ഇയാന്‍ മോര്‍ഗനും സംഘവും ഇംഗ്ലണ്ടിന്റെ വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് ലോകകപ്പുയര്‍ത്തിയത് ബെന്‍ സ്റ്റോക്സെന്ന ഓള് റൗണ്ടറുടെ മിന്നും പ്രകടനത്തിന്റെ ബലത്തിലായിരുന്നു. ഫൈനലിലെ താരമായ സ്റ്റോക്സ് തോല്‍വി മുന്നില്‍ കണ്ടിടത്തു നിന്നുമാണ് ടീമിനെ വിശ്വവിജയത്തിലേക്ക് തിരികെ കൊണ്ടു വന്നത്.
എന്നാല്‍ ഇംഗ്ലണ്ട് വിജയം ആഘോഷിക്കുമ്പോള്‍ സ്റ്റോക്സിന്റെ അച്ഛന് അവര്‍ക്കൊപ്പം സന്തോഷിക്കാനാകില്ല. ഇന്ന് ലോകത്തെ ഏറ്റവും വെറുക്കപ്പെട്ട പിതാവാണ് താനെന്നാണ് ബെന്‍ സ്റ്റോക്സിന്റെ പിതാവ് ജെറാര്‍ഡ് സ്റ്റോക്സ് പറയുന്നത്. കാരണം, ഫൈനലില്‍ ഇംഗ്ലണ്ടിന് മുന്നിൽ പൊരുതി വീണ ന്യൂസിലന്‍ഡ് ആണ് അദ്ദേഹത്തിന്റെ നാട്.
അതുകൊണ്ട് തന്നെ ന്യൂസിലന്‍ഡുകാര്‍ക്ക് തന്നോട് ഇപ്പോള്‍ സ്നേഹമില്ലെന്നും അവരുടെ സ്വപ്നം തട്ടിയെടുത്തയാളുടെ പിതാവെന്ന നിലയില്‍ തന്നെയവര്‍ ഇപ്പോള്‍ വെറുക്കുന്നുണ്ടായിരിക്കുമെന്നും ജെറാര്‍ഡ് തമാശയായി പറയുന്നു. അതേസമയം, ബെന്‍ സ്റ്റോക്സിന്റെ പ്രകടനത്തെ അവിശ്വസനീയമെന്നാണ് പിതാവ് വിശേഷിപ്പിച്ചത്.
Read Also: ലോർഡ്സിന്റെ മണ്ണിൽ ഇംഗ്ലണ്ടിന്റെ കിരീടധാരണം; കണ്ണീരണിഞ്ഞ് കിവികൾ
ഇംഗ്ലണ്ട് താരങ്ങളുടെ വേര് തേടിയിറങ്ങിയാല് അവരില്‍ മിക്കവരും ഇംഗ്ലണ്ടുകാരല്ലെന്ന് മനസിലാകും. നായകന് ഇയാന്‍ മോര്ഗന് അയര്‍ലൻഡുകാരനാണ്. ടീമില്‍ ദക്ഷിണാഫ്രിക്കക്കാരനും വെസ്റ്റ് ഇന്ഡീസുകാരനും പാക്കിസ്ഥാന് സ്വദേശിയുമെല്ലാമുണ്ട്. ഫൈനലിലെ താരമായ സ്റ്റോക്സ് ന്യൂസിലന്‍ഡുകാരനാണ്.
ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലാണ് ബെന്‍ സ്റ്റോക്സ് ജനിച്ചത്. 12-ാം വയസിലാണ് സ്റ്റോക്സ് ഇംഗ്ലണ്ടിലേക്ക് എത്തുന്നത്. ബെന്‍ സ്റ്റോക്സിന്റെ പിതാവ് ജെറാര്‍ഡ് സ്റ്റോക്സ് ന്യൂസിലന്‍ഡിനെ റഗ്ബിയില്‍ പ്രതിനിധീകരിച്ചിട്ടുള്ള താരം കൂടിയാണ്.