മാഞ്ചസ്റ്റര്‍: പാക്കിസ്ഥാനെതിരായ മത്സരത്തില്‍ പരുക്കേറ്റ് ഭുവനേശ്വര്‍ കുമാര്‍ അടുത്ത രണ്ടോ മൂന്നോ മത്സരങ്ങളില്‍ കളിക്കില്ല. പാക്കിസ്ഥാനെതിരെ പന്തെറിയുന്നതിനിടെയായിരുന്നു താരത്തിന് പേശിവലിവ് അനുഭവപ്പെട്ടത്. ഇതേതുടര്‍ന്ന് ഭുവി കളിയില്‍ നിന്നും പിന്മാറിയിരുന്നു.

ഭുവനേശ്വര്‍ തങ്ങള്‍ക്ക് ഏറെ പ്രധാനപ്പെട്ട താരമാണെന്നും അതിനാല്‍ താരത്തിന് വിശ്രമം അനുവദിച്ചിരിക്കുകയാണെന്നും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി പറഞ്ഞു. ഭുവിയുടെ പകരക്കാരനായി പേസര്‍ മുഹമ്മദ് ഷമി അടുത്ത മത്സരങ്ങളില്‍ കളിക്കുമെന്നും വിരാട് അറിയിച്ചു. മൈതാനത്തിറങ്ങാന്‍ വെമ്പി നില്‍ക്കുകയാണ് ഷമിയെന്നും വിരാട് പറഞ്ഞു.

പാക്കിസ്ഥാനെതിരെ തന്റെ മൂന്നാം ഓവറിനിടെയാണ് ഭുവിക്ക് പേശി വലിവ് അനുഭവപ്പെടുന്നത്. ഇതോടെ താരത്തെ മൈതാനത്തു നിന്നും പിന്‍വലിച്ചു. വിജയ് ശങ്കറാണ് ഓവര്‍ പൂര്‍ത്തിയാക്കിയത്. ലോകകപ്പിലെ തന്റെ ആദ്യ പന്തില്‍ തന്നെ ഇമാമുള്‍ ഹഖിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ശങ്കര്‍ തിളങ്ങി. ഇതോടെ ചരിത്രത്തില്‍ സ്വന്തം പേരെഴുതി ചേര്‍ക്കുകയും ചെയ്തു വിജയ് ശങ്കര്‍.

ലോകകപ്പില്‍ എറിയുന്ന ആദ്യ പന്തില്‍ തന്നെ വിക്കറ്റെടുക്കുന്ന മൂന്നാമത്തെ മാത്രം ബോളറാണ് ശങ്കര്‍. ബര്‍മുഡയുടെ മലാച്ചി ജോണ്‍സ്, ഓസ്‌ട്രേലിയയുടെ ഇയാന്‍ ഹാര്‍വെ എന്നിവര്‍ മാത്രമാണ് ലോകകപ്പ് അരങ്ങേറ്റത്തില്‍ ആദ്യ പന്തില്‍ തന്നെ വിക്കറ്റെടുത്ത മറ്റ് രണ്ടുപേര്‍. പാക് ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദിന്റെയും വിക്കറ്റെടുത്ത വിജയ് ശങ്കര്‍ 5.2 ഓവറില്‍ 22 റണ്‍സ് വഴങ്ങിയാണ് രണ്ട് വിക്കറ്റെടുത്തത്.

89 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. മഴ രസം കൊല്ലിയായി എത്തിയ മത്സരത്തില്‍ പാക്കിസ്ഥാന്റെ വിജയലക്ഷ്യം 302 റണ്‍സായി പുനര്‍നിര്‍ണയിക്കുകയായിരുന്നു. കളി 40 ഓവറാക്കി വെട്ടിച്ചുരുക്കുകയും ചെയ്തിരുന്നു. എന്നാല്‍ 89 റണ്‍സകലെ പാക്കിസ്ഥാന്‍ ഇന്നിങ്‌സ് അവസാനിച്ചു. സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ കുല്‍ദീപ് യാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍ എന്നിവരാണ് ഇന്ത്യയുടെ വിജയശില്‍പ്പികള്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook