സി കഴിഞ്ഞ ദിവസമാണ് ബിസിസിഐ പുറത്ത് വിട്ടത്. ജഴ്‌സിയെ ചൊല്ലി ആരാധകര്‍ക്കിടയിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയിലും ഭിന്ന അഭിപ്രായം നിലനില്‍ക്കുന്നുണ്ട്. ചിലര്‍ ജഴ്‌സിയെ അനുകൂലിച്ചും മറ്റ് ചിലര്‍ ഇഷ്ടമായില്ലെന്നും പറഞ്ഞപ്പോള്‍ നീക്കത്തിന് പിന്നില്‍ കാവി വത്കരണമാണെന്ന് ആരോപിച്ച് രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയിരുന്നു.

എന്നാല്‍ ജഴ്‌സി തനിക്ക് ഇഷ്ടമായെന്നാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി പറയുന്നത്. പത്തില്‍ എട്ട് മാര്‍ക്ക് കൊടുക്കുന്നതായും വിരാട് പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുമ്പ് നടന്ന പത്രസമ്മേളനത്തിലായിരുന്നു നായകന്റെ പ്രതികരണം.

”എനിക്കിഷ്ടമായി. എട്ട് കൊടുക്കാം. ആത്മാര്‍ത്ഥമായി തന്നെ പറയട്ടെ, എനിക്കിത് ഇഷ്ടമായി. ഒരു കളിക്കല്ലേ. സ്ഥിരമായി പറ്റില്ല. കാരണം, നീലയാണ് നമ്മുടെ നിറം. നീല അണിയുന്നത് അഭിമാനമാണ്. ഒരു മാറ്റത്തിന് ഇത് വളരെ നന്നായി” എന്നായിരുന്നു വിരാടിന്റെ പ്രതികരണം.

ലോകകപ്പില്‍ ഇംഗ്‌ളണ്ടിനെതിരായ മത്സരത്തിന് മുന്നോടിയായി ഇന്ത്യ തങ്ങളുടെ എവേ ജഴ്‌സി അവതരിപ്പിച്ചിരുന്നു. ബിസിസിഐയാണ് ഔദ്യോഗികമായി ഓറഞ്ച് നിറത്തിലുള്ള ഇന്ത്യയുടെ പുതിയ ജഴ്‌സി പുറത്തിറക്കിയത്. ഇതിന് പിന്നാലെ ഇന്ത്യന്‍ താരങ്ങളും എവേ ജഴ്‌സിയില്‍ പ്രത്യക്ഷപ്പെട്ടു. നായകന്‍ വിരാട് കോഹ്ലിയും മുന്‍ നായകന്‍ എം.എസ്.ധോണിയുമെല്ലാം പുത്തന്‍ കുപ്പായത്തില്‍ സമൂഹമാധ്യമങ്ങളിലെത്തി.

ക്രിക്കറ്റ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യ എവേ കിറ്റില്‍ കളിക്കാനിറങ്ങുന്നത്. ലോകകപ്പിലെ ഒന്നിലധികം ടീമുകള്‍ ഒരേ നിറത്തിലുള്ള ജഴ്‌സി അണിഞ്ഞ് കളിക്കുന്നതോടെ എവേ ജഴ്‌സി അണിയാന്‍ ടീമുകളോട് ഐസിസി നിര്‍ദേശിക്കുകയായിരുന്നു.

View this post on Instagram

How many likes for this jersey ? #TeamIndia

A post shared by Team India (@indiancricketteam) on

നിലവിലെ ജഴ്‌സിയിലെ കടും നീല നിറത്തിന് പകരം ഓറഞ്ച് ഉള്‍പ്പെടുത്തിയെന്നത് ഒഴിച്ചാല്‍ പഴയ ജഴ്‌സിയില്‍ നിന്ന് വലിയ മാറ്റമൊന്നും എവേ ജഴ്‌സിയില്‍ വ്യക്തമല്ല. നേരത്തെ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട അതേ ജഴ്‌സി തന്നെയാണ് ബിസിസിഐ ഔദ്യോഗികമായി പുറത്ത് വിട്ടിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിലായിരിക്കും ഇന്ത്യ ഓറഞ്ച് ജഴ്സി അണിയുക.

ലോകകപ്പില്‍ ഇന്ത്യന്‍ ടീം തങ്ങളുടെ പ്രശസ്തമായ നീല ജഴ്സിക്ക് പകരം ഓറഞ്ച് ജഴ്സിയണിയുന്നു എന്ന വാര്‍ത്ത ക്രിക്കറ്റ് ലോകത്ത് ചില്ലറ കോളിളക്കമൊന്നുമല്ല ഉണ്ടാക്കിയത്. നീക്കത്തെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ഓറഞ്ച് ജഴ്സിയണിയുമെന്നായിരുന്നു റിപ്പോര്‍ട്ടുകളെങ്കിലും ഇംഗ്ലണ്ടിനെതിരെ ആയിരിക്കും ഇന്ത്യ എവേ ജഴ്‌സിയില്‍ കളിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook