ഓവല്‍: ഏഷ്യയിലെ ഏറ്റവും അണ്ടര്‍ റേറ്റഡ് ടീമാരെന്ന ചോദ്യത്തിന് ഉത്തരം ബംഗ്ലാദേശ് എന്നാണ്. പാക്കിസ്ഥാനും ശ്രീലങ്കയുമൊക്കെ തങ്ങളുടെ നിഴലിലും ചെറുതാകുമ്പോള്‍ അസാമാന്യ പോരാട്ട വീര്യത്തോടെ ഓരോ മത്സരം കഴിയുന്തോറും കൂടുതല്‍ മെച്ചപ്പെട്ട ടീമായി മാറുകയാണ് ബംഗ്ലാദേശ്. എന്തുകൊണ്ടാണ് തങ്ങളെ എഴുതിതള്ളരുതെന്ന് പറയുന്നതെന്ന് ബംഗ്ലാദേശ് ഇന്ന് ഒരിക്കല്‍ കൂടി കാണിച്ചു തന്നു. ശ്രീലങ്കയും പാക്കിസ്ഥാനും പരാജയപ്പെട്ടിടത്ത് ഈ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറുമായി.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സുമായി ബംഗ്ലാദേശ് ഇന്നിങ്‌സ് അവസാനിച്ചപ്പോള്‍ മാറി മറഞ്ഞത് പല റെക്കോര്‍ഡുകളുമാണ്. ഈ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ആണ് അതിലൊന്ന്. കൂടാതെ ഏകദിനത്തിലെ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന ടോട്ടലും ബംഗ്ലാ കടുവകളിന്ന് കുറിച്ചു. 2015 ല്‍ പാക്കിസ്ഥാനെതിരെ ധാക്കയില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ നേടിയ 329 റണ്‍സിന്റെ റെക്കോര്‍ഡാണ് ഇന്ന് പഴങ്കഥയായത്. ലോകകപ്പിലെ ബംഗ്ലാദേശിന്റെ ഉയര്‍ന്ന സ്‌കോര്‍ 2015 ല്‍ സ്‌കോട്ട്‌ലന്‍ഡിന് എതിരെ നേടിയ 322 റണ്‍സായിരുന്നു.

മൂന്നാം വിക്കറ്റില്‍ മുഷ്ഫിഖൂര്‍ റഹീമും ഷാക്കിബ് അല്‍ ഹസനും ചേര്‍ന്ന് രചിച്ചതും പുതുചരിത്രം. ഇരുവരും ചേര്‍ന്ന നേടിയത് 142 റണ്‍സാണ്. ലോകകപ്പില്‍ ബംഗ്ലാദേശിന്റെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണിത്. ഇതോടെ പഴങ്കഥയായത് 2015 ല്‍ ഇംഗ്ലണ്ടിനെതിരെ അഞ്ചാം വിക്കറ്റില്‍ മഹമ്മദുള്ളയും റഹീമും ചേര്‍ന്ന് നേടിയ 141 റണ്‍സിന്റെ റെക്കോര്‍ഡാണ്.

തമീം ഇക്ബാലും സൗമ്യ സര്‍ക്കാരും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമായിരുന്നു ബംഗ്ലാദേശിന് നല്‍കിയത്. എന്നാല്‍ 16 റണ്‍സുമായി തമീം പുറത്തായി. പിന്നീട് സൗമ്യയും ഷാക്കിബും ചേര്‍ന്ന് ബംഗ്ലാദേശിനെ മുന്നോട്ട് കൊണ്ടു പോയി. വിക്കറ്റ് കണ്ടെത്താനാകാതെ ദക്ഷിണാഫ്രിക്കന്‍ ബോളര്‍ പാടുപെട്ടു. അര്‍ധ സെഞ്ചുറിക്ക് എട്ട് റണ്‍സ് പിന്നില്‍ സൗമ്യ സര്‍ക്കാര്‍ വീണു. ഒമ്പത് ഫോറും സൗമ്യ അടിച്ചിരുന്നു.

പിന്നീടാണ് നിര്‍ണായകമായ കൂട്ടുകെട്ട് പിറന്നത്. ഷാക്കിബും റഹീമും. ഇരുവരും അര്‍ധ സെഞ്ചുറി നേടി. ഷാക്കിബ് 84 പന്തുകളില്‍ നിന്നും എട്ട് ഫോറും ഒരു സിക്‌സുമടക്കം 75 റണ്‍സാണ് നേടിയത്. റഹീം 80 പന്തില്‍ എട്ട് ഫോറുകളോടെ 78 റണ്‍സ് നേടി. ഷാക്കിബിനെ പുറത്താക്കി ഇമ്രാന്‍ താഹിറാണ് ദക്ഷിണാഫ്രിക്കയ്ക്ക് ജീവവായു നല്‍കിയത്. എന്നാല്‍ അപ്പോഴേക്കും ബംഗ്ലാദേശ് മികച്ചൊരു ടോട്ടല്‍ ഉറപ്പിച്ചു കഴിഞ്ഞിരുന്നു.

അടുത്ത ഊഴം മിഥുനും മഹമ്മദുള്ളയ്ക്കും ഹൊസൈനുമായിരുന്നു. മഹമ്മദുള്ള തകര്‍ത്തടിച്ചു. ഒരു സിക്‌സും മൂന്ന് ഫോറുമടക്കം 33 പന്തില്‍ 46 റണ്‍സുമായി മഹമ്മദുള്ള പുറത്താകാതെ നിന്നു. മിഥുന്‍ 21 റണ്‍സും ഹൊസൈന്‍ 26 റണ്‍സും നേടി.

ഇതിനിടെ ലുങ്കി എന്‍ഗിഡിയ്ക്ക് പരുക്കേറ്റതും ദക്ഷിണാഫ്രിക്കയ്ക്കി തിരിച്ചടിയായി. ഇമ്രാന്‍ താഹിര്‍, ക്രിസ് മോറിസ്, ഫെഹ്ലുക്വായോ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം ദക്ഷിണാഫ്രിക്കയ്ക്കായി വീഴ്ത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook