1991 ജൂണ്‍ 4ന് ന്യൂസിലൻഡിലെ ക്രൈസ്റ്റ്‍ചര്‍ച്ചിലാണ് ബെന്‍ സ്റ്റോക്സ് ജനിച്ചത്. എന്നാല്‍ 28 വര്‍ഷത്തിനിപ്പുറം ലോകകപ്പില്‍ ഇംഗ്ലണ്ടിനായി കളിച്ച് ജനിച്ച രാജ്യത്തിന്റെ തോല്‍വിക്ക് പ്രധാന കാരണക്കാരനായിരിക്കുകയാണ് ബെന്‍ സ്റ്റോക്സ്. ബെന്‍ സ്റ്റോക്സിന്റെ 84 റണ്‍സിന്റെ മികവിലാണ് ഇംഗ്ലണ്ട് കിവീസിന്റെ 241 എന്ന സ്കോറിനൊപ്പം എത്തിയത്.
കൂടാതെ അവസാന ഓവറില്‍ മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെ ഏറില്‍ പന്ത് സ്റ്റോക്സിന്റെ ബാറ്റില്‍ തട്ടി ബൗണ്ടറിയിലേക്ക് പാഞ്ഞു. ഇതില്‍ 2 റണ്‍സ് കിട്ടേണ്ടിടത്ത് 6 റണ്‍സാണ് അമ്പയര്‍ ഇംഗ്ലണ്ടിന് നല്‍കിയത്. ലോകകപ്പ് ഫൈനലില്‍ സ്റ്റോക്സ് തന്നെ മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. സൂപ്പര്‍ ഓവറിലും രണ്ട് ടീമുകളും സമനില പാലിച്ചെങ്കിലും കൂടുതല്‍ ബൗണ്ടറി നേടിയെന്ന ആനുകൂല്യത്തിലാണ് ഇംഗ്ലണ്ടിനെ വിജയികളായി തിരഞ്ഞെടുത്തത്.
എന്നാല്‍ മത്സരത്തിന് ശേഷം കിവീസ് ക്യാപ്റ്റന്‍ കെയിന്‍ വില്യംസണിനോട് മാപ്പ് ചോദിച്ചിരിക്കുകയാണ് ബെന്‍ സ്റ്റോക്സ്. അദ്ദേഹം തന്നെയാണ് ഇത് വെളിപ്പെടുത്തിയത്. ‘ആ ആറ് റണ്‍സിന് എന്റെ ജീവിതകാലം മുഴുവന്‍ ഖേദിക്കുമെന്ന് കെയ്ന്‍ വില്യംസണിനോട് ഞാന്‍ പറഞ്ഞു. അങ്ങനെയായിരുന്നില്ല എനിക്ക് സ്കോര്‍ നേടേണ്ടിയിരുന്നത്. അത് അങ്ങനെ സംഭവിച്ച് പോയി. വില്യംസണിനോട് ഞാന്‍ ക്ഷമാപണം നടത്തി,’ സ്റ്റോക്സ് വ്യക്തമാക്കി.
ന്യൂസിലൻഡ് ഉയര്‍ത്തിയ 241 വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 50 ഓവറില്‍ 241 റണ്‍സിന് ഏവരും പുറത്താവുകയായിരുന്നു. അതിന് ശേഷമാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് കടന്നത്. 86 റണ്‍സില്‍ നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് പതറുന്ന ഇംഗ്ലണ്ടിനെ ജോസ് ബട്‌ലറും ബെന്‍ സ്റ്റോക്സും ചേര്‍ന്നാണ് കര കയറ്റിയത്. ഇരുവരും അർധ സെഞ്ചുറികള്‍ നേടി. തുടക്കത്തില്‍ ഭാഗ്യത്തിന്‍റെ കൂടി സഹായത്താല്‍ ബെയര്‍സ്റ്റോ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും ഫെര്‍ഗൂസന്‍ വിലങ്ങുതടിയാവുകയായിരുന്നു.
Read More: വിശ്വകിരീടം ഇല്ലെങ്കിലും വിജയി വില്യംസൺ തന്നെ; ‘മാൻ ഓഫ് ദ സീരിസ്’
നീഷാമിന്‍റെ പന്തില്‍ ഇംഗ്ലണ്ട് നായകന്‍ ഇയോണ്‍ മോര്‍ഗനെ പുറത്താക്കാനായി ഫെര്‍ഗൂസനെടുത്ത ക്യാച്ച് വളരെ മികച്ചതായിരുന്നു. അവസാന ഓവറില്‍ വേണ്ടത് 15 റണ്‍സ്. ബെന്‍ സ്റ്റോക്സ് ക്രീസില്‍. ബോള്‍ട് അവസാന ഓവർ എറിയാനെത്തുന്നു. അവസാനം ഭാഗ്യവും നിര്‍ഭാഗ്യവും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ മത്സരഫലം ടൈ.
സൂപ്പര്‍ ഓവറില്‍ ഇംഗ്ലണ്ട് ആണ് ആദ്യമായി ബാറ്റ് ചെയ്യാനെത്തിയത്. ജോസ് ബട്‌ലറും ബെന്‍ സ്റ്റോക്സും ക്രീസില്‍. ബോള്‍ട് തന്നെയാണ് പന്തെറിയുന്നത്. ഇംഗ്ലണ്ട് 15 റണ്‍സ് അടിച്ചെടുത്തു. ജോഫ്രാ ആര്‍ച്ചറാണ് ന്യൂസിലൻഡിനെതിരെ ബോള്‍ ചെയ്യാനെത്തിയത്. ആവേശകരമായ അവസാന സൂപ്പര്‍ ഓവര്‍. ജിമ്മി നീഷമും മാര്‍ടിന്‍ ഗപ്റ്റിലും ക്രീസില്‍. ന്യൂസിലൻഡും 15 റണ്‍സ് എടുത്തു. പക്ഷെ, ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ നേടിയ ആനുകൂല്യത്തില്‍ ഇംഗ്ലണ്ട് ലോക ചാമ്പ്യന്മാര്‍. ലോക്കി ഫെര്‍ഗുസന്‍, നീഷാം എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഗ്രാന്‍റ്ഹോം, മാറ്റ് ഹെന്റി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.